1000 ഫലസ്തീനികള്‍ക്ക് യു.എ.ഇയില്‍ ചികിത്സ

ദുബായ്- ഗാസയില്‍ ക്യാന്‍സര്‍ രോഗികളായ 1000 ഫലസ്തീനികള്‍ക്ക് യു.എ.ഇയിലെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ നിര്‍ദേശിച്ചു. ഗാസയില്‍നിന്നുള്ള 1000 ഫലസ്തീനി കുട്ടികളെ കുടുംബാംഗങ്ങള്‍ക്കൊപ്പം യു.എ.ഇയിലെത്തിച്ച് രാജ്യത്തെ ആശുപത്രികളില്‍ എല്ലാവിധ ആരോഗ്യ, വൈദ്യ പരിചരണങ്ങളും നല്‍കാന്‍ നേരത്തെ യു.എ.ഇ പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കാനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്.
ദ്വിരാഷ്ട്ര പരിഹാരത്തില്‍ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒരു രാഷ്ട്രീയ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാശ് ആവശ്യപ്പെട്ടു. സുരക്ഷാ പ്രതിസന്ധിക്ക് സാക്ഷ്യംവഹിക്കുന്ന മേഖലയില്‍ അക്രമം അക്രമത്തിലേക്കും അസ്ഥിരതയിലേക്കും മാത്രമാണ് നയിക്കുക. ഗാസയിലെ കുട്ടികളെ യു.എ.ഇയില്‍ എത്തിച്ച് ചികിത്സിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിര പരിഹാരങ്ങളുണ്ടാക്കാനും മേഖല വികസിപ്പിക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.

 

Latest News