സി.പി.എം അണികൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകണമെന്ന് ഇപ്പോൾ നമുക്കൊപ്പമില്ലാത്ത സഖാവ് കോടിയേരി വർഷങ്ങൾക്കപ്പുറം ആഹ്വാനം ചെയ്തിരുന്നു. എതിരാളികൾ ഫേസ് ബുക്കിലും വാട്ട്‌സപ്പിലും സജീവമാവുമ്പോൾ പാർട്ടിക്കാർ മാറി നിൽക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോഴിതാ ബംഗാളിൽ കാര്യങ്ങൾ കുറച്ചു കൂടി പുരോഗമിച്ചതായി വാർത്ത. പാർട്ടിക്കുവേണ്ടി പ്രതിഫലേച്ഛയില്ലാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സന്നദ്ധരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകിയിരിക്കുകയാണ് സി.പി.എം. പശ്ചിമബംഗാൾ ഘടകം. കമ്പനികൾ ഉദ്യോഗാർഥികളെ തേടുന്ന ലിങ്ക്ഡ് ഇൻ ആപ്പിലാണ് കോർപ്പറേറ്റ് ശൈലിയിൽ പരസ്യം നൽകിയത്.
ഡിജിറ്റൽ പ്രചാരവേല, സാമ്പത്തിക മേൽനോട്ടം, ഓഫീസ് നടത്തിപ്പ്, നാട്ടിലിറങ്ങിയുള്ള വിവരശേഖരണം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവരെയാണ് പാർട്ടി തേടുന്നത്. ഗ്രാഫിക് ഡിസൈനർമാരെയും ക്ഷണിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തോട് താത്പര്യവും സമർപ്പിത സേവനത്തിനുള്ള മനഃസ്ഥിതിയും ഉള്ളവരായിരിക്കണം അപേക്ഷകർ. ഇത് ഒരു ജോലിയായി കണക്കാക്കരുതെന്നും പരസ്യം ഓർമിപ്പിക്കുന്നുണ്ട്.
ഈയിടെ നടന്ന പാർട്ടിയുടെ സംസ്ഥാന മിനി പ്ലീനത്തിൽ ഡിജിറ്റൽ പ്രചാരണം ശക്തമാക്കുന്നതിനെപ്പറ്റി കൂടിയാലോചനകൾ നടന്നിരുന്നു. പാർട്ടി ഓഫീസുകളിൽ ഇതിന്റെ ചുമതലയുള്ളവരുടെ പ്രവർത്തനം മികച്ചതാണെന്ന വിലയിരുത്തലുമുണ്ടായി. കൂടുതൽ പേരെ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ ടീമിനെ സജ്ജമാക്കണമെന്ന നിർദേശവും വന്നു. ഈ സാഹചര്യത്തിലാണ് ലിങ്ക്ഡ് ഇന്നിൽ അക്കൗണ്ട് തുറന്ന് പരസ്യം നൽകിയത്. ഇതെല്ലാം കണ്ടു പഠിച്ചാൽ മറ്റു പാർട്ടികൾക്കും കൊള്ളാം.
*** *** ***
ആത്മഹത്യാ ശ്രമത്തിൽ വിശദീകരണവുമായി അലൻ ഷുഹൈബ്. സംഭവത്തിന് ശേഷം ആദ്യമായാണ് അലൻ പ്രതികരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമിതമായ നിലയിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കട്ടെയെന്ന് അലൻ പറഞ്ഞു.
പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോൾ ഞാൻ ചെയ്ത വിഡ്ഢിത്തം നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോളേജിലെ എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും എല്ലാം വേട്ട വലിയ തോതിൽ മാനസികമായി ബാധിച്ചിരുന്നു. അതിന്റെ കൂടെയുള്ള നട്ടെല്ലിനുണ്ടായ ചതവ് കാരണം പരീക്ഷ വരെ നിന്ന് എഴുതണ്ട അവസ്ഥയിലേക്കും എത്തിച്ചു. പല തവണ വന്ന ഇത്തരം ചിന്തകളെ വഴി തിരിച്ച് വിട്ടത് ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങൾക്ക് മുന്നിൽ ഒരു മോശം ഉദാഹരണമായി മാറരുത് എന്നത് കൊണ്ടും പോരാട്ടത്തിൽ കൂടെ നിൽക്കുന്ന സഖാക്കളെയും കുടുംബത്തെയും കൂട്ടുകാരെയും ഓർത്ത് തന്നെയാണ്.
