Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗള്‍ഫുകാരന് പെണ്ണുണ്ട്, വിദ്യ വെളിപ്പെടുത്തി മല്‍ബു

ഗള്‍ഫുകാര്‍ക്ക് പെണ്ണു കിട്ടാനില്ലെന്ന ലുങ്കി ന്യൂസ് ഉള്ളതാണെന്ന് പലരും വിശ്വസിക്കുന്ന സമയത്താണ് മല്‍ബു പെണ്ണും കെട്ടി പാട്ടും പാടി തിരിച്ചുവന്നിരിക്കുന്നത്. ഫ് ളാറ്റിലുള്ളവരുടെ കൂട്ടത്തില്‍ ഈയടുത്തായി നാട്ടില്‍പോയി വിചാരിച്ച കാര്യങ്ങളെല്ലാംം ഭംഗിയായും കൃത്യമായും നിര്‍വഹിക്കാന്‍ സാധിച്ചത് മല്‍ബുവിന് മാത്രമാണ്. അതുകൊണ്ടു തന്നെ മല്‍ബുവിന്റെ കാര്യം അത്ഭുതമാണെന്നാണ് എല്ലാവരും പറയുന്നത്. മറ്റുപലരുടേയും കാര്യത്തില്‍ സദുദ്ദേശം സര്‍വശക്തന്‍ സഫലമാക്കട്ടെയെന്ന പ്രാര്‍ഥന വിഫലമായി. പ്രാര്‍ഥനകള്‍ വിഫലമാകുമ്പോള്‍ അതിനു പിന്നില്‍ വേറെ എന്തെങ്കിലും നന്മ ഒളിഞ്ഞുകിടപ്പുണ്ടാകുമെന്നാണ് മല്‍ബു മാത്രമല്ല, എല്ലാവരും ആശ്വസിപ്പിക്കാറുള്ളത്.
എന്നാലും ഇത്ര പ്ലാനിംഗോടെ മല്‍ബു എങ്ങനെ കാര്യങ്ങള്‍ നടത്തുന്നു എന്നിടത്താണ് അത്ഭുതം. പെണ്ണുകെട്ടിയ ശേഷം മല്‍ബു പാട്ടുപാടിയെന്നത് വെറും പറച്ചിലല്ല. കല്യാണ ദിവസം സ്റ്റേജില്‍ കയറി മല്‍ബു പാടിയ പാട്ട് വാട്‌സ്ആപ്പില്‍ വൈറലാണ്. അന്നം തേടി നാടുവിടുന്നതിനു മുമ്പ് മല്‍ബു നല്ലൊരു പാട്ടുകാരനായിരുന്നുവെന്ന കാര്യം അറിയാവുന്നവര്‍ക്ക് ഇതില്‍ ഒട്ടും അത്ഭുതമില്ല. പ്രവാസത്തില്‍ മല്‍ബുവിന്റെ പാട്ട് തള്ളപ്പെട്ടത് മറ്റുള്ളവരുടെ തള്ളിച്ച മൂലമാണ്. വാരാന്ത്യങ്ങളില്‍ പുലരും വരെ പാട്ടുപാടുന്നവര്‍ നഗരത്തിലുണ്ടെങ്കിലും മല്‍ബു അതിനൊന്നും പോയില്ല.
സെല്‍ഫ് മാര്‍ക്കറ്റിംഗ് നടത്താത്തതാണ് മല്‍ബുവിന്റെ പാട്ടു പോലെ തന്നെ പലരുടേയും പരാജയത്തിന് കാരണം. തന്നെപ്പൊക്കികള്‍ക്കു മാത്രമാണ് പ്രവാസത്തിലും സ്ഥാനം.
പെണ്ണു കെട്ടിയതിനും പാട്ട് വൈറലായതിനും ചെലവ് വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ മല്‍ബുവിന് മുന്നിലുള്ളത്. കാണുന്നവരൊക്കെ പറയുന്നത് ഇതു തന്നെ. ചിലര്‍ പാര്‍ട്ടി നടത്തേണ്ട ഹോട്ടലിന്റെ പേരും എത്ര ബജറ്റ് വരുമെന്നു കൂടി ഉണര്‍ത്തുന്നുണ്ട്.
അല്ലെങ്കിലും പ്രവാസികളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മറ്റുള്ളവരാണല്ലോ? ചെലവ്, ചെലവ് എന്ന് ചുറ്റുമുള്ളവരൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ മല്‍ബുവിനും താന്‍ ചെലവ് ചെയ്യണമല്ലോ എന്നു തോന്നി തുടങ്ങിയിട്ടുണ്ട്. അവസാനം ശമ്പളം കിട്ടിയാല്‍ ആകാമെന്ന തീരുമാനത്തിലെത്തിയിരിക്കയാണ്.
എപ്പോള്‍ ശമ്പളം കിട്ടുമെന്ന ചോദ്യം മറ്റു പലരുടേയും കാര്യത്തില്‍ പ്രസക്തമാണെങ്കിലും മല്‍ബവിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഫഌറ്റില്‍ സമയത്ത് ശമ്പളം കിട്ടുന്ന അപൂര്‍വമാളുകളില്‍ ഒരാളാണ് മല്‍ബു. മറ്റു പലര്‍ക്കും അഞ്ചും ആറും മാസത്തെ ശമ്പളം കുടിശ്ശികയാണ്.
