Sorry, you need to enable JavaScript to visit this website.

കലിംഗയില്‍ ഇന്ത്യക്ക് ഹോം മത്സരം, ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരെ

ഭുവനേശ്വര്‍ - 2026 ലോകകപ്പിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ഹോം മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച
ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെല്ലാം ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയില്‍ നിരാശ പ്രകടിപ്പിക്കുമ്പോള്‍ ഹോക്കി സിറ്റിയായി അറിയപ്പെടുന്ന ഭുവനേശ്വറില്‍ ഫുട്‌ബോള്‍ ആവേശം അലയടിക്കുകയാണ്. പ്രത്യേകിച്ചും ആദ്യ മത്സരത്തില്‍ കുവൈത്ത് സിറ്റിയില്‍ കുവൈത്തിനെ ഇന്ത്യ തോല്‍പിച്ച സാഹചര്യത്തില്‍. എന്നാല്‍ കുവൈത്തിനെതിരെ ഗോളടിച്ച മന്‍വീര്‍ സിംഗിന് പരിക്കാണ്. ഖത്തര്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 8-1 ന് തകര്‍ത്ത ആവേശത്തിലാണ്. അല്‍മുഇസ് അലി മാത്രം നാലു ഗോള്‍ നേടി. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തറിനെതിരെ പോയന്റ് നേടിയ ഏക ടീമാണ് ഇന്ത്യ. ഗുര്‍പ്രീത് സിംഗ് സന്ധു 11 സെയ്‌വുകള്‍ നടത്തിയ ദോഹയിലെ ആ മത്സരം 1-1 സമനിലയായിരുന്നു. 27 ഷോട്ടുകള്‍ പായിച്ച ഖത്തര്‍ 15 കോര്‍ണര്‍ കിക്കുകള്‍ നേടിയെടുത്തിരുന്നു. 
ആശിഖ് കുരുണിയനും ജീക്‌സന്‍ സിംഗിനും അന്‍വര്‍ അലിക്കും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതില്‍ കോച്ച് ദുഃഖം പ്രകടിപ്പിച്ചു. മന്‍വീറിന് കളിക്കാനാവുന്നില്ലെങ്കില്‍ സഹല്‍ അബ്ദുല്‍സമദ് മധ്യനിരയിലേക്കിറങ്ങും. 
സൗദി അറേബ്യ ഇന്ന് അമ്മാനില്‍ ജോര്‍ദാനെ നേരിടും. യുദ്ധമുഖത്തുള്ള ഫലസ്തീന്‍ കുവൈത്ത് സിറ്റിയില്‍ ഓസ്‌ട്രേലിയയുമായി ഹോം മത്സരം കളിക്കും. ലെബനോനുമായി ആദ്യ മത്സരം അവര്‍ സമനിലയാക്കിയിരുന്നു. 

 

Latest News