Sorry, you need to enable JavaScript to visit this website.

ഡോ. ഷാഹിന:  അഗ്നിയിൽ സ്ഫുടം ചെയ്ത ജീവിതം

ഷാഹിന
ഷാഹിന
മാതാപിതാക്കളോടൊപ്പം
കുടുംബത്തോടൊപ്പം
പൃഥ്വിരാജിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു 
ഷാഹിനയും ഭർത്താവ് നിയാസും
ഷാഹിനയും ഭർത്താവ് നിയാസും

തീച്ചൂളയിലൂടെ നടന്നുവന്ന ജീവിതമാണ് മലപ്പുറം പെരുമ്പടപ്പ് അയിരൂരിലെ ഡോ. ഷാഹിനയുടേത്. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ വിധി അവൾക്കായി കരുതിവച്ചത് കനലെരിയുന്ന ജീവിതമായിരുന്നു. പൊള്ളിയടർന്ന ശരീരവും പേറി കാലം കഴിക്കേണ്ടിവരുമെന്ന് കരുതിയ അവൾ ചാരത്തിൽനിന്നും പറന്നുയർന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.
  


ഡോക്ടർമാർപോലും നിസ്സഹായരായി നിന്നപ്പോൾ കരളുറപ്പോടെ ഷാഹിനയ്‌ക്കൊപ്പം നിൽക്കുകയായിരുന്നു മാതാപിതാക്കൾ. വിധിയുടെ തീയിൽ വെന്തുരുകിയ ശരീരത്തിനകത്ത് ഏതു പ്രതിസന്ധിയെയും നേരിടാൻ പോന്ന ഒരു മനസ്സുണ്ടെന്ന് അവളെ പഠിപ്പിക്കുകയായിരുന്നു അവർ. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് അയിരൂർ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ഇന്ന് ഷാഹിന. ഒരിക്കൽ തല്ലിക്കെടുത്തിയ വിധി പിന്നീട് അവളെ വാരിപ്പുണർന്ന് ഉയർത്തെഴുന്നേൽപിച്ചു. 
ആ കഥ ഡോക്ടർ തന്നെ പറയട്ടെ.
അഞ്ചാം വയസ്സിലായിരുന്നു ആ ദുരന്തം. മൂന്നു സഹോദരിമാരുടെ കുഞ്ഞനുജത്തിയായി പൂമ്പാറ്റയെപ്പോലെ പാറിനടന്ന കാലം. കറന്റില്ലാത്ത ഒരു ദിവസം വീട്ടിലെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്ന് ഇത്താത്തമാരോടൊപ്പം പഠിക്കുകയായിരുന്നു ഞാൻ. പോളിയെസ്റ്റർ തുണിയായിരുന്നു ധരിച്ചിരുന്നത്. പെട്ടെന്ന് മണ്ണെണ്ണ വിളക്ക് കൈതട്ടി മറിഞ്ഞ് മടിയിലേയ്ക്ക് വീഴുകയായിരുന്നു. വിളക്ക് മടിയിലേയ്ക്കു വീണതോടെ തീ ആളിപ്പടർന്നു. മുകളിലേയ്ക്ക് ആളിപ്പടർന്ന തീയിൽ കഴുത്തിലും കൈയിലും മുഖത്തുമെല്ലാം പൊള്ളലേറ്റു. കൈവിരലുകൾ പൂർണമായും ഒട്ടിയ നിലയിലായി. ഇത്താത്തമാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഉമ്മച്ചിയാണ് ഒരു കലം വെള്ളമെടുത്ത് ശരീരത്തിലേയ്ക്ക് ഒഴിച്ചത്. ബാപ്പച്ചി വീട്ടിലുണ്ടായിരുന്നില്ല. ഉമ്മയും അയൽക്കാരുമെല്ലാം ചേർന്ന് എന്നെ കോരിയെടുത്ത് റോഡിലുണ്ടായിരുന്ന ഒരു ടെമ്പോ വാനിൽ കയറ്റി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് പാഞ്ഞു.
