ന്യൂയോര്‍ക്ക് - അര്‍ജന്റീന ചാമ്പ്യന്മാരായ ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ലിയണല്‍ മെസ്സി ധരിച്ച ആറ് ജഴ്സികള്‍ ലേലത്തിന്. ഡിസംബറില്‍ സൗതബി ലേലം ചെയ്യുന്ന ജഴ്സികള്‍ക്ക് ഒരു കോടി ഡോളറാണ് മൂല്യം കണക്കാക്കുന്നത്. സൗദി അറേബ്യക്കും മെക്സിക്കോക്കുമെതിരായ ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യ പകുതിയില്‍ മെസ്സി ധരിച്ച ജഴ്സികളും ഇവയില്‍ പെടും. നോക്കൗട്ടില്‍ ഓസ്ട്രേലിയ, നെതര്‍ലാന്റ്സ്, ക്രൊയേഷ്യ, ഫൈനലില്‍ ഫ്രാന്‍സ് ടീമുകള്‍ക്കെതിരെ കളിച്ചപ്പോള്‍ ധരിച്ചതാണ് മറ്റുള്ളവ. ലേലത്തുക കുട്ടികളിലെ അപൂര്‍വ രോഗങ്ങള്‍ ചകിത്സിക്കുന്ന ബാഴ്സലോണ ആശുപത്രിക്കു വേണ്ടിയാണ് ഉപയോഗിക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ ജഴ്സികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
പ്രതീക്ഷിക്കുന്നതു പോലെ ഒരു കോടി ഡോളര്‍ ലഭിക്കുമെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ജഴ്സി ലേലമായിരിക്കും അത്. 1998 ലെ എന്‍.ബി.എ ഫൈനലില്‍ ഷിക്കാഗൊ ബുള്‍സിനു വേണ്ടി മൈക്കിള്‍ ജോര്‍ദാന്‍ ധരിച്ച ജഴ്സി കഴിഞ്ഞ വര്‍ഷം 1.01 കോടി ഡോളറിന് ലേലത്തില്‍ പോയതാണ് നിലവിലെ റെക്കോര്‍ഡ്.






