Sorry, you need to enable JavaScript to visit this website.

മാപ്പിളപ്പാട്ടുകൾ: കാവ്യമകരന്ദം ചൊരിയുന്ന ചരിത്രപ്പെരുമ 

ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം

മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയമായ സംഭാവനകളിലൂടെ അറിയപ്പെടുന്ന ഖത്തറിലെ മാപ്പിള കവി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ പ്രഥമ കൃതി 'മാപ്പിളപ്പാട്ടിൻ വർണ ചരിത്ര' മെന്ന പേരിൽ കഴിഞ്ഞ ദിവസം പ്രകാശിതമായി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാപ്പിളപ്പാട്ടിന്റെ ആധികാരിക ചരിത്രം സുന്ദരമായ മാപ്പിളപ്പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് വചനം പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ടിൻ വർണചരിത്രം. 
കേരളീയ കലകളുടെ കൂട്ടത്തിൽ ഏറ്റവും ജനപ്രിയ കലാരൂപമായ മാപ്പിളപ്പാട്ടിന് നാദാപുരത്തിന്റെ അടയാളമായി ഒരേട് തുന്നിചേർത്തിരിക്കുകയാണ് ജി.പി.കുഞ്ഞബ്ദുല്ലയുടെ മാപ്പിളപ്പാട്ടിൻ വർണ ചരിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലളിതവും താളാത്മകവുമായ രീതിയിൽ സമകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന കനപ്പെട്ട വരികളാണ് ജിപിയുടെ രചനകളുടെ സവിശേഷത. ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചമെന്ന് തോന്നുന്ന നൂറ് കണക്കിന് പാട്ടുകളാണ് ഈ തൂലികയിലൂടെ പുറത്ത് വന്നത്. 
എം. കുഞ്ഞിമൂസ, റംല ബീഗം, എരഞ്ഞോളി മൂസ, നിലമ്പൂർ ഷാജി, ഫിറോസ് ബാബു, ഐ.പി. സിദ്ധീഖ്, എം. എ. ഗഫൂർ, കണ്ണൂർ ഷരീഫ്, താജുദ്ധീൻ വടകര, രഹ്‌ന, സിസിലി, സിബല്ല സദാനന്ദൻ, കൊല്ലം നൌഷാദ്,തളിപ്പറമ്പ് റഷീദ്, ഖാലിദ് വടകര, മുഹമ്മദ് കുട്ടി അരീക്കോട് , ഖാദർ കൊല്ലം, നവാസ് പാലേരി, അജയൻ (പട്ടുറുമാൽ ആദ്യ വിജയി), മണ്ണൂർ പ്രകാശ്, സിന്ധു മോഹൻ, സീനത്ത് വയനാട്, മുഹമ്മദ് കുട്ടി വയനാട്, ലിയാഖത്ത് വടകര, വണ്ടൂർ ജലീൽ തുടങ്ങി പഴയ തലമുറയിലേയും പുതിയ തലമുറയിലേയും അമ്പതോളം ഗായകർ ജി.പിയുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജിപിയുടെ രചനകളിൽ മാപ്പിളപ്പാട്ടാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട നൂറോളം ഗാനങ്ങളാണ് മാപ്പിളപ്പാട്ടിൻ വർണ ചരിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കമ്പി, കഴുത്ത്, വാൽ കമ്പി തുടങ്ങിയ സാങ്കേതിക സംജ്ഞകളിൽ മാപ്പിളപ്പാട്ടിനെ തളച്ചിടാതെ സമകാലിക മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും വൈകാരികവും ധൈഷണികവുമായ വികാരങ്ങളും പ്രതിഫലിക്കുന്ന സർഗ ഭാവനയാണ് മാപ്പിളപ്പാട്ടിനെ നയിക്കേണ്ടത്. യാഥാസ്ഥിതികതയിൽ നിന്നും മാപ്പിളപ്പാട്ട് മുക്തമാകണമെന്നും പുതിയ ആവിഷ്‌കാര വഴികൾ തേടണമെന്നുമാഗ്രഹിക്കുന്നവർക്കായാണ് ജിപി തന്റെ കന്നി പുസ്തകം സമർപ്പിക്കുന്നത്.
ആത്മീയ പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാര വിചാരങ്ങളുടെ മലരും മണവുമാണ് കവിത എന്ന നിർവചനം അന്വർഥമാക്കുന്നവയാണ് ജിപിയുടെ രചനകളെന്നാണ് ടി.കെ.ഹംസ അവതാരികയിൽ കുറിക്കുന്നത്. മാപ്പിളപ്പാട്ടിൽ ഒരു ആധുനിക വീക്ഷണവും ശൈലിയും ജി.പിയുടെ രചനകളെ വ്യതിരിക്തമാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
