അഹമ്മദാബാദ് - ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ പത്താം ഓവര്‍ പിന്നിടുമ്പോഴേക്കും ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. പത്തോവറില്‍ മൂന്നിന് 82 ല്‍ പരുങ്ങുകയാണ് ടീം. സ്പിന്നിനെ വിളിച്ചാണ് രോഹിത് ശര്‍മയുടെ (31 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമായി 47) ആക്രമണം ഓസീസ് മുനയൊടിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെലിനെ തുടര്‍ച്ചയായി സിക്‌സറിനും ബൗണ്ടറിക്കും പായിച്ച രോഹിതിനെ അടുത്ത പന്തില്‍ സ്പിന്നര്‍ പുറത്താക്കി. കറങ്ങിത്തിരിഞ്ഞ ക്യാച്ച് അതിഗംഭീരമായി ട്രാവിസ് ഹെഡ് കവറില്‍ നിന്ന് ഓടിപ്പിടിക്കുകയായിരുന്നു. രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയാണ് ശ്രേയസ് അയ്യര്‍ തുടങ്ങിയത്. എന്നാല്‍ പാറ്റ് കമിന്‍സിനെ വിക്കറ്റ് കീപ്പര്‍ക്ക് എഡ്ജ് ചെയ്തു.
ഇന്ത്യ 6.3 ഓവറില്‍ അമ്പത് പിന്നിട്ടത് ലോകകപ്പ് ഫൈനലുകളിലെ റെക്കോര്‍ഡാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തുടര്‍ച്ചയായ മൂന്നു പന്തുകള്‍ വിരാട് കോലി അതിര്‍ത്തി കടത്തി. റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ എട്ടാം ഓവറില്‍ സ്പിന്നര്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ ഓസ്‌ട്രേലിയ വിളിച്ചു.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍.ബിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ കുലുങ്ങിയില്ല. ട്രാവിസ് ഹെഡും പാറ്റ് കമിന്‍സും ആഡം സാംപയും ആദ്യ ഓവറില്‍ തന്നെ ബൗണ്ടറികള്‍ രക്ഷിച്ചു.
എട്ടാമത്തെ പന്തില്‍ ക്രീസ് വിട്ടിറങ്ങി രോഹിത് ശര്‍മ ആദ്യ ബൗണ്ടറി പായിച്ചു. അടുത്ത പന്തില്‍ കവര്‍ഡ്രൈവും ബൗണ്ടറി കടന്നു.
എന്നാല്‍ ശുഭ്മന്‍ ഗില്ലിന്റെ തുടക്കം കേമമായില്ല. സ്റ്റാര്‍ക്കിനെ എഡ്ജ് ചെയ്തത് ഒന്നാം സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന് പിടിക്കാനായില്ല. നാലാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിനെ രോഹിത് സിക്‌സറിനുയര്‍ത്തിയത് കഷ്ടിച്ചാണ് ഡീപില്‍ ട്രാവിസ് ഹെഡില്‍ നിന്നകന്നത്. അതു വകവെക്കാതെ അതേ ഓവറില്‍ സിക്‌സറും പിന്നാലെ ബൗണ്ടറിയും പായിച്ചു.
സ്റ്റാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ഗില്‍ മിഡോണില്‍ സാംപക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. പക്ഷെ രോഹിതിനെ തടുക്കാനായില്ല. ഓവറിലെ അവസാന പന്ത് രോഹിത് ലോംഗോഫിലൂടെ ഗാലറിയിലെത്തിച്ചു.






