അഹമ്മദാബാദ് - ഇന്ത്യ ആധിപത്യം പുലര്‍ത്തിയതു പോലെ ഒരു ലോകകപ്പിലും ഒരു ടീമും കളിച്ചിട്ടില്ല. ആദ്യ 10 കളികളില്‍ രോഹിത് ശര്‍മയും കൂട്ടരും എതിരാളികളെ തോല്‍പിക്കുകയായിരുന്നില്ല, തരിപ്പണമാക്കുകയായിരുന്നു. എന്നിട്ടും കാത്തിരുന്ന കലാശപ്പോരാട്ടത്തില്‍ ചുവട് തെറ്റി. ഫൈനലില്‍ ബാറ്റിംഗിലും ബൗളിംഗിലും ആദ്യ പത്തോവറില്‍ മാത്രമേ ഇന്ത്യ ഉണ്ടായിരുന്നുള്ളൂ. പിന്നെയെല്ലാം ഓസ്‌ട്രേലിയയായിരുന്നു. ടോസ് നേടിയിട്ടും ആദ്യം ലക്ഷ്യം നിര്‍ണയിക്കാന്‍ ഇന്ത്യയെ അനുവദിച്ചത് പാറ്റ് കമിന്‍സിനെ സംബന്ധിച്ചിടത്തോളം വലിയ റിസ്‌കായിരുന്നു.
ഇന്ത്യ ഇന്നിംഗ്‌സ്
9.4 ഓവര്‍: ശുഭ്മന്‍ ഗില്‍ പുറത്താ ശേഷവും രോഹിത് ശര്‍മ ആഞ്ഞടിക്കുകയായിരുന്നു. തൊട്ടു മുന്‍ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ സിക്‌സറിനും ബൗണ്ടറിക്കുമുയര്‍ത്തിയിരുന്നു. 30 പന്തില്‍ 47 ലെത്തിയിരുന്നു. ഒരിക്കല്‍കൂടി രോഹിത് ക്രീസ് വിട്ടിറങ്ങി. ഇത്തവണ അടി പിഴച്ചു, ബോള്‍ ഓഫ്‌സൈഡിലേക്കുയര്‍ന്നു, ട്രാവിസ് ഹെഡ് അത്യുജ്വല ക്യാച്ച് പൂര്‍ത്തിയാക്കി. പത്തോവര്‍ കൂടി രോഹിത് തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ത്യ മുന്നൂറിനടുത്തെത്തിയേനേ. രോഹിത് പുറത്തായ ശേഷം ഇന്ത്യ നേടിയത് ആകെ നാല് ബൗണ്ടറിയാണ്. രോഹിത് ക്രീസിലുള്ളപ്പോള്‍ 80 റണ്‍സെടുത്തു. ബാക്കി 40 ഓവറില്‍ നേടിയത് 160 റണ്‍സ് മാത്രം.
10.1-26.1 ഓവര്‍: ആദ്യ പത്തോവറില്‍ ഇന്ത്യ അടിച്ചത് ഒമ്പത് ബൗണ്ടറിയും മൂന്നു സിക്‌സറും. തുടര്‍ന്നുള്ള 16.1 ഓവറില്‍ വിരാട് കോലിയും കെ.എല്‍ രാഹുലും ഇഴഞ്ഞു. ഒരു ബൗണ്ടറി പോലും ലഭിച്ചില്ല. പാര്‍ട് ടൈമര്‍മാരായ മിച്ചല്‍ മാര്‍ഷിനെയും ഹെഡിനെയും മാക്‌സ്‌വെലിനെയുമൊക്കെ സമര്‍ഥമായി ഓസ്‌ട്രേലിയ ഉപയോഗിച്ചു. ഇന്ത്യ നേടിയത് 55 റണ്‍സ് മാത്രം. അത് ടീമിന്റെ മുന്നേറ്റം പൂര്‍ണമായി തടഞ്ഞു.
28.3 ഓവര്‍: കോലി അവസാനം വരെ നില്‍ക്കാന്‍ വേണ്ടിയാണ് ടീം അതിജാഗ്രത കാട്ടിയത്. പക്ഷെ കമിന്‍സിന്റെ ഷോട്ട് ബോളില്‍ കോലി ബൗള്‍ഡായതോടെ ആ പ്ലാന്‍ തകര്‍ന്നു. രാഹുല്‍ ഏതു സമയവും വേഗം കൂട്ടുമെന്നു കരുതിയെങ്കിലും ആ സമയം വന്നില്ല. റൈറ്റ്-ലെഫ്റ്റ് ബാറ്റര്‍മാരെ കൊണ്ടുവരാനായിരിക്കാം രവീന്ദ്ര ജദേജക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 22 പന്തില്‍ ഒമ്പത് റണ്‍സുമായി ജദേജ പുറത്തായതോടെ ആ പദ്ധതിയും പരാജയമായി.
40-50 ഓവര്‍: അവസാന പത്തോവറില്‍ ഇന്ത്യ നേടിയത് വെറും 43 റണ്‍സ്. ആകെ രണ്ട് ബൗണ്ടറികള്‍ മാത്രം. വലിയ പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 18 റണ്‍സടിച്ച് മടങ്ങി. 37 റണ്‍സിന് അവസാന അഞ്ച് വിക്കറ്റ് നിലംപൊത്തി. ആവേശത്തോടെ തുടങ്ങിയ ഇന്നിംഗ്‌സ് പുകയായി അവസാനിച്ചു. കിരീടത്തിലേക്ക് ഓസീസ് പകുതിയിലേറെ വഴി പിന്നിട്ടു.
ഓസ്‌ട്രേലിയ ഇന്നിംഗ്‌സ്
0.1-4 ഓവര്‍: നാലോവറില്‍ ഒഴുകിയത് 41 റണ്‍സാണ്. ബുംറ ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് 15 റണ്‍സ്. മുഹമ്മദ് ഷമി ആദ്യ ഓവറില്‍ വിക്കറ്റെടുത്തെങ്കിലും രണ്ടോവറില്‍ വിട്ടുകൊടുത്തത് 23 റണ്‍സ്.
4-45.2 ഓവര്‍: ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി. 15 ബൗണ്ടറിയും നാല് സിക്‌സറുമടിച്ചു. ടീമിന്റെ സ്‌കോറില്‍ പകുതിയിലേറെ നേടി. ഹെഡിനെ പ്രതിരോധിക്കാനുള്ള ഒരു പദ്ധതിയും ഇന്ത്യയുടെ കൈയിലുണ്ടായിരുന്നില്ല. അതിവേഗം കളിയുടെ കടിഞ്ഞാണേറ്റെടുക്കുന്നതില്‍ നിന്ന് ഹെഡിനെ തടയാനായില്ല. സ്പിന്നര്‍മാര്‍ തീര്‍ത്തും മുനയൊടിഞ്ഞു.