Sorry, you need to enable JavaScript to visit this website.

ഒരു ഹരിനാരായണൻ അനുഭവം: തബലയിലെ കൊടുങ്കാറ്റ്

പ്രമുഖ പത്രപ്രവർത്തകൻ സി കെ ഹസ്സൻകോയയുടെ 'മെഹ്ദിഹസ്സൻ അതിരുകളില്ലാത്ത സംഗീതം' എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് അളകാപുരിയിൽ നടക്കുകയാണ്.  ജമാൽകൊച്ചങ്ങാടി അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കുമ്പോൾ നരച്ചു നീണ്ട താടിയും പിരിഞ്ഞു ചിതറിയ വെളുത്തു നീണ്ട മുടിയുമുള്ള അവധൂതനെ പോലൊരാൾ പുറത്തു നിന്ന് ഒരു കൊടുങ്കാറ്റു പോലെ പുറത്തു നിന്ന് കയറി വന്നു. ലഹരിയുടെ ഉൻമാദം അയാളുടെ കണ്ണുകളിലും ശരീരഭാഷയിലും പ്രകടമായിരുന്നു. കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ച ഒരാളുടെ കൈ തന്റെ ദേഹത്തു നിന്ന് ക്രോധത്തോടെ പറിച്ചു മാറ്റി ഇയാൾ സദസിന്റെ പിന്നിലേക്ക് സുഹൃത്തുക്കൾക്കിടയിലേക്ക് പാഞ്ഞു. ഒ വി വിജയനെ ഓർമിപ്പിക്കുന്ന രൂപവും നീളൻകുപ്പായവും ചിതറിത്തെറിക്കുന്ന മുടിയും ചാട്ടുളി പോലുള്ള നോട്ടവും നടപ്പുമായി എത്തിയ അയാളിൽ എല്ലാവരുടെയും ശ്രദ്ധ ഉടക്കി നിന്നു.

പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിച്ച ആലങ്കോട് ലീലാകൃഷ്ണൻ കോഴിക്കോട്ടെ ബൊഹീമിയൻ ജീവിത ശൈലി പിന്തുടർന്ന സംഗീതജ്ഞൻമാരുടെ അവസാന കണ്ണിയായ ഹരിനാരായണനെക്കുറിച്ച് പറഞ്ഞപ്പോളാണ് നജ്മൽബാബുവിന്റെ തബലിസ്റ്റും ഹർമോണിസ്റ്റും അമ്മ അറിയാനിലെ നടനും അരാജക വാദിയുമായ ഈ മനുഷ്യനെ തിരിച്ചറിയൂന്നത്.

ആശംസാപ്രാസംഗികനായ കെ പി എ സമദ് എന്ന വന്ദ്യവയോധികൻ സംസാരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസംഗം മെഹ്ദിസഹന്റെ ജീവിതത്തിലെ നാൾവഴികളിലൂടെ വഴിമാറി ദീർഘമായി സഞ്ചരിക്കാൻ തുടങ്ങിയതോടെ ഹരിനാരായണൻ അക്ഷമനും അസ്വസ്ഥനും ക്രമേണ ക്ഷുഭിതനുമായി. പൊടുന്നനെ വേദിക്ക് മുന്നിലേക്ക് പാഞ്ഞുവന്ന ഹരിനാരായണൻ പ്രസംഗം ചുരുക്കണമെന്ന് ആംഗ്യം കാട്ടിയെങ്കിലും വേദിയിലിരുന്നവരോ സമദ് മാസ്റ്ററോ അത് കണ്ടില്ല. രോഷത്തോടെ പ്രസംഗകനെ നോക്കി രണ്ടു കൈയും വശങ്ങളിലേക്ക് വിശീയെറിഞ്ഞും തലയിളക്കി മുടി പറപ്പിച്ചും ഹരിനാരായണൻ ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്കിറങ്ങിപ്പോയി. സമദ് മാസ്റ്റർ തന്റെ പണ്ഡിതോചിതമായ പ്രസംഗം ഉടനെയൊന്നും അവസാനിപ്പിക്കാനുള്ള ഭാവത്തിലായിരുന്നില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല. വാതിൽക്കൽ വീണ്ടും കൊടുങ്കാറ്റ്. കലിയിളകിയ കോമരത്തെ  പോലെ ഹരിനാരായണൻ പുറത്ത് നിന്ന് പാഞ്ഞുവന്ന് നേരെ വേദിയിലേക്ക് കയറി.

