ബ്രസീല്‍ ഗാലറിയില്‍ കൈയാങ്കളി, അര്‍ജന്റീന മുന്നില്‍

ഗാലറിയില്‍ കൈയാങ്കളി,
ബ്രസീല്‍xഅര്‍ജന്റീന കളി വൈകി

റിയോഡിജനീറോ - ഇരുവിഭാഗം കാണികള്‍ തമ്മില്‍ ഗാലറിയില്‍ കൈയാങ്കളി അരങ്ങേറിയതിനെത്തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-അര്‍ജന്റീന മത്സരം അര മണിക്കൂറോളം വൈകി. ഐതിഹാസികമായ മാരക്കാനാ സ്‌റ്റേഡിയത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന മത്സരത്തിനായി അണിനിരന്നപ്പോഴാണ് കൈയാങ്കളി രൂക്ഷമായത്. തുടര്‍ന്ന് അവര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. 27 മിനിറ്റിനു ശേഷമാണ് കളി പുനരാരംഭിച്ചത്. അര മണിക്കൂര്‍ ശേഷിക്കെ നിക്കൊളാസ് ഓടാമെന്‍ഡിയുടെ ഗോളില്‍ അര്‍ജന്റീന മുന്നിലാണ് 
അര്‍ജന്റീന കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്ന വഴിയില്‍ ഗാലറിയിലെ അര്‍ജന്റീന ആരാധകരോട് ശാന്തരാവാന്‍ ആവശ്യപ്പെടുകയും പോലീസിനോട് ഇടപെടാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇരിപ്പിടങ്ങള്‍ വലിച്ചെടുത്ത് എറിഞ്ഞതിനാല്‍ ഒരു ഗോള്‍പോസ്റ്റിന് പിന്‍ഭാഗത്തായി ഇരുന്ന കാണികളില്‍ പലര്‍ക്കും പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്. ചോരയൊലിച്ച ഒരാളെ പുറത്തേക്കു കൊണ്ടുപോയി. ഗാലറി ശാന്തമായാലേ തിരിച്ചുവരൂ എന്ന് അര്‍ജന്റീന കളിക്കാര്‍ ഒഫിഷ്യലുകളെ അറിയിച്ചു. 
22 മിനിറ്റിനു ശേഷം തിരിച്ചെത്തിയ അര്‍ജന്റീന കളിക്കാര്‍ വീണ്ടും വാംഅപ് ചെയ്ത ശേഷമാണ് കളിയാരംഭിച്ചത്. കളിയാരംഭിച്ചതോടെ അര്‍ജന്റീന ആരാധകര്‍ക്കു ചുറ്റും പോലീസ് വലയം തീര്‍ക്കുകയും ഗ്രൗണ്ടില്‍നിന്ന് അവര്‍ക്കു നേരെ നിരീക്ഷണം പാലിക്കാന്‍ കൂടുതല്‍ സേന എത്തുകയും ചെയ്തു. 
മാരക്കാനായിലെ 69,000 ടിക്കറ്റും വിറ്റഴിഞ്ഞിരുന്നു. ബ്രസീല്‍ ആരാധകര്‍ മെസ്സിയെ പരിഹസിക്കുകയും കൂവി വിളിക്കുകയും ചെയ്തു. അര്‍ജന്റീന കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെങ്കിലും ബ്രസീല്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ വാംഅപ് തുടര്‍ന്നു. കൈയാങ്കളിക്ക് മുമ്പ് നിരവധി ബ്രസീല്‍ ആരാധകര്‍ മെസ്സിയുടെ ബാഴ്‌സലോണ, ഇന്റര്‍ മയാമി ജഴ്‌സി ധരിക്കുകയും മെസ്സിയെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. 
 

 

Latest News