അങ്ങനെയിരിക്കെയാണ് മല്‍ബൂ, നിങ്ങള്‍ പാര്‍ട്ടി നടത്തരുതെന്ന ആവശ്യവുമായി ഒരാള്‍ കയറി വന്നത്. സഹമുറിയന്‍ തന്നെയാണ്.
സീരിയസായിട്ടാണ് പറയുന്നത്, നിങ്ങള്‍ പാര്‍ട്ടി നടത്താനേ പാടില്ല.
പെണ്ണു കിട്ടാതെ വട്ടായവനാണ്... പാവം. കല്യാണം നടത്താനായി കുറിവെച്ച പണവുമായി രണ്ടു തവണ നാട്ടില്‍ പോയിട്ടും ബാച്ചിലറായി തന്നെ മടങ്ങേണ്ടി വന്ന ഹതഭാഗ്യന്‍. കോളേജിനു മുന്നില്‍ പോയും ബ്രോക്കര്‍മാര്‍ വഴിയും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയമായിരുന്നു.
ഗള്‍ഫുകാര്‍ക്ക് പെണ്ണുകിട്ടില്ലെന്ന ലുങ്കി ന്യൂസില്‍ വിശ്വസിക്കുന്നവര്‍ക്കായി മികച്ച ഉദാഹരണം. അന്വേഷിച്ചു പോയ പെണ്‍കുട്ടികളൊക്കെ ഒന്നുകില്‍ ബുക്ക്ഡ്, അല്ലെങ്കില്‍ ഗള്‍ഫുകരാനെ വേണ്ട.
പണ്ടൊക്കെ ഗള്‍ഫുകാരന് വിവാഹ മാര്‍ക്കറ്റില്‍ എന്തൊരു ഡിമാന്റായിരുന്നു. വലിയ പെട്ടികളുമായി കാറില്‍ എത്തേണ്ട താമസം കാണാന്‍ ആളുകള്‍ ക്യൂ നില്‍ക്കും. അതൊക്കെ ഒരു കാലം. ഇപ്പോള്‍ പെണ്‍കുട്ടികള്‍ പ്രഖ്യാപിക്കും. പഠിപ്പും ജോലിയുമുള്ള നാടന്‍ ചെക്കനെ മതി.
ഗള്‍ഫുകാര്‍ ഉസ്‌ബെക്ക്, ഇന്തോനേഷ്യന്‍ പെണ്‍കുട്ടികളെ കെട്ടിത്തുടങ്ങിയെങ്കിലും അധികൃതര്‍ ഇതുവരെ കണ്ണു തുറന്നിട്ടില്ല. കേരളത്തെ താങ്ങി നിര്‍ത്തേണ്ട പണമല്ലേ ഉസ്‌ബെക്കിസ്ഥാനിലേക്ക് പോകുന്നത്. വൈകിയായിരിക്കും ബോധമുദിക്കുക.
പെണ്ണു കിട്ടാതെ വട്ടായവനെ മല്‍ബു ആശ്വസിപ്പിച്ചു.
പാര്‍ട്ടി നമുക്ക് ഒരുമിച്ച് നടത്താം. നാട്ടില്‍ പോകാന്‍ ഇനിയെത്ര മാസം ബാക്കിയുണ്ട്.
ആറു മാസവും 20 ദിവസവും. ഇത്രയും സമയം ധാരാളം. അതിനിടയില്‍ പെണ്ണു ശരിയായിരിക്കും. പ്രവാസത്തേയും പ്രവാസികളേയും കുറിച്ച് നല്ല മതിപ്പുള്ള ഒരാളുണ്ട്. നാല്‍പത് വര്‍ഷം പ്രവാസജീവിതം നയിച്ചയാള്‍. അയള്‍ക്ക് സുന്ദരിയായൊരു മകളുണ്ട്. മുത്ത മകളെ ഏല്‍പിച്ചിരിക്കുന്നത് പ്രവാസിയെയാണ്. രണ്ടാമത്തെ മകള്‍ക്ക് വേണ്ടതും പ്രവാസിയെ തന്നെ.
മല്‍ബു കുറച്ചുനേരം സ്വകാര്യ സംഭാഷണം തുടര്‍ന്നപ്പോള്‍ വട്ടായവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മുഖം കണ്ടാലറിയാം, ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്.
പലരും കുത്തിക്കുത്തി ചോദിച്ചെങ്കിലും മക്കളെ ഏല്‍പിക്കാന്‍ ഗള്‍ഫുകാരെ തേടിനടക്കുന്ന മുന്‍പ്രവാസി കണ്ടെത്തിയ ആദ്യത്തെയാള്‍ താനാണെന്ന കാര്യം മല്‍ബു തല്‍ക്കാലം പറഞ്ഞില്ല. സാവകാശം അറിഞ്ഞാല്‍മതിയെന്നു വെച്ചതാകാം.  

ഈ വാർത്ത കൂടി വായിക്കുക
ഇസ്രായിലുമായി വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ഘട്ടത്തിലെന്ന് ഹമാസ് നേതാവ്
നെതന്യാഹുവിനെ വെള്ളം കുടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങള്‍; അകത്തും പുറത്തും ബഹളം

 

Latest News