സമദ് മാസ്റ്റുടെ ചെവിയിൽ മൈക്കിൽ എല്ലാവരും കേൾക്കെ രോഷം കടിച്ചുപിടിച്ച് പറഞ്ഞു ഇത് ഭയങ്കര ബോറാണ്. സമദ് മാസ്റ്റർ ഒന്നു ഭയന്ന പോലെ തോന്നി. എന്റെ പ്രസംഗം ഇയാൾക്ക് ഇഷ്ടമാകുന്നില്ല. അതിനാൽ ഇനി ഞാൻ സംസാരിക്കുന്നില്ല എന്ന് സൗമ്യതയോടെ പറഞ്ഞ് അദ്ദേഹം വേദിയുടെ പിൻനരയിൽ ഹസ്സൻകോയയുടെ അരികിൽ ചെന്ന് ഇരിപ്പായി. പ്രസംഗം കേട്ട് മുഷിഞ്ഞു തുടങ്ങിയിരുന്ന ചിലർ ഹരിനാരായണന് കൈയടിച്ചു. എന്നാൽ ആദരണീയനായ സമദ് മാസ്റ്റർ അപമാനിക്കുന്ന വിധത്തിലുള്ള ഹരിനാരായണന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ പ്രസംഗം സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്നവരെ ചൊടിപ്പിച്ചു. സമദ് മാഷ് പ്രസംഗം തുടരണമെന്ന് സദസിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും അദ്ദേഹം ഇനിയില്ലെന്ന് പറഞ്ഞ് ചിരിച്ചൊഴിഞ്ഞു. ജമാൽകൊച്ചങ്ങാടിയും കെ പി സുധീരയും സമദ് മാസ്റ്റർക്കുണ്ടായ ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. തൽക്കാലം പിൻവാങ്ങിയ ഹരിനാരായണൻ തന്റെ ഊഴത്തിനായി പിന്നിൽ കാത്തു നിന്നു.

പുസ്തക പ്രകാശനത്തിന് ശേഷം ചാവക്കാട് മെഹ്ദി ആവാസ് ഒരുക്കിയ മെഹ്ഫിൽ അരങ്ങേറുകയാണ്. ഗായകൻ സിറാജ് അമൽ മെഹ്ദി ഹസന്റെ വിരഹാർദ്രവും പ്രണയഭരിതവുമായ ഗസലുകളിലൂടെ അളകാപുരിയെ താളം പിടിപ്പിച്ചു. ഒരു ഗാനത്തിന്റെ ഇടവേളയിൽ ഹരിനാരായണൻ ഒരിക്കൽ കൂടി വേദിയിലേക്ക് കയറിവന്നു. മൈക്ക് പിടിച്ചു വാങ്ങിയ ശേഷം വേദയുടെ ചവിട്ടു പടിയിൽ രണ്ടു കൈകൊണ്ടും മൈക്ക് മുഖത്തോട് ചേർത്ത് പിടിച്ച് ഊർന്നുവീണ മുടുയിഴകൾക്കിടയിൽ മുഖം കുനിച്ചിരുന്ന് ഉറഞ്ഞു തുള്ളാനൊരുങ്ങുന്ന കോമരത്തെ പോലെ ശരീരമാകെ വിറപ്പിച്ച് സീൽക്കാര ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

പൊതുപരിപാടികളിലെ സ്ഥിരം കലാപകാരിയായ എ അയ്യപ്പൻ അപ്പോൾ ഹരിനാരായണനിൽ ആവാഹിച്ച പോലെ തോന്നി. എ അയ്യപ്പൻ മരിച്ചു കഴിഞ്ഞപ്പോഴാണ് സമൂഹം ആദരിച്ചത്. ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പാതിവെന്ത ഇംഗ്ലീഷിൽ ഗസലിനെക്കുറിച്ചാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. ഗസലിന്റെ ആത്മാവ് സാങ്കേതിക വിദ്യയിലല്ല. ഈ കിടക്കുന്ന വൈദ്യുതി വയറുകളൊന്നും ഗസലിന് ആവശ്യമില്ല. നജ്മൽബാബു ഇതൊന്നുമില്ലാതെയാണ് ഗസൽ പാടിയത്. ഹരിനാരായണൻ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ സീൽക്കാരങ്ങളുടെ അകമ്പടിയോടെ ഇങ്ങനെ  പറഞ്ഞുകൊണ്ടിരുന്നപ്പോൾ സദസിൽ നിന്ന് പ്രതിഷേധമുയർന്നു. സമദ് മാസ്റ്ററെ നിങ്ങൾ ബോറടിക്കുന്നുവെന്ന് പറഞ്ഞ് ഇറക്കിവിട്ടു. ഇപ്പോൾ നിങ്ങളെ ഞങ്ങൾക്ക് ബോറടിക്കുന്നു ഇറങ്ങിപ്പോകണം എന്ന് ആവശ്യപ്പെട്ട ചെറുപ്പക്കാരനോട് ഭൂതാവിഷ്ടനെ പോലെ ചീറിക്കൊണ്ടാണ് ഹരിനാരായണൻ പ്രതികരിച്ചത്. ഇത്രപ്രായമുള്ള എന്നോട് ഇറങ്ങിപ്പോകാൻ പറയാൻ നീ ആയോ ഇരിക്കടോ അവിടെ എന്ന ആജ്ഞക്ക് മുന്നിൽ ബഹളം വെച്ചയാൾ അടങ്ങി. അപ്പോഴേക്കും മെഹ്ദി ആവാസിലെ തബലിസ്റ്റിന്റെ അടുത്തേക്ക് നീങ്ങിയ ഹരിനാരായണൻ അയാളുടെ കൈയിൽ കടന്നു പിടിച്ച് എണീക്കെടാ എന്നലറി. എന്തു ചെയ്യണമെന്നറിയാതെ തബലിസ്റ്റ് പകച്ചു. ഗസൽ എന്താണെന്ന് ഞാൻ കാണിച്ചു തരാം എന്ന വെല്ലുവിളിക്ക് മുന്നിൽ വേദിയും സദസും വഴങ്ങിയതോടെ ഹരിനാരായണൻ തബലിസ്റ്റിന്റെ ഇരിപ്പിടത്തിൽ അമർന്നു.