എഴുപത്തഞ്ചു ശതമാനം പൊള്ളലേറ്റ നിലയിൽ അൻപത്തിയാറു ദിവസമാണ് കഠിനമായ വേദനയും സഹിച്ച് ആശുപത്രിയിൽ കഴിഞ്ഞത്. ഒടുവിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് അവർ വിധിയെഴുതിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് മാതാപിതാക്കൾ തീരുമാനിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വർഷത്തോളം ചികിത്സിച്ചു. പൊള്ളലേറ്റ് കുനിഞ്ഞ ശിരസ്സ് നേരെയാക്കാൻ കഴുത്തിൽ നാല് ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഒട്ടിപ്പോയ കൈവിരലുകൾ വേർപെടുത്താനും വേണ്ടിവന്നു ശസ്ത്രക്രിയകൾ. ആന്തരികാവയവങ്ങളിലേയ്ക്ക് പൊള്ളൽ ബാധിക്കാതിരുന്നതാണ് രക്ഷയായത്. പ്രാർഥനയുടെയും സ്‌നേഹത്തിന്റെയും കരുതലും വാത്സല്യവും നൽകി എന്നെ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരാൻ ബാപ്പച്ചിയും ഉമ്മച്ചിയും കിണഞ്ഞുശ്രമിച്ചതിന്റെ ഫലമാണ് ഈ ജീവിതം.
ജീവിതം തിരിച്ചുകിട്ടിയെങ്കിലും രൂപമെല്ലാം മാറിപ്പോയിരുന്നു. വെന്തുകരിഞ്ഞുപോയ ശരീരം കണ്ട് ഉപ്പച്ചിയും ഉമ്മച്ചിയും സങ്കടപ്പെട്ടു. എന്നാൽ അതൊന്നും അവർ പുറത്തുകാണിച്ചില്ല. എനിക്കു സംഭവിച്ച രൂപമാറ്റം കണ്ട് സങ്കടപ്പെടാതിരിക്കാൻ വീട്ടിലെ കണ്ണാടിപോലും ഒഴിവാക്കിയിരുന്നു. പഠിക്കാൻ താൽപര്യപ്പെട്ടിരുന്ന എന്നെ ഇത്താത്തമാർ പഠിക്കുന്ന സ്‌കൂളിൽതന്നെ ചേർത്തു. ബാപ്പച്ചി ടീച്ചർമാരെയെല്ലാം കണ്ട് എന്റെ അവസ്ഥ ധരിപ്പിച്ചിരുന്നു. എങ്കിലും കുട്ടികളെല്ലാം എന്നെ ഭയപ്പാടോടെയാണ് നോക്കിയത്. ജീവിതത്തിന്റെ പരുക്കൻ മുഖങ്ങളായിരുന്നു അവിടെ കണ്ടത്. കളികളിൽപ്പോലും പങ്കെടുപ്പിക്കാതെ മാറ്റിനിർത്തിയതിന്റെ വേദനയുണ്ടായിരുന്നു. എങ്കിലും ചിലർ അനുഭാവപൂർവ്വം പെരുമാറിയതും പുഞ്ചിരിച്ചതുമെല്ലാം വേദനകളെ അകറ്റി. സാഹചര്യങ്ങൾ പ്രതികൂലമായിരുന്നെങ്കിലും തളരാതെ പൊരുതാൻ തന്നെയായിരുന്നു തീരുമാനം.
