ഭുവനേശ്വര്‍ - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ഹോം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യ മറുപടിയില്ലാത്ത മൂന്നു ഗോളിന് പൊരുതിത്തോറ്റു. ആദ്യ മത്സരത്തില്‍ കുവൈത്തിനെ എവേ മത്സരത്തില്‍ 1-0 ന് ഇന്ത്യ കീഴടക്കിയിരുന്നു.
രണ്ടാം മിനിറ്റില്‍ ആദ്യ അവസരം സൃഷ്ടിക്കുകയും നാലാം മിനിറ്റില്‍ ആദ്യ ഗോളടിക്കുകയും ചെയ്ത് ഖത്തര്‍ കളിയുടെ കടിഞ്ഞാണേറ്റെടുത്തു. നിറഞ്ഞ ഗാലറിക്കു മുന്നില്‍ പ്രതിരോധ ശൈലിയാണ് ഇന്ത്യ പുറത്തെടുത്തത്. നാലാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് മുസ്തഫ മിഷാല്‍ ഖത്തറിന് ലീഡ് സമ്മാനിച്ചു. അമരീന്ദര്‍ സിംഗ മികച്ച പ്രകടനം നടത്തിയതിനാലാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വീഴാതിരുന്നത്. അപൂര്‍വമായേ ഇന്ത്യക്ക് എതിര്‍ പകുതിയില്‍ പന്തെത്തിക്കാനായുള്ളൂ. ആദ്യ പകുതിയുടെ അവസാന വേളയിലാണ് ഇന്ത്യ താളം കണ്ടത്.
ഖത്തര്‍ ലീഡുയര്‍ത്തുന്നതു കണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. അഹമദ് അഫീഫിന്റെ ഷോട്ട് ഗോളി രക്ഷച്ചെങ്കിലും ചാടി വീണ അല്‍മുഇസ് അലിക്ക് പിഴച്ചില്ല.
63ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍സമദ് പകരക്കാരനായിറങ്ങുകയും രണ്ടു മിനിറ്റിനകം സഹലിന്റെ ഷോട്ട് ഖത്തര്‍ ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്തു. ആറ് മിനിറ്റ് ശേഷിക്കെ കെ.പി. രാഹുലിനെയും ഇന്ത്യ കളത്തിലിറക്കിയെങ്കിലും ഖത്തറാണ് ഗോളടിച്ചത്. 86ാം മിനിറ്റില്‍ യുസഫ് അബ്ദുറസാഖ് അവരുടെ മൂന്നാം ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് എ-യില്‍ ഖത്തറിന് ആറ് പോയന്റായി.