അമ്മാന്‍ - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ജി-യില്‍ സൗദി അറേബ്യ ജോര്‍ദാനെ 2-0 ന് തോല്‍പിച്ചു. സാലിഹ് അല്‍ശെഹരിയാണ് രണ്ടു ഗോളുമടിച്ചത്. ഒമ്പതാം മിനിറ്റിലും എണ്‍പതാം മിനിറ്റിലും. അല്‍അഹലി സ്‌ട്രൈക്കര്‍ ഫിറാസ് അല്‍ബുറയ്ഖാനു പകരമാണ് അല്‍ഹിലാലിന്റെ അല്‍ശഹരിയെ കോച്ച് റോബര്‍ടൊ മാഞ്ചീനി കളിപ്പിച്ചത്. ആദ്യ പകുതിയില്‍ നിസാര്‍ അല്‍റഷ്ദാന്റെ ഷോട്ട സൗദി ഡിഫന്റര്‍ ഔന്‍ അല്‍സലൂലി കൈ കൊണ്ടാണ് തടുത്തതെന്നു പറഞ്ഞ് ജോര്‍ദാന്‍ പെനാല്‍ട്ടിക്കായി വാദിച്ചെങ്കിലും റഫറി കുലുങ്ങിയില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാനെ 6-1 ന് താജിക്കിസ്ഥാന്‍ തകര്‍ത്തു. ആദ്യ കളിയില്‍ പാക്കിസ്ഥാന്‍ സൗദിഅറേബ്യയോട് 0-4 ന് തോറ്റിരുന്നു.
ജിദ്ദ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന ഹോം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ മറുപടിയില്ലാത്ത നാലു ഗോളിന് കുവൈത്തിനോട് തോറ്റു. ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യ മറുപടിയില്ലാത്ത മൂന്നു ഗോളിന് പൊരുതിത്തോറ്റു. ആദ്യ മത്സരത്തില്‍ കുവൈത്തിനെ എവേ മത്സരത്തില്‍ 1-0 ന് ഇന്ത്യ കീഴടക്കിയിരുന്നു. അഫ്ഗാനിസ്ഥാനെ 4-0 ന് തോല്‍പിച്ചതോടെ കുവൈത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.
ജിദ്ദ പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ഹോം മത്സരത്തില്‍ സിറിയ മറുപടിയില്ലാത്ത അഞ്ചു ഗോളിന് ജപ്പാനോട് തോറ്റു. അയാസെ ഉയേദ രണ്ടു ഗോള്‍ നേടി.
മ്യാന്മറിനെ വടക്കന്‍ കൊറിയ 6-1 ന് തോല്‍പിച്ചു. ഇറാഖ് 1-0 ന് വിയറ്റ്‌നാമിനെ തോല്‍പിച്ചപ്പോള്‍ ഇറാനെ 2-2 ന് ഉസ്‌ബെക്കിസ്ഥാന്‍ തളച്ചു. ഇറാഖിനു വേണ്ടി ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ പകരക്കാരന്‍ മുഹന്നദ് അലിയാണ് സ്‌കോര്‍ ചെയ്തത്. ഇറാന്‍ രണ്ട് ഗോള്‍ ലീഡ് പാഴാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നിന്റെ ഇരട്ട ഗോളില്‍ തെക്കന്‍ കൊറിയ 3-0 ന് ചൈനയെ തകര്‍ത്തു. ആദ്യ ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. സോനിന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍. ഒമാനെ 1-0 ന് കിര്‍ഗിസ്ഥാനും ഫലസ്തീനെ അതേ മാര്‍ജിന് ഓസ്‌ട്രേലിയയും തോല്‍പിച്ചു.
ഭുവനേശ്വറില്‍ ആദ്യ ഹോം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. രണ്ടാം മിനിറ്റില്‍ ആദ്യ അവസരം സൃഷ്ടിക്കുകയും നാലാം മിനിറ്റില്‍ ആദ്യ ഗോളടിക്കുകയും ചെയ്ത് ഖത്തര്‍ കളിയുടെ കടിഞ്ഞാണേറ്റെടുത്തു. നിറഞ്ഞ ഗാലറിക്കു മുന്നില്‍ പ്രതിരോധ ശൈലിയാണ് ഇന്ത്യ പുറത്തെടുത്തത്. നാലാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് മുസ്തഫ മിഷാല്‍ ഖത്തറിന് ലീഡ് സമ്മാനിച്ചു. അമരീന്ദര്‍ സിംഗ മികച്ച പ്രകടനം നടത്തിയതിനാലാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വീഴാതിരുന്നത്. അപൂര്‍വമായേ ഇന്ത്യക്ക് എതിര്‍ പകുതിയില്‍ പന്തെത്തിക്കാനായുള്ളൂ. ആദ്യ പകുതിയുടെ അവസാന വേളയിലാണ് ഇന്ത്യ താളം കണ്ടത്.
ഖത്തര്‍ ലീഡുയര്‍ത്തുന്നതു കണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. അഹമദ് അഫീഫിന്റെ ഷോട്ട് ഗോളി രക്ഷച്ചെങ്കിലും ചാടി വീണ അല്‍മുഇസ് അലിക്ക് പിഴച്ചില്ല.
63ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍സമദ് പകരക്കാരനായിറങ്ങുകയും രണ്ടു മിനിറ്റിനകം സഹലിന്റെ ഷോട്ട് ഖത്തര്‍ ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്തു. ആറ് മിനിറ്റ് ശേഷിക്കെ കെ.പി. രാഹുലിനെയും ഇന്ത്യ കളത്തിലിറക്കിയെങ്കിലും ഖത്തറാണ് ഗോളടിച്ചത്. 86ാം മിനിറ്റില്‍ യുസഫ് അബ്ദുറസാഖ് അവരുടെ മൂന്നാം ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് എ-യില്‍ ഖത്തറിന് ആറ് പോയന്റായി.