നന്നായി പഠിക്കണമെന്ന് ഉപ്പച്ചിക്ക് നിർബന്ധമായിരുന്നു. ആ സ്വപ്‌നം ഞാൻ നെഞ്ചോടു ചേർക്കുകയായിരുന്നു. വളരുന്തോറും എന്റെ രൂപത്തെക്കുറിച്ചുള്ള വേവലാതി എന്നിൽ അലോസരങ്ങളുണ്ടാക്കിയിരുന്നു. എങ്കിലും ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന് ആശ്വസിച്ചു. പ്‌ളസ് ടുവിന് നല്ല മാർക്ക് നേടിയപ്പോൾ സിവിൽ എൻജിനീയറിംഗിന് ചേരാനായിരുന്നു തീരുമാനം. എന്നാൽ ഒരു സുഹൃത്തിന്റെ ഉപദേശമാണ് മെഡിസിൻ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. എൻട്രൻസ് പരീക്ഷയിൽ എൻജിനീയറിംഗിന് പ്രവേശനം കിട്ടിയില്ലെന്നു മാത്രമല്ല, മെഡിസിന് ലിസ്റ്റിൽ ഇടം നേടാനും കഴിഞ്ഞു. 
സെലക്ഷൻ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ആലുവ അൽ അമീൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് മെഡിക്കൽ കൗൺസലിങ്ങിനായി തിരുവനന്തപുരത്തുനിന്നും വിളിയെത്തുന്നത്. ഏതു വിഷയം തെരഞ്ഞെടുക്കണമെന്ന കാര്യത്തിലും ആശങ്കയുണ്ടായിരുന്നു. ശാരീരിക പരിമിതികളുള്ളതിനാലാണ് ഹോമിയോ തിരഞ്ഞെടുത്തത്. അലോപ്പതിയിൽ ശസ്ത്രക്രിയ നടത്താനും ആയുർവേദത്തിൽ ഉഴിച്ചിലിനുമെല്ലാം ശരീരം വഴങ്ങുമായിരുന്നില്ല. ചോറ്റാനിക്കരയിലെ ഡോ. പടിയാർ മെമ്മോറിയൽ ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജിലായിരുന്നു പഠനം തുടർന്നത്. കോഴിക്കോട് ഗവൺമെന്റ് ഹോമിയോ കോളേജിലായിരുന്നു പ്രവേശനം ലഭിച്ചതെങ്കിലും പിന്നീട് ചോറ്റാനിക്കരയിലേയ്ക്ക് മാറുകയായിരുന്നു.
കോളേജിലെ ആദ്യദിനങ്ങളെല്ലാം ശരിക്കും അരോചകമായിരുന്നു. ആരോടും കൂട്ടുകൂടാതെ ഒതുങ്ങിക്കഴിഞ്ഞ നാളുകൾ. കൂടുതൽ സംസാരിക്കാനും കൂട്ടുകൂടാനുമൊന്നും പോയില്ല. എന്നാൽ സഹപാഠികൾ വെറുതെയിരുന്നില്ല. യാതൊരു വിവേചനവുമില്ലാതെ അവർ തങ്ങളിലൊരാളായാണ് എന്നെ കണ്ടത്. അധ്യാപകരും ഉന്നത മൂല്യങ്ങൾ വച്ചുപുലർത്തുന്നവരായിരുന്നു. അതോടെ രൂപത്തെക്കുറിച്ചുള്ള വേവലാതികൾ മാഞ്ഞുപോയി. രോഗികൾക്ക് സാന്ത്വനമായി, താങ്ങാകേണ്ടയാളാണെന്ന ചിന്ത മനസ്സിൽ ഉയർന്നുവന്നു. അവരുടെ ആവലാതികൾക്കും ദുഃഖങ്ങൾക്കും മുന്നിൽ എന്റെ അവസ്ഥ മറന്നുതുടങ്ങി. പ്രശ്‌നങ്ങളെ ധൈര്യപൂർവ്വം നേരിടാനുള്ള കരുത്തു കിട്ടിയതോടെ എല്ലാത്തിനും മുൻപന്തിയിൽതന്നെ നിന്നു. ഇതിന് നിമിത്തമായത് മെഡിക്കൽ കോളേജിലെ അഞ്ചുവർഷത്തെ പഠനമാണ്.