എന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള ഞാൻ തകർത്തതിൽ എനിക്ക് കുറ്റബോധമുണ്ട്. തീർച്ചയായും ഇനി ഇത് ആവർത്തിക്കില്ല. തിരുത്തി മുന്നോട്ട് പോകും. ഇവിടെ തന്നെ ഉണ്ടാകും. രാഷ്ട്രീയം പറഞ്ഞ്, ചളി അടിച്ച്, കഥ പറഞ്ഞ് തന്നെ-അലൻ ഷുഹൈബ് വിശദീകരിച്ചു. ഈ വിഷയവുമായി ബന്ധപെട്ട് മാനസികാവസ്ഥ മോശമാക്കുന്ന തരത്തിൽ അസ്ഥാനത്തുള്ള ഉപദേശവുമായി ആരും വരരുതെന്നും അലൻ ആവശ്യപ്പെട്ടു. കൊച്ചിയിലെ ഫ്ളാറ്റിൽ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അലൻ.
*** *** ***
കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകൾ കാൽ നൂറ്റാണ്ട് മുമ്പു വരെ എത്ര മനോഹരമായിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ വെളിച്ചം കടക്കുന്ന ബസ് സ്‌റ്റേഷനിൽ ധാരാളം ബസുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. രാവും പകലും സജീവമായിരുന്നു. 120 കോടിയിലേറെ മുടക്കിയ ഇപ്പോഴത്തെ ഗുഹ കാണുമ്പോഴേ പേടിയാണ്. ചെന്നൈ ഐ.ഐ.ടി നൽകിയ അപകട മുന്നറിയിപ്പ് വേറെയും. ഇത്രയും തല്ലിപ്പൊളി ബസ് സ്റ്റാന്റ് വിഭാവനം ചെയ്തവനെയൊന്നും ഇവിടെ ശിക്ഷിക്കില്ല. അതാണ് ജനാധിപത്യത്തിന്റെ പവർ. സൗദി അറേബ്യയിലെ ജിദ്ദയിൽ മുമ്പ് പ്രളയമുണ്ടായപ്പോൾ അണ്ടർ പാസിൽ വെള്ളം ഒഴുകി പോകാൻ സൗകര്യമൊരുക്കാത്തതിന്റെ പേരിൽ മേയർ മുതൽ എൻജിനിയർമാർ വരെ പലരും സമാധാനം പറയേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട്ടേത് ഇനി ഒന്നും ചെയ്യാനാവില്ല. പോട്ടെ, വരുന്നിടത്ത് വെച്ചു കാണാം. എറണാകുളം കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ്. 1984ൽ ആദ്യമായി എറണാകുളത്ത് ചെന്നപ്പോൾ കണ്ട കെ.എസ്.ആർ.ടി.സി സ്‌റ്റേഷൻ കൂടുതൽ ദ്രവിച്ച അവസ്ഥയിൽ ഇപ്പോഴും അവിടെയുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ ചെളി വെള്ളം നിറഞ്ഞ ഈ ബസ് സ്‌റ്റേഷനിലെത്തിയ മദാമ്മ എലികൾക്കൊപ്പമുള്ള ജീവിതത്തെ പറ്റി വിവരിക്കുന്നത് കേട്ടു. ഈ ചെറിയ ക്ലിപ്പ് കണ്ടാൽ ടൂറിസ്റ്റുകൾ ലോകത്തിന്റെ നാനാഭാഗത്തു നിന്നും പറന്നെത്തും തീർച്ച. ഇത്രയും നല്ല ട്രീറ്റ് ലോകത്ത് വേറെ എവിടെയുണ്ടാവും? ഇക്കഴിഞ്ഞ വ്യാഴാഴ്ച തൃശൂരിൽ ട്രെയിനിറങ്ങി എം.