Sorry, you need to enable JavaScript to visit this website.

മികച്ച രണ്ടാമത്തെ ടീം, എന്നിട്ടും അവര്‍ ചാമ്പ്യന്മാര്‍

അഹമ്മദാബാദ് - ഈ ലോകകപ്പിലെ രണ്ടാമത്തെ മികച്ച ടീമായിരുന്നു തങ്ങളെന്ന് ഓസ്‌ട്രേലിയ പോലും സമ്മതിക്കും. സര്‍വം മെതിച്ചെത്തിയ ഇന്ത്യന്‍ ടീമിന്റെ കിരീടധാരണത്തിന് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. തൊണ്ണൂറായിരത്തിലേറെ കാണികള്‍ നിറഞ്ഞ നീല ഗാലറി അവര്‍ക്കു പിന്നിലുണ്ടായിരുന്നു. അധികം ബൗണ്‍സില്ലാത്ത, പന്ത് തിരിയുന്ന സ്ലോ പിച്ച് ഇന്ത്യയെയാണ് കൂടുതല്‍ സഹായിക്കുകയെന്ന് വ്യക്തമായിരുന്നു. അവസാന നാലു കളികളില്‍ ഇന്ത്യ 397, 410, 326, 357 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. എന്നിട്ടും ഓസ്‌ട്രേലിയ എങ്ങനെയാണ് ജയിച്ചത്. വിരാട് കോലിയും ശ്രേയസ് അയ്യറും രവീന്ദ്ര ജദേജയും സൂര്യകുമാര്‍ യാദവുമടങ്ങുന്ന ബാറ്റര്‍മാരെ വെറും നാല് ബൗണ്ടറിയിലൊതുക്കിയത് എങ്ങനെയാണ്? എങ്ങനെയാണ് അവര്‍ ഫൈനലിലെ മികച്ച ടീമായത്?
പൂര്‍ണമായ പ്ലാനിംഗ്, അത്യുജ്വല ഫീല്‍ഡിംഗ്. ഇന്ത്യ ഫൈനലിലെ മികച്ച ടീമാവാതിരുന്നത് ഓസ്‌ട്രേലിയ അനുവദിക്കാതിരുന്നതിനാലാണ്. ഫൈനലുകളില്‍ ഓസ്‌ട്രേലിയ മറ്റൊരു തലത്തിലാണ്. 1999 ലെ ഫൈനലില്‍ ഓസ്‌ട്രേലിയ തോല്‍പിച്ചത് പാക്കിസ്ഥാന്റെ മികച്ച ടീമിനെയാണ്. 2007 ലെ ഫൈനലില്‍ തോല്‍പിച്ചത് എക്കാലത്തെയും മികച്ച ശ്രീലങ്കയെയാണ്. 2015 ല്‍ ന്യൂസിലാന്റ് ഇറക്കിയതും അവരുടെ മികച്ച കളിക്കാരെയാണ്. നിസ്സംശയം ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണ് ഈ ലോകകപ്പ് കളിച്ചത്. 
ഏറ്റവും നിര്‍ണായക മത്സരത്തില്‍ ഇന്ത്യ വിറച്ചുപോയി എന്നു പറയുന്നത് അല്‍പം ക്രൂരമായിരിക്കും. രോഹിത് ശര്‍മ പുറത്തായ ശേഷം നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഒരാളില്ലാതെ പോയി എന്ന യാഥാര്‍ഥ്യം ബാക്കി നില്‍ക്കുന്നു. അഞ്ചു മാസം മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും ഇതായിരുന്നു അവസ്ഥ. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ സെമിഫൈനലിലാണ് ഇന്ത്യ പുറത്തായത്. 
എന്താണ് സംഭവിച്ചത്? കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ: 'ഉത്തരം അറിയാമായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനേ. ഫൈനലില്‍ നന്നായി കളിക്കാനായില്ല എന്നു മാത്രമറിയാം. ഒരു കാരണം മാത്രമല്ല, നന്നായി ബാറ്റ് ചെയ്തില്ല എന്നത് ഒരു വസ്തതുതയാണ്'.
തോറ്റെങ്കിലും നിരാശപ്പെടേണ്ടതില്ല എന്ന് പറയാനാണ് പലരും ശ്രമിച്ചത്. ഈ ടീമിന്റെ പേരില്‍ അഭിമാനിക്കാം എന്ന് സുനില്‍ ഗവാസ്‌കര്‍ പ്രഖ്യാപിച്ചു. തോറ്റെങ്കിലും ചാമ്പ്യന്മാര്‍ എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതിയത്. നിരാശ വേണ്ട, ആഘോഷിക്കാം എന്ന് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. എട്ട് ഫൈനലുകളില്‍ ആറിലും ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു എന്ന യാഥാര്‍ഥ്യമാണ് ലോകകപ്പ് ഫൈനലിന് തിരശ്ശീല വീണപ്പോള്‍ ബാക്കിനില്‍ക്കുന്ന വസ്തുത. ഓസീസ് ഇന്നിംഗ്‌സ് 35 ഓവറാവുമ്പോഴേക്കും കാലിയായിത്തുടങ്ങിയ ഗാലറി നിറമുള്ള കാഴ്ചയായിരുന്നില്ല. ആഘോഷങ്ങള്‍ക്കായി കാത്തുവെച്ച പൂത്തിരികള്‍ വെറുതെയായി. പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ട്രോഫി സ്വീകരിക്കാന്‍ വേദിയിലേക്ക് വന്നപ്പോള്‍ കോലിയുടെ മുഖത്തുണ്ടായ നിസ്സംഗത കൈവിട്ട അവസരത്തെക്കുറിച്ച വേദനിപ്പിക്കുന്ന ഓര്‍മപ്പെടുത്തലായി.  

Latest News