ബ്രസീലിന് ഹാട്രിക് തോല്‍വി, മാരക്കാനായില്‍ അര്‍ജന്റീന ജയം

റിയോഡിജനീറോ - മാരക്കാനായിലെ ഐതിഹാസിക കളിക്കളത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയില്‍ നിന്ന് ബ്രസീലിന് കനത്ത തിരിച്ചടി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാര്‍ വിജയിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ മത്സരമാണ് ബ്രസീല്‍ തോല്‍ക്കുന്നത്. കഴിഞ്ഞ കളികളില്‍ ഉറുഗ്വായോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അര്‍ജന്റീനയും ലോകകപ്പ് നേടിയ ശേഷം ആദ്യമായി കഴിഞ്ഞ കളിയില്‍ ഉറുഗ്വായ്ക്കു മുന്നില്‍ കീഴടങ്ങിയിരുന്നു. അറുപത്തിമൂന്നാം മിനിറ്റില്‍ നിക്കൊളാസ് ഓടാമെന്‍ഡി നേടിയ ഗോളിലാണ് അര്‍ജന്റീന ജയിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരത്തില്‍ ബ്രസീല്‍ ആദ്യമായാണ് തോല്‍ക്കുന്നത് 81ാം മിനിറ്റില്‍ ന്യൂകാസില്‍ താരം ജോലിന്റന്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ബ്രസീലിന്റെ തിരിച്ചുവരവ് പ്രയാസകരമാക്കി. 
കഴിഞ്ഞ കളികളില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും തോല്‍പിച്ച ഉറുഗ്വായ് മറുപടിയില്ലാത്ത മൂന്നു ഗോളിന് ബൊളീവിയയെ കീഴടക്കി രണ്ടാം സ്ഥാനം ഭദ്രമാക്കി. കൊളംബിയ 1-0 ന് പാരഗ്വായെ തോല്‍പിച്ചു. ഇക്വഡോര്‍ 1-0 ന് ചിലിയെയും പെറു അതേ മാര്‍ജിന് വെനിസ്വേലയെയും കീഴടക്കി. 

മാരക്കാനായില്‍ കൈയാങ്കളി
ഇരുവിഭാഗം കാണികള്‍ തമ്മില്‍ ഗാലറിയില്‍ കൈയാങ്കളി അരങ്ങേറിയതിനെത്തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-അര്‍ജന്റീന മത്സരം അര മണിക്കൂറോളം വൈകി. ഐതിഹാസികമായ മാരക്കാനാ സ്‌റ്റേഡിയത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന മത്സരത്തിനായി അണിനിരന്നപ്പോഴാണ് കൈയാങ്കളി രൂക്ഷമായത്. തുടര്‍ന്ന് അവര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. 27 മിനിറ്റിനു ശേഷമാണ് കളി പുനരാരംഭിച്ചത്. അര മണിക്കൂര്‍ ശേഷിക്കെ നിക്കൊളാസ് ഓടാമെന്‍ഡിയുടെ ഗോളില്‍ അര്‍ജന്റീന മുന്നിലാണ് 
അര്‍ജന്റീന കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്ന വഴിയില്‍ ഗാലറിയിലെ അര്‍ജന്റീന ആരാധകരോട് ശാന്തരാവാന്‍ ആവശ്യപ്പെടുകയും പോലീസിനോട് ഇടപെടാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇരിപ്പിടങ്ങള്‍ വലിച്ചെടുത്ത് എറിഞ്ഞതിനാല്‍ ഒരു ഗോള്‍പോസ്റ്റിന് പിന്‍ഭാഗത്തായി ഇരുന്ന കാണികളില്‍ പലര്‍ക്കും പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്. ചോരയൊലിച്ച ഒരാളെ പുറത്തേക്കു കൊണ്ടുപോയി. ഗാലറി ശാന്തമായാലേ തിരിച്ചുവരൂ എന്ന് അര്‍ജന്റീന കളിക്കാര്‍ ഒഫിഷ്യലുകളെ അറിയിച്ചു. 
22 മിനിറ്റിനു ശേഷം തിരിച്ചെത്തിയ അര്‍ജന്റീന കളിക്കാര്‍ വീണ്ടും വാംഅപ് ചെയ്ത ശേഷമാണ് കളിയാരംഭിച്ചത്. കളിയാരംഭിച്ചതോടെ അര്‍ജന്റീന ആരാധകര്‍ക്കു ചുറ്റും പോലീസ് വലയം തീര്‍ക്കുകയും ഗ്രൗണ്ടില്‍നിന്ന് അവര്‍ക്കു നേരെ നിരീക്ഷണം പാലിക്കാന്‍ കൂടുതല്‍ സേന എത്തുകയും ചെയ്തു. 
മാരക്കാനായിലെ 69,000 ടിക്കറ്റും വിറ്റഴിഞ്ഞിരുന്നു. ബ്രസീല്‍ ആരാധകര്‍ മെസ്സിയെ പരിഹസിക്കുകയും കൂവി വിളിക്കുകയും ചെയ്തു. അര്‍ജന്റീന കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെങ്കിലും ബ്രസീല്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ വാംഅപ് തുടര്‍ന്നു. കൈയാങ്കളിക്ക് മുമ്പ് നിരവധി ബ്രസീല്‍ ആരാധകര്‍ മെസ്സിയുടെ ബാഴ്‌സലോണ, ഇന്റര്‍ മയാമി ജഴ്‌സി ധരിക്കുകയും മെസ്സിയെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.
 

Latest News