സി റോഡിലൂടെ തുടർയാത്രക്കായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. പഴയ സംഭവം തന്നെ. ഒന്നു കൂടി വൃത്തികെട്ടതായി. സാഹസികരായ യാത്രക്കാരെ ഇരിപ്പിടങ്ങളിൽ കണ്ടു. എപ്പോൾ വേണമെങ്കിലും ബേസ് തകർന്നു വീഴാം. ചില ചെയറുകൾക്ക് താഴെ ഒന്നുമില്ല. ഗതാഗത മന്ത്രിയ്‌ക്കോ മന്ത്രിസഭാംഗങ്ങൾക്കോ എല്ലാ സീറ്റുകളിലും വന്നിരുന്ന് മാതൃക സൃഷ്ടിക്കാവുന്നതാണ്. നീലയും വെള്ളയും നിറമുള്ള ചില ബസുകൾ കുളിക്കാൻ അടുത്ത ഗാന്ധിജയന്തി വരുന്നതും കാത്തിരിക്കുന്നതും കണ്ടു. കല്യാണത്തിനോ മറ്റു ചടങ്ങുകൾക്കോ പോകുന്നവർ ഇതിൽ കയറാതിരിക്കാൻ ശ്രദ്ധിക്കണം. ബസിൽ ലഭിച്ച ടിക്കറ്റ് ശ്രദ്ധിച്ചു. 120 രൂപയാണ് യഥാർഥ നിരക്ക്. സെസ് ഉൾപ്പെടെ 135 രൂപ. ഇങ്ങിനെയെല്ലാം ആളുകളെ പിഴിഞ്ഞിട്ടും നഷ്ടം തന്നെ. ബൾഗേറിയ വരെ പോയൊന്ന് പഠിച്ചാൽ ഇതിനും പരിഹാരമാവും.
*** *** ***
മുഖ്യമന്ത്രിയ്ക്ക് ജനങ്ങളെ കാണാൻ കാരവൻ വാങ്ങിയതിനെ ഗതാഗത മന്ത്രി ന്യായീകരിച്ചത് കണ്ടു. അതു ശരിയാണ്. മുഖ്യമന്ത്രി കേരളത്തിന്റെ സി.ഇ.ഒ അല്ലേ. അദ്ദേഹത്തിന് യാത്ര ചെയ്യാൻ രെു കോടിയുടെ ടോയ്‌ലറ്റ് അറ്റാച്ച്ഡ് ബസ് വാങ്ങിയതാണോ ഇത്രയും വലിയ അപരാധം? ഈ ബസിൽ യാത്ര ചെയ്യുമ്പോൾ ശോചനാലയം തേടി വേറെ പോകേണ്ടതില്ല. അത്രയും സമയം കൂടി ജനസമ്പർക്കത്തിന് ഉപയോഗപ്പെടുത്താമല്ലോ. ഇത് സംസ്ഥാനത്തിന്റെ ബസ് ശേഖരത്തിന് ഒരു മുതൽക്കൂട്ടാവും പോലും.നിന്റെ ബുദ്ധി റോക്കറ്റാണ് മോനേ. കുറച്ചു കഴിഞ്ഞാൽ വേണേൽ തേവര യാർഡിൽ കൊണ്ടു പോയി തട്ടാം. കേന്ദ്രം നൽകിയ വോൾവോകൾക്കൊപ്പം ആർഐപി.
ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം. സാധാരണ സിനിമ വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹനമാണ് ബെൻസ് കാരവൻ.
