ഗസക്ക് സംഭാവന  നല്‍കി ഓസ്‌ട്രേലിയന്‍ ടീം

സിഡ്‌നി - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഫലസ്തീനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ കളിക്കാര്‍ മത്സര ഫീസിന്റെ ഒരു ഭാഗം ഗസയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി. ചൊവ്വാഴ്ച ഫലസ്തീന്‍ ഹോം വേദിയായി സ്വീകരിച്ച കുവൈത്തിലാണ് മത്സരം. വെസ്റ്റ്ബാങ്കില്‍ നിശ്ചയിച്ച മത്സരം ഇസ്രായിലി ആക്രമണം കാരണം മാറ്റി വെച്ചതായിരുന്നു. 
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൊന്നാണ് ഇതെന്നും അവിടെ സംഭവിക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും മിഡ്ഫീല്‍ഡര്‍ ജാക്‌സണ്‍ ഇര്‍വിന്‍ പറഞ്ഞു. പ്രൊഫഷനല്‍ ഫുട്‌ബോളേഴ്‌സ് ട്രസ്റ്റും ഗസയിലെ ഓക്‌സ്ഫാം ചാരിറ്റിയുമായും സഹകരിച്ചാണ് തുക കൈമാറുക. കളിക്കാരാണ് ഈ ദൗത്യത്തിന് മുന്‍കൈയെടുത്തത്. കളിക്കാര്‍ സ്വരൂപിക്കുന്ന അത്രയും തുക ഫുട്‌ബോള്‍ ഓസ്‌ട്രേലിയയും സംഭാവന നല്‍കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫുട്‌ബോള്‍ പ്രധാനമല്ലെന്ന് അറിയാമെങ്കിലും കളിയിലും ടീമിന്റെ പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലാതെ വഴിയില്ലെന്ന് ഇര്‍വിന്‍ പറഞ്ഞു. 
ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ മെല്‍ബണില്‍ 7-0 ന് ബംഗ്ലാദേശിനെ തോല്‍പിച്ചു. ഫലസ്തീനും ലെബനോനും തമ്മില്‍ ലെബനോന്‍ ഹോം വേദിയായി തെരഞ്ഞെടുത്ത ഷാര്‍ജയിലെ മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചു.
 

Latest News