തബലയിൽ താളം പിടിച്ചുകൊണ്ട് സിറാജ് അമലിനോട് പാടാൻ ആജ്ഞാപിച്ചു. 'ഗുലോം മെ രംഗ് ഭരേ, ബാദ് എ നൗബഹാർ ചലേ'  മഹ്ദിസാഹിബിന്റെ അനശ്വരഗാനം സിറാജ് പാടിത്തുടങ്ങിയതോടെ തബല ഹരിനാരായണന്റെ വിരൽത്തുമ്പുകളുടെ താള പ്രഹരത്തിൽ പ്രകമ്പനം കൊണ്ടു. സദസ് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഈ പ്രകടനം വീക്ഷിച്ചത്. പ്രായവും ലഹരിയും സൃഷ്ടിക്കുന്ന ഇടർച്ച തബലയിൽ വീണ ഹരിനാരായണന്റെ വിരലുകളിൽ പ്രകടമായിരുന്നു. എങ്കിലും തലവെട്ടിച്ച് മുടിപറപ്പിച്ച് സക്കീർ ഹുസൈനെ വെല്ലുന്ന ശൈലിയിൽ തബലയെ പെരുപ്പിച്ചും ചിലപ്പോഴൊക്കെ തന്റെ പ്രകടനത്തിൽ മതിമറന്ന് വാഹ് എന്ന് സ്വയം അത്ഭുതം കൂറിയും ഹരിനരായണൻ മെഹ്ദിയുടെ പാട്ടിനെ സ്വന്തമാക്കി. പാട്ടിന്റെ ലഹരി കയറിയതോടെ വേദിയിൽ നിന്നിറങ്ങാൻ ഹരിനാരയണൻ മടിച്ചു. ഒരു പാട്ടുകൂടി എന്ന ഹരിനാരായണന്റെ അഭ്യർഥന ഗായകൻ മാനിച്ചതോടെ മെഹ്ഫിലിലെ അടുത്ത ഗാനത്തിനും ഹരിനാരായണൻ തബല വായിച്ചു. രംഗം കൂടുതൽ വഷളാകുന്നതിന് മുമ്പേ മെഹ്ഫിൽ അവസാനിച്ചതായി സംഘാടകർ പ്രഖ്യാപിച്ചു. ലഹരിയുടെ ഇടനാഴികൾ തേടി ഹരിനാരായണൻ പുറത്തേക്കൊഴുകി. ഹരിനാരായണനെക്കുറിച്ച് പിന്നീട് ഒരുപാട് പറഞ്ഞും വായിച്ചുമറിഞ്ഞു. ഒടുവിൽ ഒരു 'മീ ടു' ക്യാമ്പെയ്‌നിൽ ഒരു ദളിത് ഫെമിനിസ്റ്റിനാൽ ലൈംഗിക അപവാദത്തിലേക്ക് വലിച്ചിടപ്പെട്ട ഹരിനാരായണനെക്കുറിച്ച് കേട്ടു. ശരി തെറ്റുകളുടെ മാമൂൽ വിചാരങ്ങളുമായി സമീപിക്കാൻ കഴിയുന്ന ആളല്ലല്ലോ ഹരിനാരായണൻ.  

ചിത്രങ്ങള്‍: മെഹബൂബ് കാവനൂര്‍

Latest News