അര്‍ജന്റീന x ബ്രസീല്‍
(സൗദി സമയം, ബുധന്‍ പുലര്‍ച്ചെ 3.30)
റിയോഡിജനീറോ - ലിയണല്‍ മെസ്സിക്ക് ലോക ഫുട്‌ബോളില്‍ സ്വന്തമാക്കാന്‍ അധികം റെക്കോര്‍ഡുകളൊന്നും ബാക്കിയില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇതുവരെ ബ്രസീലിനെതിരെ ഗോള്‍ നേടാനായിട്ടില്ലെന്നതാണ് അതിലൊന്ന്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കു വേണ്ടി മുപ്പത്താറുകാരന്‍ 31 ഗോളടിച്ചിട്ടുണ്ട്. അതിലൊന്നു പോലും ബ്രസീലിനെതിരെയായിരുന്നില്ല. ബ്രസീലിനെതിരെ അഞ്ചു ഗോളടിച്ചിട്ടുണ്ട് മെസ്സി, അതെല്ലാം സൗഹൃദ മത്സരങ്ങളിലായിരുന്നു.
ഐതിഹാസികമായ മാരക്കാനായില്‍ തിങ്ങിനിറഞ്ഞ ബ്രസീല്‍ ആരാധകര്‍ക്കു മുന്നിലായിരിക്കും മെസ്സിക്ക് കളിക്കേണ്ടി വരിക. 69,000 ടിക്കറ്റുകളും വിറ്റു കഴിഞ്ഞു.
രണ്ട് ടീമുകളും തോല്‍വിയുടെ ക്ഷീണത്തിലാണ്. ബ്രസീല്‍ കഴിഞ്ഞ രണ്ടു കളികളില്‍ ഉറുഗ്വായോടും കൊളംബിയയോടും തോറ്റു. പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ലോകകപ്പ് നേടിയ ശേഷം അര്‍ജന്റീനയും ആദ്യമായി തോറ്റത് ഉറുഗ്വായോടാണ്. എങ്കിലും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഉറുഗ്വായാണ് രണ്ടാം സ്ഥാനത്ത്. രണ്ട് പോയന്റ് പിന്നില്‍. ബൊളീവിയയുമായാണ് ഉറുഗ്വായുടെ മത്സരം.
റിയോഡിജനീറോയില്‍ അര്‍ജന്റീനക്കു വേണ്ടി മെസ്സിയുടെ അവസാന മത്സരമായേക്കും ഇതെന്ന് ബ്രസീല്‍ ആരാധകര്‍ കരുതുന്നു. ഇതേ സ്‌റ്റേഡിയത്തിലാണ് 2014 ലെ ലോകകപ്പ് ഫൈനലില്‍ മെസ്സിയുടെ അര്‍ജന്റീന ജര്‍മനിയോട് തോറ്റത്. ഇതേ വേദിയില്‍ തന്നെ 2021 ലെ കോപ അമേരിക്ക ഫൈനലില്‍ അവര്‍ ബ്രസീലിനെ തോല്‍പിച്ചു.
ലോകകപ്പ് യോഗ്യതാ റ ൗണ്ടില്‍ ഹോം മത്സരത്തില്‍ ബ്രസീല്‍ തോറ്റിട്ടില്ല. അര്‍ജന്റീനക്കെതിരെ ഇറങ്ങുമ്പോള്‍ പക്ഷെ അവര്‍ ആത്മവിശ്വാസത്തിലല്ല. ലെഫ്റ്റ്ബാക്കായി കാര്‍ലോസ് അഗസ്‌റ്റോയുടെ ആദ്യ സ്റ്റാര്‍ട്ടായിരിക്കും. പരിക്കേറ്റ വിനിസിയൂസ് ജൂനിയറിനു പകരം ഗബ്രിയേല്‍ ജെസൂസായിരിക്കും ആക്രമണം നയിക്കുന്നത്. പതിനേഴുകാരന്‍ സെന്‍സേഷന്‍ എന്‍ഡ്രിക് രണ്ടാം പകുതിയില്‍ പകരക്കാരനായി വന്നേക്കും. വീഡിയോ ഗെയിമില്‍ മാത്രമേ ഇതുവരെ മെസ്സിയെ കണ്ടിട്ടുള്ളൂ എന്ന് എന്‍ഡ്രിക് പറഞ്ഞു.
യൂലിയന്‍ അല്‍വരേസിനു പകരം ലൗതാരൊ മാര്‍ടിനേസ് അര്‍ജന്റീന ആക്രമണം നയിച്ചേക്കും. കഴിഞ്ഞ 14 കളികളില്‍ മാര്‍ടിനേസിന് സ്‌കോര്‍ ചെയ്യാനായിട്ടില്ല. എയിംഗല്‍ ഡി മരിയ, നിക്കൊളാസ് ഗോണ്‍സാലസ്, ലിയാന്ദ്രൊ പരേദേസ് എന്നിവര്‍ മധ്യനിരയിലുണ്ടാവും.