ആശ്വാസത്തുമ്പത്ത് ഇറ്റലി, പ്ലേഓഫില്ലാതെ യൂറോ കപ്പില്‍

മിലാന്‍ - യൂറോ കപ്പ് ഫൈനല്‍ റൗണ്ടിലേക്ക് ബെര്‍ത്ത് നേടിയത് ഇറ്റാലിയന്‍ ഫുട്‌ബോളില്‍ വലിയ ആശ്വാസത്തിന് തിരികൊളുത്തി. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ പ്ലേഓഫില്‍ കാലിടറിയ ഇറ്റലിക്ക് ഇത്തവണ പ്ലേഓഫ് വഴി തേടേണ്ടി വരുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. ഉക്രൈനുമായി ഗോള്‍രഹിത സമനില പാലിച്ചതോടെ ഗോള്‍വ്യത്യാസത്തില്‍ ഇറ്റലി ഗ്രൂപ്പ് സി-യില്‍ രണ്ടാമതെത്തി. ഉക്രൈനും തുല്യ പോയന്റുണ്ടെങ്കിലും അവര്‍ പ്ലേഓഫ് കളിക്കണം. സ്ലൊവേനിയ, ചെക് റിപ്പബ്ലിക് ടീമുകളും ഫൈനല്‍ റൗണ്ടിലെത്തി. മോള്‍ദോവക്കെതിരായ മത്സരം 3-0 ന് ജയിച്ച് ചെക് റിപ്പബ്ലിക് യോഗ്യത നേടിയതിനു പിന്നാലെ കോച്ച് യാരോസ്ലാവ് സില്‍ഹാവി രാജി വെച്ചു. അല്‍ബേനിയ ആദ്യമായി യൂറോ യോഗ്യത നേടിയതിന് പിന്നാലെ ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനത്തെത്തി. അവസാന കളിയില്‍ ഫാരൊ അയലന്റുമായി ഗോള്‍രഹിത സമനില നേടി. ചെക് റിപ്പബ്ലിക്കും പോളണ്ടുമടങ്ങുന്ന ഗ്രൂപ്പാണ് ഇത്. 
ഉക്രൈനെതിരെ സമനില മതിയായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് യോഗ്യത നേടാന്‍. മത്സരത്തിലുടനീളം ആശങ്കയുടെ നിമിഷങ്ങള്‍ അതിജീവിച്ച ശേഷമാണ് അവര്‍ ഗോള്‍രഹിത സമനില നേടിയെടുത്തത്. 2018 ലെ ലോകകപ്പ് പ്ലേഓഫില്‍ സ്വീഡനോടും 2022 ലെ ലോകകപ്പ് പ്ലേഓഫില്‍ നോര്‍ത്ത് മസിഡോണിയയോടും ഇറ്റലി തോറ്റിരുന്നു. മസിഡോണിയക്കെതിരെ ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങുകയായിരുന്നു. 2018 ല്‍ തോറ്റ ശേഷമാണ് അവര്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായത്. അതിനു പിന്നാലെ 2022 ലെ ലോകകപ്പ് പ്ലേഓഫില്‍ തോറ്റു. ഗ്രൂപ്പ് സി-യില്‍ നിന്ന് നേരത്തെ ഇംഗ്ലണ്ട് യോഗ്യത നേടിയിരുന്നു. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് 1-0 ന് നോര്‍ത്ത് മസിഡോണിയയെ തോല്‍പിച്ചു. 
ഇറ്റലിക്കെതിരെ ഇഞ്ചുറി ടൈമില്‍ ബ്രയാന്‍ ക്രിസ്റ്റാന്റെയുടെ കാലില്‍ തട്ടി മിഖായിലൊ മുദരിക് വീണപ്പോള്‍ ഉക്രൈന്‍ പെനാല്‍ട്ടിക്കായി വാദിച്ചിരുന്നു. ആദ്യ പകുതിയില്‍ ഫെഡറിക്കൊ കിയേസ, ജിയോവാനി ഡി ലോറന്‍സൊ, ഡാവിഡ് ഫ്രാറ്റെസി എന്നിവര്‍ സുവര്‍ണാവസരങ്ങള്‍ പാഴാക്കി. 13 വര്‍ഷത്തിനിടയിലാദ്യമായാണ് യൂറോ യോഗ്യതാ മത്സരത്തില്‍ ഇറ്റലിക്ക് ഗോളടിക്കാനാവാതിരുന്നത്. 
സ്ലൊവേനിയ, ചെക് റിപ്പബ്ലിക് ടീമുകള്‍ക്കും അവസാന മത്സരത്തില്‍ സമനില മതിയായിരുന്നു. രണ്ട് ടീമുകളും ജയിച്ചു. ചെക് 3-0 ന് മോള്‍ദോവയെയും സ്ലൊവേനിയ 2-1 ന് കസാഖിസ്ഥാനെയും കീഴടക്കി. ആദ്യമായി യൂറോ കപ്പ് കളിക്കാന്‍ ശ്രമിക്കുന്ന കസാഖിസ്ഥാന് ഇനി പ്ലേഓഫ് സാധ്യത അവശേഷിക്കുന്നു.
 

Latest News