ബസ്സിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ കെഎസ്ആർടിസിയിലെ ഒരു നല്ല ബസ് രൂപമാറ്റം വരുത്തിയെടുത്താൽ മതി. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികൾ ചെലവഴിച്ചുള്ള കാരവനിലെ യാത്ര. പെൻഷൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ കോടികൾ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വയ്ക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
*** *** ***
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്നതിൽ ആർക്കും സംശയമില്ല. ഓവർസീസ് കോൺഗ്രസിന്റെ ക്ഷണ പ്രകാരം പ്രഭാഷണം നടത്താൻ ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കുകയാണ് അദ്ദേഹം. എന്നാൽ പിന്നിട്ട വാരത്തിൽ ചാനലുകളിൽ തിളങ്ങിയ ഒരു പ്രതിപക്ഷ നേതാവുണ്ട്. 87 വയസ്സുള്ള അടിമാലിയിലെ മറിയക്കുട്ടി. സ്ത്രീശാക്തീകരണത്തിന്റെ യഥാർഥ പ്രതീകം. ടെവിലിഷൻ ചാനലുകളിൽ തകർത്താടുകയായിരുന്നു മറിയക്കുട്ടിയെന്ന പെൺ കരുത്ത്. ഇവരെ നാട്ടിൽ മജിസ്‌ത്രേട്ട് മറിയക്കുട്ടി എന്നാണ് വിളിക്കുകയെന്ന് റിപ്പോർട്ടർ ചാനലിൽ കേട്ടു. വടകരയിലും പണ്ടൊരു മജിസ്‌ത്രേട്ട് മറിയമുണ്ടായിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനുള്ള അവരുടെ കഴിവ് കണക്കിലെടുത്താണ് താഴെ അങ്ങാടിക്കാർ ഈ ടൈറ്റിൽ നൽകിയത്. റിപ്പോർട്ടർ ചാനലിലെ അരുൺ വായിലെത്ര പല്ലുണ്ടെന്ന് മറിയക്കുട്ടിയോട് ചോദിച്ചപ്പോൾ ഇതൊരു നോൺ സെൻസ് ചോദ്യമായാണ് ആദ്യം അനുഭവപ്പെട്ടത്. അരുണിനും സൈബർ പോരാളികൾക്കും വയറു നിറച്ചു കൊടുത്തു ചേട്ടത്തി. നാട്ടിലെ ഉപദ്രവിക്കുന്ന മൂന്ന് പോരാളികളുടെ കാര്യവും അവർ പറയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ മകളെ വേട്ടയാടി ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കൊടുത്തിട്ടും തെറ്റു തിരുത്താത്തത് കഷ്ടമാണ്. പറഞ്ഞു കൊടുക്കാനും ആരുമില്ലല്ലോ.
തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാർത്തയിൽ ദേശാഭിമാനി നടത്തിയ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. സിപിഎം പത്രം തന്നേയും കുടുംബത്തേയും അപമാനിച്ചു. ലോകമെമ്പാടും പ്രചരിപ്പിച്ച് തന്റെ ജീവിതമാണ് നശിപ്പിച്ചത്. ഇതിന് നഷ്ടപരിഹാരം തരണം. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉണ്ടെന്നും മറിയക്കുട്ടി ആരോപിച്ചു. തനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. നാടു മുഴുവൻ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല. വാർത്ത പ്രചരിച്ചതോടെ സഹായിക്കുന്നവർ കൂടി പിന്നോട്ടു പോയി. ഇതിന് സിപിഎമ്മുകാർ ന്യായം പറയണം.
'എന്നോടു കൂടി ചോദിച്ചിട്ട് മതിയായിരുന്നല്ലോ ഈ പരിപാടിക്ക് പോകാൻ. ഇത് എന്നാ ക്ഷമയാ. ഇവർ എന്നെയും ഞാൻ ഇവരെയും കണ്ടിട്ടില്ല. എന്റെ വീട് എങ്ങനെ കണ്ടു. മക്കളെ എങ്ങനെ കണ്ടു. പത്രത്തിൽ കൊടുക്കുന്നതിന് മുമ്പ് എന്നെയും മക്കളെയും വീടും കണ്ടിട്ടു വേണ്ടേ കൊടുക്കാൻ'. മറിയക്കുട്ടി ചോദിച്ചു.
