അഹമ്മദാബാദ് - ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം സര്‍വം സമര്‍പ്പിച്ചുവെന്നും അഭിമാനം മാത്രമേയുള്ളൂ എന്നും കോച്ച് രാഹുല്‍ ദ്രാവിഡ്. അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു ടീം തീരുമാനിച്ചത്. ആ ബ്രാന്‍ഡ് കളി ക്യപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് കളിച്ചു. അസാധാരണ ലീഡറായിരുന്നു രോഹിത്. ടൂര്‍ണമെന്റിലുടനീളം കാണികളെ ആഹ്ലാദിപ്പിക്കാന്‍ ടീമിന് സാധിച്ചു. ഇന്ത്യന്‍ ബൗളിംഗ് അത്യുജ്വലമായിരുന്നു. തീര്‍ച്ചയായും ഫൈനല്‍ പ്രയാസകരമായിരുന്നു. അഭിമാനം മാത്രമേയുള്ളൂ. ഓസ്‌ട്രേലിയക്ക് അഭിനന്ദനങ്ങള്‍ -ദ്രാവിഡ് പറഞ്ഞു.
270-280 റണ്‍സെങ്കിലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നതായി രോഹിത് ശര്‍മ വെളിപ്പെടുത്തി. പ്രത്യേകിച്ചും വിരാട് കോലിയും കെ.എല്‍ രാഹുലും ബാറ്റ് ചെയ്യുമ്പോള്‍. പക്ഷെ വിക്കറ്റുകള്‍ ഇടക്കിടെ വീണു. 240 റണ്‍സ് പ്രതിരോധിക്കാന്‍ വിക്കറ്റുകള്‍ വേണമായിരുന്നു. പക്ഷെ ഹെഡും ലാബുഷൈനും ഞങ്ങളുടെ വഴിയടച്ചു -രോഹിത് പറഞ്ഞു.
ഫൈനല്‍ ദിനം രാവിലെ താന്‍ ആശങ്കാകുലനായിരുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് വെളിപ്പെടുത്തി. എന്നാല്‍ ഗാലറിയെ നിശ്ശബ്ദമാക്കാന്‍ സാധിച്ചത് ആവേശമായി. ഈ വിജയത്തിന്റെ സുന്ദരസ്മരണകള്‍ ജീവിതത്തിലുടനീളം കൂടെയുണ്ടാവും - ക്യാപ്റ്റന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ വിജയം മഹാദ്ഭുതമാണെന്നും ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സില്‍ തന്നെ ഇത്തരമൊരു വിജയമുണ്ടായിട്ടില്ലെന്നുമാണ് മുന്‍ നായകന്‍ ആഡം ഗില്‍ക്രിസ്റ്റ് വിശേഷിപ്പിച്ചത്. 140 കോടി ജനങ്ങളെ നിശ്ശബ്ദമാക്കി ഓസ്‌ട്രേലിയ കിരീടം തട്ടിയെടുത്തുവെന്നാണ് ഡെയിലി ടെലഗ്രാഫ് പത്രം എഴുതിയത്.