ദുബായ് - ഓവറുകള്‍ക്കിടയില്‍ ടീമുകള്‍ സമയം പാഴാക്കുന്നത് ഒഴിവാക്കാന്‍ ഐ.സി.സി സ്റ്റോപ് ക്ലോക്കിന്റെ വടിയെടുക്കുന്നു. ഒരു മിനിറ്റാണ് ഓവറുകള്‍ക്കിടയില്‍ അനുവദിക്കുക. മൂന്നു തവണ ഈ സമയപരിധി ബൗളിംഗ് ടീം ലംഘിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിക്കും. ഡിസംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ പരീക്ഷണാര്‍ഥം പുരുഷ ഏകദിനങ്ങളിലും ട്വന്റി20യിലുമാണ് ഇത് നടപ്പാക്കുക.
2022 ല്‍ ബൗളിംഗ് വേഗത്തിലാക്കാന്‍ നടത്തിയ പരീക്ഷണം വിജയമല്ലെന്നു കണ്ടാണ് പുതിയ രീതി നടപ്പാക്കുന്നത്. നിലവില്‍ നിശ്ചിത സമയത്ത് അവസാന ഓവര്‍ ആരംഭിച്ചില്ലെങ്കില്‍ 30 വാര സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡര്‍ കുറവേ അനുവദിക്കൂ. കൂടാതെ പിഴത്തുകയും ഈടാക്കാറുണ്ട്.
ടെന്നിസില്‍ സെര്‍വ് വേഗത്തിലാക്കാന്‍ സ്റ്റോപ്പ് ക്ലോക്ക് നിലവിലുണ്ട്. 25 സെക്കന്റാണ് സെര്‍വ് ചെയ്യാന്‍ അനുവദിക്കുന്നത്.