ഹൗസ് സർജൻസി പഠനകാലത്താണ് കളമശ്ശേരിയിലെ ഡോക്ടർ റെൻസ് എബ്രഹാമിന്റെ സെന്റ് മേരീസ് ഹോമിയോ ക്ലിനിക്കിൽ ജോലി നോക്കിയത്. അഞ്ചുവർഷത്തോളം ജൂനിയർ ഡോക്ടറായി അവിടെ രോഗികളെ ചികിത്സിച്ചു. അവിടെനിന്നും ലഭിച്ച പിന്തുണയാണ് ജീവിതത്തിൽ കൂടുതൽ കരുത്തുറ്റവളാക്കിയത്. ഇതിനിടയിൽതന്നെ പി.എസ്.സി  പരീക്ഷയും എഴുതി. ഭാഗ്യമെന്നു പറയാം ആദ്യ അവസരത്തിൽതന്നെ ജോലിയും ലഭിച്ചു. സർക്കാർ സർവ്വീസിൽ ഡോക്ടറായി നിയമിതയായി. കോട്ടയം ജില്ലയിലെ പാലാ കടുക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലായിരുന്നു ആദ്യനിയമനം. മൂന്നുവർഷം കഴിഞ്ഞ് തൃപ്പൂണിത്തുറ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലെത്തി.
ജീവിതത്തിലെ റോൾ മോഡൽ എന്നു പറയാവുന്നത് മാതാപിതാക്കൾ തന്നെയാണെന്ന് ഡോ. ഷാഹിന പറയുന്നു. സഹോദരിമാരും കൂടെ നിന്നു. ജീവിതയാത്രക്കിടയിൽ കണ്ടുമുട്ടിയവരും വായിച്ചുതീർത്ത പുസ്തകങ്ങളുമെല്ലാം വഴികാട്ടികളായി. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ജോലിയും യാത്രകളും കൂട്ടുകാരും കണ്ട സിനിമകളുമെല്ലാമായി ജീവിതം ഒഴുകിത്തുടങ്ങുകയായിരുന്നു. 'ഉയരെ' എന്ന ചിത്രത്തിലെ പല്ലവിയും തനിക്ക്  പ്രചോദനമായിട്ടുണ്ട്. എന്തെങ്കിലും കുത്തിക്കുറിക്കണമെന്ന ചിന്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുതുടങ്ങിയത്. തനിക്കു ലഭിച്ച അംഗീകാരങ്ങളും പ്രചോദനങ്ങളും എഴുത്തിലൂടെ പകർന്നുനൽകി. തന്നെപ്പോലെ ജീവിതം നയിക്കുന്നവർക്കിടയിൽ ഇത്തിരിവെട്ടമായി മാറാനായിരുന്നു ശ്രമം.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷ് ഒരിക്കൽ പകർത്തിയ ചിത്രങ്ങൾ ജീവിതത്തിലെ മറ്റൊരു രജതരേഖയായി മാറുകയായിരുന്നു. കോട്ടയം ജില്ലയിലെ മലരിക്കലിലുള്ള ഒരു ആമ്പൽപാടത്ത് കൊച്ചുവള്ളത്തിൽ തുഴഞ്ഞുനീങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നടൻ മമ്മൂട്ടിയും ഈ ഫോട്ടോകൾ കാണാനിടയായി. തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ എറണാകുളത്തെ പതഞ്ജലി ഹെർബൽസ് ഷാഹിനയ്ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തത്. തുടർന്നുള്ള ആയുർവ്വേദ ചികിത്സയിലൂടെ പൊള്ളലേറ്റ പാടുകൾ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മമ്മൂക്കയെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നും നന്ദി പറയണമെന്നും ഷാഹിന ആഗ്രഹിക്കുന്നു. മറ്റൊരു അവസരത്തിൽ നടൻ ടൊവിനോ തോമസ് പിറന്നാൾ ആശംസകളുമായി ഒരു വീഡിയോ അയച്ചതും മറക്കാനാവില്ല.