മാനവികതയുടെ സംസ്‌കാരത്തിനും വീക്ഷണത്തിനും അനുസരിച്ച് പാട്ടുകൾ ചിട്ടപ്പെടുത്തുന്നതാണ് ജിപിയുടെ ശൈലി. മാപ്പിളപ്പാട്ടിന്റെ ഉദയവികാസ പരിണാമങ്ങളെ മനോഹരമായി വരച്ചുകാട്ടുന്ന മാപ്പിളപ്പാട്ടിൻ വർണ ചരിത്രം ഗവേഷണാത്മക വിവരങ്ങളായും ഉയർന്നു നിൽക്കുന്നു. ഒന്നിനെയും അനുകരിക്കാതെയും എന്നാൽ ഒന്നിനേയും നിഷേധിക്കാതെയും മനസ്സിന്റെ ഈണം പാടി വിരിഞ്ഞുള്ള ഇശലുകൾ സഹൃദയ മനസുകളെ കോൾമയിർകൊള്ളിക്കും.
ഞാൻ പാട്ടുകൾ എഴുതുകയായിരുന്നില്ല. അവ എന്നെ എഴുതുകയായിരുന്നുവെന്നാണ് തന്റെ പാട്ടുസഞ്ചാരത്തെക്കുറിച്ച് ജി.പി. പറയുന്നത്. താരാട്ടുപാട്ടുകളിലൂടെയാണ് സംഗീതത്തിൽ ആകൃഷ്ടനായത്. നാദാപുരത്തെ മുട്ടും വിളിയും ബാൻഡ് വാദ്യങ്ങളുമൊക്കെ തന്നിൽ സംഗീതത്തോടുള്ള ആഭിമുഖ്യം വളർത്തി. മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ നാട്ടിൽ പിറന്നതാണ് തന്റെ ഭാഗ്യമെന്നാണ് ജി.പി. പറയുന്നത്. 
നാദാപുരത്തും പരിസര പ്രദേശങ്ങളിലും മാപ്പിളപ്പാട്ടിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങൾ വിരളമായിരുന്നു. കല്യാണ വീടുകളിലെ ഗ്രാമഫോൺ മ്യൂസിക്കും ഗാനമേളയുമൊക്കെ ജി.പിയെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാൻ. കുട്ടിക്കാലം മുതലേ റമദാൻ മാസങ്ങളിലെ അത്താഴം മുട്ട് കലാകാരന്മാരുടെ പ്രകടനം കണ്ട് വളർന്നതാകാം കുഞ്ഞബ്ദുല്ലയുടെ കവിയെ തട്ടിയുണർത്തിയത്. 
ഹാർമോണിയത്തിന്റെ മാസ്മരിക ശബ്ദവും പാട്ടിന്റെ വശ്യമനോഹരമായ രീതികളുമൊക്കെ അദ്ദേഹത്തെ ഹരം പിടിപ്പിച്ചു. 
ഖത്തറിലെ ഒരു മെഹ്ഫിലിൽ വെച്ച് ഖാലിദ് വടകരയെ കണ്ട് മുട്ടിയതാണ് പാട്ടെഴുത്തിൽ സജീവമാകാൻ കാരണമായത്. ഇവർ ഒരുമിച്ച് താമസം തുടങ്ങിയതോടെ തമസസ്ഥലത്തെ മിക്ക വാരാന്ത്യങ്ങളും സംഗീതരാവുകളായി മാറി. ഗസലും ഖവാലിയും മാപ്പിളപ്പാട്ടുകളുമൊക്കെ ചേർന്ന സംഗീതവിരുന്നിലൂടെ ഭാവനയുടെ അതിരുകളില്ലാത്ത ലോകത്താണ് ജി.പി. സഞ്ചരിച്ചു തുടങ്ങിയത്. പതിവ് രീതിയിലുള്ള ഭക്തി, കല്യാണ, മദ്ഹ് , കത്ത് പാട്ടുകളിൽ നിന്നുമാറി ഒരാഴ്ച സമയമെടുത്ത് കുത്തിക്കുറിച്ച വരികൾ പാടിക്കേട്ടപ്പോൾ മെഹ്ഫിൽ സദസ്സ് അതേറ്റുപാടി സ്വീകരിച്ചു. ജി.പിയിലെ കവിയുടെ ജനനം ദോഹയുടെ മെഹ്ഫിൽ സദസ്സിന്റെ പശ്ചാത്തലത്തിലായിരുന്നു. ആദ്യമായിറക്കിയ കാസറ്റ് പതിനായിരക്കണക്കിന് പ്രതികൾ വിറ്റുപോയതോടെ ജിപി പാട്ടെഴുത്തിൽ വർദ്ധിച്ച ആവേശത്തോടെ സജീവമായി. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള അദ്ദേഹം നാനൂറിലധികം മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും വളരെ പരിമിതമായ പാട്ടുകളേ റെക്കാർഡ് ചെയ്തിട്ടുള്ളൂ. 
പ്രണയവും കാത്തിരിപ്പും വിരഹവും വിദൂരതയും സാമീപ്യവും കരുതലും സാമൂഹിക നീതിയും പോരാട്ടവും ചരിത്രവും കാൽപനികതയുമടങ്ങുന്ന മനുഷ്യരുടെ ജീവിത പരിസരങ്ങളുടെ പാട്ടാവിഷ്‌ക്കാരമാണ് മാപ്പിളപ്പാട്ടുകൾ. ഈ ഗ്രന്ഥം അതടയാളപ്പെടുത്തുന്നുവെന്നാണ് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മാപ്പിളപ്പാട്ടിൻ വർണ ചരിത്രത്തെ വിലയിരുത്തിയത്.
നാടക ഗാനങ്ങൾ, അന്ധവിശ്വാസ-അനാചാര വിരുദ്ധ ഗാനങ്ങൾ, സൗദി, ഖത്തർ, ദുബായ്, ഇന്ത്യ, നാട്ടുവിശേഷ ഗാനങ്ങൾ, കോൺഗ്രസിനും ലീഗിനും വേണ്ടി മാത്രമായുള്ള ഗാനങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ ഗാനരചനയിലൂടെ തന്റെ സർഗവൈഭവം വെളിപ്പെടുത്തുന്ന കലാകാരനാണ് ജി.പി. സഹൃദയനും കവിയുമെന്നതിലുപരി ഖത്തറിലെ വിവിധ വ്യാപാര കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ജി.പി. ഒരു സംരംഭകനും കൂടിയാണ്.

Latest News