തനിക്ക് ഉണ്ടെന്ന് പ്രചരിപ്പിച്ച ഭൂമി കിട്ടണം. ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നാണ് പറഞ്ഞത്. രണ്ടേക്കറില്ലെങ്കിൽ ഒരേക്കർ ഭൂമിയെങ്കിലും വേണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. വാർത്ത വന്നതോടെ കിട്ടിക്കൊണ്ടിരുന്ന സഹായമെല്ലാം ഇല്ലാതായി. അതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മറിയക്കുട്ടി പറയുന്നു.
പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാർത്ത നൽകിയതിന് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്ത പിശകാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകൾ പ്രിൻസി വിദേശത്താണ് താമസിക്കുന്നതെന്നും വാർത്ത വരാനിടയായതിൽ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു.
*** *** ***
സുരേഷ് ഗോപിയെ നടക്കാവ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയത് ആർക്കാണ് ഗുണം ചെയ്തിരിക്കുക? മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് സുരേഷ്ഗോപി പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കോഴിക്കോട് നടക്കാവ് പോലീസാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പോലീസ് കേസെടുത്തത്. നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്. ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്.
നടക്കാവിലെ ചോദ്യം ചെയ്യൽ നീണ്ടപ്പോൾ പുറത്തു കാത്തിരുന്ന ബി.ജെ.പി അധ്യക്ഷൻ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പഴം വിഴുങ്ങുന്ന ചിത്രമെടുത്ത് പ്രസ് ഫോട്ടോഗ്രാഫർമാർ കടമ നിറവേറ്റി. ഇതിന് ബനാന റിപ്പബ്ലിക് എന്നു സോഷ്യൽ മീഡിയയിൽ അടിക്കുറിപ്പ് നൽകിയ മാധ്യമ പ്രവർത്തകൻ കസറി.
നടക്കാവ് എപ്പിസോഡ് കൊണ്ട് സുരേഷ് ഗോപിയുടെ സമീപനങ്ങളിൽ വന്ന മാറ്റമാണ് അതേ ദിവസം വൈകുന്നേരം വടകര പുതുപ്പണത്ത് പ്രസംഗിക്കുമ്പോൾ കണ്ടത്. രാജ്യസഭാംഗമായിരുന്നപ്പോൾ 25 ലക്ഷം രൂപ അനുവദിച്ച് പരിഷ്‌കരിച്ച പുതുപ്പണം പാലയാട് നട കുനിയിൽ താഴ ഡ്രൈനേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് മുന്നേറ്റമുണ്ടാകാൻ നല്ല ഹൃദയമുള്ളവനെ തെരഞ്ഞെടുക്കണം. അതിന് രാഷ്ട്രീയം നോക്കരുത്. അത് എന്റെ രാഷ്ട്രീയമാണെങ്കിൽ പോലും.പ്രാപ്തിയുള്ളവരെ തെരഞ്ഞെടുക്കണം. പാർട്ടി അല്ല വലുത് പാർട്ടി അവർക്ക് തിന്നാനുള്ള വക അടിച്ചു മാറ്റുന്നതിനുള്ള സംവിധാനമെന്ന് വിശ്വസിക്കുകയാണ്. അത് പറഞ്ഞാൽ അതിന് കേസുണ്ടാകും കേസുണ്ടാക്കനാളില്ലെങ്കിൽ അതിനുള്ള ആളിനെ ഉണ്ടാക്കും. ന്യൂയോർക്കിലുള്ള കുഞ്ഞിനെ ആശ്ചര്യപ്പെടുത്താൻ വെമ്പൽ കൊണ്ട് നടക്കുകയാണ് ഒരു അമ്മായിയപ്പനും മരുമകനും. വേറെ എങ്ങും പോകണ്ട, ഷൊണൂർ മുതൽ പട്ടാമ്പിവരെയുള്ള റോഡിലൂടെ സഞ്ചരിക്കണം. ഇങ്ങിനെ എത്ര റോഡുകൾ കേരളത്തിലുണ്ട് ന്യൂയോർക്കിലെ കുഞ്ഞിന് മാത്രം കുഞ്ഞമ്മയുടെ വീട്ടിൽ നിന്ന് വലിയമ്മയുടെ വീട്ടിലേക്ക് പോകുന്നത് മാത്രം ഭയങ്കര ആശ്ചര്യം. ഞാൻ ഇങ്ങിനെ വിമർശിക്കുന്ന ആളല്ല. ഇനി ഞാൻ വിടില്ല. ഞാൻ ഇന്നിൽ നിന്ന് ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ പിന്നീട് കണ്ടത് അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലാണ്.