ഷാഹിനയുടെ ജീവിതയാത്രയിൽ കൂട്ടായി ഇപ്പോൾ നിയാസുമുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് നിയാസിനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സർക്കാർ ഉദ്യോ ഗസ്ഥയെ വിവാഹം കഴിച്ച് ജീവിതം ഭദ്രമാക്കാമെന്ന് ചിന്തിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ജീവിതം ഇങ്ങനെത്തന്നെ തുടരാനായിരുന്നു ഷാഹിനയുടെ തീരുമാനം. 
ഇതിനിടയിലായിരുന്നു മാറഞ്ചേരിക്കാരൻ നിയാസിന്റെ കടന്നുവരവ്. ബിസിനസുകാരനായ നിയാസും അവിവാഹിതനായിരുന്നു. എന്റെ ജീവിതത്തിൽ ഷാഹിന ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും തീരുമാനമെടുക്കേണ്ടത് നീയാണെന്നും ഒരിക്കൽ നിയാസ് പറഞ്ഞു. ഷാഹിനയുടെ ആത്മവിശ്വാസവും ജീവിതരീതികളുമാണ് അദ്ദേഹത്തെ അവരിലേയ്ക്ക് അടുപ്പിച്ചത്. ഒടുവിൽ കഴിഞ്ഞവർഷം ഒക്‌ടോബറിൽ അവർ വിവാഹിതരായി. വിവാഹശേഷം ഷാഹിനയും നിയാസും വീണ്ടും ആ ആമ്പൽപാടത്തെത്തിയിരുന്നു. പണ്ടെന്നോ സ്വപ്‌നം കണ്ടതുപോലെ മനസ്സിനിണങ്ങിയ പങ്കാളിയുമൊത്തുള്ള ജീവിതയാത്ര തുടരുകയാണവർ.
ഷാഹിനയുടെ ഈ അതിജീവനയാത്ര ഏറെ അംഗീകാരങ്ങൾക്കും അവരെ അർഹയാക്കി. എം.എൽ.എ ആയിരുന്ന പി.ടി. തോമസിന്റെ നാമധേയത്തിലുള്ള അവാർഡ് എറണാകുളം എം.പി. ഹൈബി ഈഡനിൽ നിന്നാണ് സ്വീകരിച്ചത്. ഇത്തരത്തിലുള്ള നിരവധി അംഗീകാരങ്ങളാണ് ഷാഹിനയെ തേടിയെത്തിയത്. സ്‌കൂളുകളിലും കോളേജുകളിലും മറ്റും മോട്ടിവേഷൻ ക്ലാസുകൾക്കും ഷാഹിന ക്ഷണിക്കപ്പെടാറുണ്ട്. താൻ പഠിച്ചുപോന്ന സ്‌കൂളിൽതന്നെ മുഖ്യാതിഥിയായെത്തിയ അനുഭവവും ഷാഹിനയ്ക്ക് മറക്കാനാവില്ല.
സമൂഹത്തിന്റെ ബാഹ്യസൗന്ദര്യസങ്കൽപത്തെയും മിഥ്യാധാരണകളെയുമാണ് ഡോ. ഷാഹിന പൊളിച്ചെഴുതിയത്. പരിമിതികൾക്കു നേരെ മുഖം തിരിക്കുന്ന മനുഷ്യർക്കു മുൻപിലൂടെ മുഖം മറയ്ക്കാതെ അവർ നടന്നു. മുഖത്തുനോക്കി സഹതപിക്കാനെത്തുന്നവരോട് അവൾക്ക് പുച്ഛമാണ് തോന്നിയത്. പരിമിതികളെ തുടർന്ന് സമൂഹത്തിനു മുന്നിൽ നടക്കാൻ മടിക്കുന്നവർക്ക് കരുത്തു നൽകുക എന്നതാണ് ലക്ഷ്യം. രോഗവും അപകടവും മൂലം എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ജീവിതത്തിൽ പിറകോട്ട് നടക്കുന്നവർക്കു മുന്നിൽ പ്രതീക്ഷയുടെ തിരിനാളം തെളിയിക്കാനുള്ള യാത്രയിലാണ് ഡോ. ഷാഹിന.

Latest News