Sorry, you need to enable JavaScript to visit this website.

പന്നൂനെ കൊല്ലാനും ഇന്ത്യന്‍ ഗൂഢാലോചന; യു എസ് പരാജയപ്പെടുത്തി മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍- യു. എസില്‍ കഴിയുന്ന സിഖ് തീവ്രവാദിയെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ ഗൂഢാലോചനയെന്നും അതിനെ അമേരിക്ക പരാജയപ്പെടുത്തിയതായും റിപ്പോര്‍ട്ട്. ഇന്ത്യക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാറും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന മുന്നറിയിപ്പാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയത്. 

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി കാനഡ രംഗത്തു വന്നതിനു പിന്നാലെയാണ് യു. എസും ഇതേ തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. 

നിരോധിത സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അടുത്തിടെ സിഖുകാരോട് നവംബര്‍ 19ന് ശേഷം എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരുടെ ജീവന് ഭീഷണിയുണ്ടാകാമെന്നതായിരുന്നു കാരണം. 

ജൂണില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തതിന് ശേഷം അമേരിക്ക ഇക്കാര്യത്തില്‍ ഇന്ത്യയോട് പ്രതിഷേധം അറിയിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്ക് ജില്ലാ കോടതിയില്‍ ഒരാള്‍ക്കെതിരെ സീല്‍ ചെയ്ത കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.

Latest News