*** *** ***
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര സിനിമയ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്‌ളോഗർമാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെയാണ് കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസിദ്ധ തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിച്ച മലയാള സിനിമ കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ കമ്പനിക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കും നിർദേശം നൽകണമെന്നും നിർമാണ കമ്പനി ഹർജിയിൽ ആവശ്യപ്പെട്ടു. ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് നിർമാതാക്കളുടെ ആരോപണം. ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ലെന്നും കൊള്ളയടിക്കലാണെന്നും നിർമാതാക്കൾ പറയുന്നു.
എല്ലാറ്റിനും ഒരു നിയന്ത്രണം നല്ലതാണ്.
*** *** ***
മലയാളം എന്റർടെയിൻമെന്റ് ചാനലുകളിലൂടെ പുതിയ പ്രതിഭകൾ ധാരാളമായെത്തുന്നു. മഴവിൽ മനോരമയിലെ ഒരു പെർഫോമൻസാണല്ലോ ഹരീഷ് കണാരൻ എന്ന താരത്തിന് വഴി തുറന്നത്. അമൃത ടിവിയിൽ കഴിഞ്ഞ ദിവസം ഒരു കോമഡി പ്രോഗ്രാം കാണാനിടയായി. രമേശ് പിഷാരടിയൊക്കെ പാനലിലുണ്ട്. ചിരിക്കില്ലെന്ന വാശിയോടെ ഇരുന്ന പിഷാരടിയ്ക്ക് പോലും നിർത്താതെ ചിരിക്കേണ്ടി വന്നു. നാദാപുരത്തുകാരൻ ഗിരീഷാണ് സ്വന്തം ജനനം മുതൽ സമകാലിക സംഭവങ്ങൾ വരെ ഉൾപ്പെടുത്തി സ്‌കിറ്റ് ചെയ്തത്. ദുൽഖർ സൽമാനെ സുകുമാരക്കുറുപ്പാക്കിയതാണ് ക്ലൈമാക്‌സ്. ശുദ്ധമായ കടത്തനാടൻ സ്ലാംഗിലായിരുന്നു അവതരണം.
ഈ ചെറുപ്പക്കാരന് കലാരംഗത്ത് തിളങ്ങാനാവും, തീർച്ച.
*** *** ***
തലസ്ഥാനത്തെ ഒരു സംഘം മാധ്യമ പ്രവർത്തകർ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പത്രസമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കുകയാണ്. കൂട്ടത്തിൽ ഒരു ലേഖകൻ സൗത്തേൺ എന്നു രണ്ടു മൂന്ന് തവണ ആവർത്തിക്കുന്നത് കേട്ടു. ജേണലിസം പോട്ടെ, ഇവനെയൊക്കെ ബേസിക് ഇംഗ്ലീഷ് ആരാണാവോ പഠിപ്പിച്ചത്? തലയിൽ വീടും ചുമന്ന് നടക്കുന്ന മന്ത്രിയുള്ള, വീണ പൂവിന് ഡോക്ടറേറ്റ് കിട്ടുന്ന നാട്ടിൽ ഇതിലൊക്കെ എന്ത് അതിശയം?