Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ കവിതകൾ

ചോര കൊണ്ട് ഗാസയെന്ന് എഴുതുമ്പോൾ 

നിബിൻ കള്ളിക്കാട്


വസന്തമില്ലാത്ത ഋതുക്കളിൽ
എരിവേനലുറഞ്ഞ ഗാസ

അഗ്‌നിവലയത്തിൽ അപമൃത്യുവിന്റെ
ചാപിള്ളയെ പ്രസവിക്കുന്ന
കണ്ണീരിൽ മുങ്ങി നിവർന്നു നിന്ന്

എരിതീയുടെ ഇടനെഞ്ചിൽ നിന്നും
അതിജീവനത്തിന്റെ കനൽ വാരുമ്പോൾ 
ആവനാഴിയിൽ മരണത്തിന്റെ
സമയം തിരഞ്ഞും

ചാരമായ ഭൂപടത്തിന്റെ 
ചാമരങ്ങളിലുറഞ്ഞ ചാവുമണത്തിൽ 
ചാരിയുറങ്ങവേ യുദ്ധത്തിനിടയിലെ 
ചോരയിൽ ജീവിതചിത്രം വരയ്ക്കുന്നു

രാജ്യത്തിനെ ഒന്നാകെ വരച്ചു തീരുമ്പോഴും
ചിത്രത്തിൽ ഒരിക്കലുമുണങ്ങാത്ത
ചോരത്തുള്ളികൾ വേദനകൊണ്ടമറുന്നു

നിരപരാധികൾ അപരാധികളാകുന്ന
നീറുന്ന നിലവിളിയിലും ആ ചിത്രം
ചരിത്രത്തിന്റെ ചിതലുകൾക്കു മുൻപ്
ലോകത്തിന്റെ സമാധാനത്തിനായി
കൈകൂപ്പി നിൽക്കുന്നു.


കര കാണുന്ന കപ്പൽ

ശിഹാബ് കരുവാരകുണ്ട്

ഗസ്സാ... കരയരുത്
കടലാഴിയിൽ
നിതാന്ത ശാന്തിയിൽ
മുത്തും പവിഴവും
വർണ മത്സ്യങ്ങളും
നിറഞ്ഞാടുമ്പോൾ,
പുറമെ കൊടുങ്കാറ്റായി വീശുന്ന
മഹാ തിരമാലകളാൽ പ്രക്ഷുബ്ധമാണ്.

ഗസ്സാ... കരയരുത്
വിടർന്ന വാനിൽ
തെളിഞ്ഞ നീലിമയിൽ
താരകങ്ങളും പൂനിലാവും
പുഞ്ചിരി തൂകുമ്പോൾ,
താഴെ കാർമുകിലാൽ
തകർത്തെറിയുന്ന ഇടിനാദവും
കാറ്റും കോളും തിമർത്തു പെയ്യുകയാണ്.

ഗസ്സാ... കരയരുത്
മണ്ണിൽ, നനുത്ത പ്രഭാതത്തിൽ
പൊൻ കിരണങ്ങളും
തുഷാര കണങ്ങളും
വസന്തമണിയുമ്പോൾ,
അകമിൽ അതിജീവനത്തിന്റെ
നെടുവീർപ്പുകൾ
പുകഞ്ഞുപൊള്ളുകയാണ്.

ഗസ്സാ... കരയരുത്
നിന്നിൽ, നിന്നുടലാഴങ്ങളിൽ
പൂമൊട്ടുകൾ
ചിതറിത്തെറിച്ച് വീഴുമ്പോൾ,
കൈകാലുകൾ വേർപെട്ട്
ഭയാനക ചിത്രം വരക്കുമ്പോൾ
കാലം പഴമയെ കോറിയിടുകയാണ്
ബദ്‌റും ഉഹ്ദും ഖൻദഖും
പുനരാവിഷ്‌കരിക്കുകയാണ്.
ഈ മഹാപ്രളയത്തിൽ
യാനം കര കാണുക തന്നെ ചെയ്യും.
നോഹയുടെ പേടകം പോലെ
മൂസയുടെ വടിപോലെ.

 

കരൾ പിളർത്തും കാഴ്ച 

ഷഹീർ ബാബു, അരിപ്ര 

ഹൃദയം തകരുന്ന കാഴ്ച കണ്ടു നാം
കണ്ണുനീർത്തുള്ളികൾ നീരുറവയായ് മാറിടും കാഴ്ചകൾ
ഇന്ന് ഫലസ്തീൻ പുലരികൾ ബോംബുകൾ നിറയുമ്പോൾ
അച്ഛനമ്മമാരില്ലാതെ വികലാംഗരായി മാറിയ കുരുന്നുകൾ
ചിതറിത്തെറിച്ച ശരീരവും കണ്ടു നാം
മാളികകൾക്കടിയിലായ് മണ്ണോട് ചേർന്നവർ
കണ്ടുവോ മാളോരെ ഭൂവിലെ കാട്ടാളന്മാരുടെ ക്രൂരതകൾ
മനുഷ്യനായ് തീർന്നവൻ മണ്ണോട് ചേരേണ്ടവൻ
എന്നിട്ടും ഭൂമിയിൽ യുദ്ധക്കൊതിയുമായ് ഇനിയുമെത്ര നാൾ
കാട്ടാളക്കൂട്ടമേ നിർത്തുവിൻ ഈ ചോരക്കൊതി
ഐക്യദാർഢ്യം, ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം.

