ഇന്ത്യxഓസ്‌ട്രേലിയ: കരുത്ത്, ദൗര്‍ബല്യം

കൊല്‍ക്കത്ത - ഞായറാഴ്ച ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ ഇറങ്ങുക ആറാമത്തെ കിരീടത്തിന്. 1987, 1999, 2003, 2007, 2015 ലോകകപ്പുകളിലാണ് അവര്‍ നേരത്തെ കിരീടം നേടിയത്. 1987 ല്‍ അവര്‍ ആദ്യമായി ജേതാക്കളായത് കൊല്‍ക്കത്തയിലായിരുന്നു. 
ഇന്ത്യ മൂന്നാമത്തെ ലോകകപ്പിനായാണ് ഇറങ്ങുക. 1983 ല്‍ ഇംഗ്ലണ്ടിലും 2011 ല്‍ സ്വന്തം മണ്ണിലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2003 ല്‍ ഓസ്‌ട്രേലിയയോട് ഫൈനല്‍ തോറ്റു.
ഓസ്‌ട്രേലിയ ഒമ്പതാം ലോകകപ്പ് സെമിയാണ് കളിച്ചത്. ഒരിക്കലേ സെമിയില്‍ തോറ്റുള്ളൂ. ഇത്തവണ ആദ്യ രണ്ടു കളികളും തോറ്റ ശേഷം അവര്‍ എട്ടാമത്തെ മത്സരമാണ് ജയിക്കുന്നത്. ഇന്ത്യ കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ സെമിയില്‍ തോല്‍ക്കുകയയിരുന്നു. 2015 ല്‍ ഓസ്‌ട്രേലിയയോടും 2019 ല്‍ ന്യൂസിലാന്റിനോടും. 

ബാറ്റിംഗ്
ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടങ്ങി വെക്കുന്ന ആക്രമണമാണ് ഇന്ത്യയുടെ കരുത്ത്. വിരാട് കോലിയും ശ്രേയസ് അയ്യരും ഈ ടൂര്‍ണമെന്റിലെ മികച്ച വണ്‍ ഡൗണ്‍, റ്റൂ ഡൗണ്‍ ബാറ്റര്‍മാരാണ്. ഇരുവരും സെമിഫൈനലില്‍ ന്യൂസിലാന്റിനെതിരെ സെഞ്ചുറിയടിച്ചു. 
ഓപണര്‍മാരായ ഡേവിഡ് വാണറും ട്രാവിസ് ഹെഡുമാണ് ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് എഞ്ചിന്‍. ഗ്ലെന്‍ മാക്‌സ്‌വെലും മിച്ചല്‍ മാര്‍ഷും അപകടകാരികളാണ്. സ്റ്റീവ് സ്മിത്തിനും ജോഷ് ഇന്‍ഗ്ലിസിനും പതിവ് ഫോമിലെത്താനായിട്ടില്ലെന്നത് അവര്‍ക്ക് ആശങ്ക പകരും. എന്നാല്‍ ഇന്ത്യയെക്കാള്‍ ആഴമുള്ളതാണ് അവരുടെ ബാറ്റിംഗ്. അഫ്ഗാനിസ്ഥാനെതിരെ മാക്‌സ്‌വെല്ലിന് ഒരറ്റത്ത് തീ തുപ്പാന്‍ സാധിച്ചത് മറുവശം പാറ്റ് കമിന്‍സ് ഭദ്രമാക്കിയതിനാലാണ്. ന്യൂസിലാന്റിനെതിരായ സെമിയില്‍ കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് അവരെ ലക്ഷ്യം കടത്തിയത്. 

ബൗളിംഗ്
ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും അതിജീവിക്കാന്‍ ഏതു ബാറ്റിംഗ് നിരയും പ്രയാസപ്പെടും. എന്നാല്‍ അതു കഴിഞ്ഞാലെത്തുന്നത് മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ്. രവീന്ദ്ര ജദേജയും 16 വിക്കറ്റെടുത്തിട്ടുണ്ട്. ഇവരിലാരെങ്കിലുമൊരാള്‍ മങ്ങിയാല്‍ പകരമെറിയാന്‍ ആളില്ലെന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. ഇതുവരെ ആ പ്രശ്‌നമുണ്ടായിട്ടില്ല. ഷമി ആറു കളികളില്‍ 23 വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ്. സെമിയില്‍ ഏഴു വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സല്‍വുഡും സ്റ്റാര്‍ക്കും സ്പിന്നര്‍ ആഡം സംപയും ഓസീസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നു. ന്യൂസിലാന്റിനെതിരായ സെമിയില്‍ കളി തിരിച്ചത് പാര്‍ട് ടൈം സ്പിന്നര്‍ ട്രാവിസ് ഹെഡാണ്. 

ഫീല്‍ഡിംഗ് 
എക്കാലത്തും ഫീല്‍ഡിംഗിന്റെ മാനദണ്ഡമായിരുന്നു ഓസ്‌ട്രേലിയ. ക്യാച്ചിംഗ് മാത്രമല്ല ഓരോ റണ്ണും രക്ഷിക്കുന്നതിന് അവര്‍ ജീവന്മരണ പോരാട്ടം കാഴ്ചവെക്കും. ഇന്ത്യ പരമ്പരാഗതമായി മികച്ച ഫീല്‍ഡിംഗ് ടീമല്ല. എന്നാല്‍ ഈ ലോകകപ്പില്‍ ഫീല്‍ഡിംഗിനെ പലമടങ്ങ് ഉയരത്തിലെത്തിക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് സാധിച്ചു. ഓരോ മത്സരത്തിനും ശേഷം ടീമിലെ മികച്ച ഫീല്‍ഡര്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്നത് കളിക്കാര്‍ മാത്രമല്ല ആരാധകരും കാത്തിരിക്കുന്ന മുഹൂര്‍ത്തമായി മാറി. ബാക്ക്‌വേഡ് പോയന്റിലും രവീന്ദ്ര ജദേജയും വിക്കറ്റിന് പിന്നില്‍ കെ.എല്‍ രാഹുലും ഉന്നത നിലവാരം പുലര്‍ത്തുന്നു. 

നിശ്ചയദാര്‍ഢ്യം
തോല്‍വി ഉറപ്പിച്ച ഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ പൊരുതാനാവുമെന്ന് ഓസ്‌ട്രേലിയ തെളിയിച്ചു. ആതിഥേയ രാജ്യത്തിന്റെ വലിയ പ്രതീക്ഷകള്‍ ചുമലിലേറ്റാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കളിക്കാരും. അഫ്ഗാനിസ്ഥാനെതിരെ ഏഴിന് 91 ലേക്ക് തകര്‍ന്ന ശേഷമാണ് 292 റണ്‍സ് ലക്ഷ്യം ഓസീസ് മറികടന്നത്. 202 റണ്‍സ് കൂട്ടുകെട്ടില്‍ 12 റണ്‍സ് മാത്രം സംഭാവന ചെയ്ത് കരളുറപ്പോടെ ചെറുത്തുനിന്നു കമിന്‍സ്. 2013 ലെ ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം ഒരു പ്രധാന കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. കപ്പിനും ചുണ്ടിനുമിടയില്‍ എത്തി നില്‍ക്കുന്നതിന്റെ ആശങ്ക ടീമിനെ തളര്‍ത്തുമോയെന്നു മാത്രമേ അറിയേണ്ടൂ. 

 

Latest News