ടെല്‍അവീവ്-ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി കരാറിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധ കാബിനറ്റ് മന്ത്രിമാരും ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ടെല്‍അവീവിലെ കിര്‍യ സൈനിക ആസ്ഥാനത്തായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. ബന്ദികളുടെ കുടുംബങ്ങളുടെ വലിയ ബഹളത്തിനുശേഷമാണ് യോഗം തുടങ്ങാനായത്. ഓഡിറ്റോറിയത്തില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് പ്രതിഷേധത്തിനും ബഹളത്തിനും കാരണമായത്. യോഗത്തില്‍ പങ്കെടുക്കുന്ന 107 പ്രതിനിധികളുടെ പട്ടിക ആദ്യമേ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയിരുന്നുവെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ പറയുന്നു. എന്നാല്‍ പലരേയും കടത്തിവിടാന്‍ അധികൃതര്‍ തയാറായില്ല.
നിരവധി പേര്‍ക്ക് ഒരു മണിക്കൂറോളം തണുപ്പില്‍ വിറങ്ങലിച്ച് പുറത്തുകാത്തുനില്‍ക്കേണ്ടി വന്നു. യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്ന് ആരോപിച്ച് നിരവധി കുടുംബാംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
ഹമാസിനെ തകര്‍ക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞത് ബന്ദികളുടെ കുടുംബങ്ങളെ പ്രകോപിപ്പിച്ചു. ഹമാസിനെ ഇല്ലാതാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുമ്പോള്‍, ബന്ദികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ബന്ദികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്.
അതിനിടെ, ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ദോഹയില്‍ അറിയിച്ചു. ടെലഗ്രാമില്‍ നല്‍കിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹമാസ് ബന്ദികളായി പിടിച്ച 240 ഓളം ബന്ദികളെ വിട്ടയക്കുന്നതിനുള്ള കരാറിലെത്താനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഖത്തറാണ് മാധ്യസ്ഥം വഹിക്കുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യാലയം പ്രവര്‍ത്തിക്കുന്ന ഖത്തറിലാണ് ഇസ്മായില്‍ ഹനിയ്യയുടെ ആസ്ഥാനം.
ഇടക്കാല വെടിനിര്‍ത്തലിനു പകരം ഏതാനും ബന്ദികളെ വിട്ടയക്കാനുള്ള ധാരണ അവസാനഘട്ടത്തില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളില്‍ ഉടക്കിയിരിക്കയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു.
ഇസ്രായില്‍ ഗാസയില്‍ തുടരുന്ന ആക്രമണത്തില്‍ മരണസംഖ്യ 13,300 ആയതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.