 

ഇര

ദസ്തഖീർ പാലക്കാഴി, ജിദ്ദ 

അകലെയകലെയായ് കരകവിഞ്ഞൊഴുകും കണ്ണുനീർ പുഴയിരമ്പം
ഭൂമി കുലുക്കംപോൽ സദാ ബോംബിൻ ഇടിമുഴക്കം
പല വഴി പരന്നൊഴുകും വിശാലമാം നിണക്കടൽ
വിറകിൻ കൊള്ളിപോൽ കൂട്ടിയിട്ട കബന്ധങ്ങൾ
മൃതശരീരങ്ങൾ കൊണ്ടമ്മാനമാടുന്ന കഴുകൻ ചിറകടി
ശൈശവം മണ്ണിലാഴ്ത്തുന്ന വിശാലമാം രണഭൂമി
രക്തം കുടിച്ചുല്ലസിക്കുന്ന ആയുധങ്ങളാൽ 
പച്ച മനുഷ്യർക്കു നേരെ പാഞ്ഞടുക്കുന്നവർ
യുദ്ധക്കൊതിയാൽ വിശപ്പേറിയവർ
അധിനിവേശത്തിൻ ആർത്തിയടങ്ങാത്തവർ
മർത്ത്യരല്ലിവർ വെറും മനിതക്കോലങ്ങൾ
കാഴ്ച മങ്ങാത്ത
നിസ്സഹായർ അശ്രു പൊഴിക്കുന്നു
മനസ്സിൽ തമസ്സേറി കൂട്ടുനിൽക്കുന്നവർ 
ആഹ്ലാളദത്താൽ
അട്ടഹാസം കണക്കെ  ആർത്തുല്ലസിക്കുന്നു.

 

ഒലീവിൻ തോപ്പിലെ കഴുകൻ 

ഷുക്കൂർ ഉഗ്രപുരം

വസന്ത കാലവും ഹേമന്തവും ശിശിരവും
മാറി മാറി വന്നിട്ടും
മുന്തിരിത്തോപ്പിൻ,
ഉണങ്ങിയ വള്ളിയിൽ
കൂടൊരുക്കാനാവാതെ
മുമ്പൊരു പക്ഷി വർഗ്ഗത്തെ
ഏദൻ തോട്ടത്തിൽ നിന്നും
ബാർളിപ്പാടങ്ങളിൽ
നിന്നും തുരത്തിയോടിച്ചൊരു
ക്രുദ്ധനാം വേട്ടക്കാരൻ
നദിക്കും കരിമ്പനക്കും
ചോളപ്പാടങ്ങൾക്കും കുറുകെപ്പറന്ന്
അവരെത്തി ഞങ്ങളുടെ
ഒലീവിൻ തോപ്പുകളിൽ.
ഇന്നവർ വളർന്നപ്പഴാണ്
അവ കഴുകൻ 
കുഞ്ഞുങ്ങളാണെന്ന്
തിരിച്ചറിഞ്ഞത്.
അവരുടെ കൂർത്ത ചുണ്ടുകളാൽ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
ഹൃദയം കൊത്തിപ്പറിക്കുന്നവർ
അന്നത്തെ വേട്ടക്കാരന്റെ
കുപ്പായം ഇന്നവർ തുന്നിച്ചേർത്ത്
ഞങ്ങളുടെ രക്തവും മാംസവും
നിവേദ്യം നൽകി
കണ്ണുനീരിന്റെ രാവും നെടുവീർപ്പുകളുടെ
പകലും ഞങ്ങൾക്ക് പകരം നൽകുന്നുവർ
ഞങ്ങടെ ഒലീവിൻ തോപ്പുകളിൽ നിന്നും
കഴുകൻമാർ കുടിയൊഴിച്ച് 
ദിക്കറിയാതെ പറന്നൊഴിയുന്ന ഒരു
നനുത്ത പ്രഭാതത്തിനായ്
തെരുവിൽ മണലിന് ചിറക്  തുന്നി
ധീരതയുടെ വിപ്ലവ കാവ്യം രചിക്കുന്നു
ഞങ്ങൾ.

Latest News