ലോകകപ്പ്: കാത്തിരിപ്പിന്റെ ഏകദിനം

ഇന്ത്യ x ഓസ്‌ട്രേലിയ
ലോകകപ്പ് ഫൈനല്‍
അഹമ്മദാബാദ്, ഞായര്‍ 11.30

അഹമ്മദാബാദ് - ഉജ്വല ഫോമിലുള്ള ഇന്ത്യന്‍ ടീമിനും മൂന്നാമത്തെ ലോകകപ്പിനുമിടയിലും വന്‍ കടമ്പയായി നിശ്ചയദാര്‍ഢ്യത്തോടെ ഓസ്‌ട്രേലിയ. ചെന്നൈയില്‍ ഓസ്‌ട്രേലിയയെ അനായാസം തോല്‍പിച്ചാണ് ഈ ലോകകപ്പില്‍ ഇന്ത്യ പടയോട്ടം തുടങ്ങിയത്. 10 ജയങ്ങള്‍ക്കു ശേഷം കപ്പിനും ചുണ്ടിനുമിടയിലുള്ള കാത്തിരിപ്പാണ് ടീമിന്. ഇന്ത്യക്കു പിന്നാലെ ദക്ഷിണാഫ്രിക്കയോടും തോറ്റ ശേഷമാണ് ഓസ്‌ട്രേലിയ ഉണര്‍ന്നത്. ആ തോല്‍വിക്ക് ദക്ഷിണാഫ്രിക്കയോട് അവര്‍ പകരം ചോദിച്ചു കഴിഞ്ഞു, ഈഡന്‍ ഗാര്‍ഡന്‍സിലെ സെമിഫൈനല്‍ ത്രില്ലറില്‍. അഹമ്മദാബാദിലെ ലക്ഷത്തിലേറെ വരുന്ന നീലക്കടലിനു മുന്നില്‍ ഇന്ത്യയോടും കണക്കു തീര്‍ക്കാന്‍ അവര്‍ക്കു കഴിയുമോ?
സമീപകാലത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഹരംപിടിപ്പിക്കുന്ന ഒരുപാട് പോരാട്ടങ്ങളുണ്ടായി. അഹമ്മദാബാദിലെ കലാശക്കളിയും അതുപോലൊരു ത്രസിപ്പിക്കുന്ന കളിയാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. 
ഓസ്‌ട്രേലിയയെക്കാള്‍ ന്യൂസിലാന്റായിരുന്നു വന്‍ ടൂര്‍ണമെന്റുകളില്‍ എന്നും ഇന്ത്യക്ക് കടമ്പ. ടൂര്‍ണമെന്റില്‍ രണ്ടു തവണ അവരെ തോല്‍പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ അവസാന കടമ്പയില്‍ വീഴരുതേയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. 

അറ്റാക്കിംഗ് ക്യാപ്റ്റന്‍
ഭയലേശമന്യെ ആക്രമിക്കുന്ന രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ മുഖച്ഛായ മാറ്റിയത്. രോഹിതിന്റെ പവര്‍പ്ലേയാണ് വിരാട് കോലിയെ സമ്മര്‍ദ്ദമില്ലാതെ കളിച്ച് നങ്കൂരമിടാനും തുടര്‍ന്നുവരുന്നവര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാനും അവസരം സൃഷ്ടിക്കുന്നത്. കോലിയാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം അവസരം കിട്ടിയപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് രോഹിത് പറയുന്നു. അതിനെക്കാള്‍ മികച്ചതാണ് ബൗളിംഗ്. പുതിയ പന്തുപയോഗിച്ചും അവസാന ഓവറുകളിലും ജസ്പ്രീത് ബുംറയെ ബാറ്റര്‍മാരെ ശ്വാസം മുട്ടിക്കുകയാണ്. ആദ്യ നാലു കളികളില്‍ റിസര്‍വ് ബെഞ്ചിലിരുന്ന ശേഷം മുഹമ്മദ് ഷമി ഈ ടൂര്‍ണമെന്റിന്റെ താരമായി മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റില്‍ രണ്ടു തവണയാണ് ഇന്ത്യ കാര്യമായി പരീക്ഷിക്കപ്പെട്ടത്. രണ്ടും ന്യൂസിലാന്റിനോടായിരുന്നു. ആ രണ്ടു കളികളില്‍ ഷമി 12 വിക്കറ്റെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജദേജയും മധ്യ ഓവറുകളില്‍ എതിരാളികളെ വരിഞ്ഞുകെട്ടുന്നു. 

ഗാലറിയുടെ പിന്തുണ
കഴിഞ്ഞ മൂന്ന് ലോകകപ്പിലും ആതിഥേയ രാജ്യമാണ് കിരീടം നേടിയത്. ഇത്തവണയും അതിന് മാറ്റമുണ്ടാവരുതെന്നായിരിക്കും ഫൈനല്‍ വീക്ഷിക്കാന്‍ അഹമ്മദാബാദില്‍ എത്തുന്ന 1.30 ലക്ഷം പേരുടെ ആഗ്രഹം. എന്നാല്‍ ഇന്ത്യയുടെ ആഘോഷം അലങ്കോലമാക്കാനുള്ള പരിചയസമ്പത്ത് ഓസ്‌ട്രേലിയക്കുണ്ട്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ചെറിയ സ്‌കോര്‍ മറികടക്കാന്‍ ഓസീസിന് വല്ലാതെ വെള്ളം കുടിക്കേണ്ടി വന്നു. എങ്കിലും ഓസീസിനെ എഴുതിത്തള്ളാനാവില്ലെന്ന് ഇന്ത്യന്‍ കളിക്കാര്‍ക്കറിയാം. ടൂര്‍ണമെന്റില്‍ 22 വിക്കറ്റെടുത്ത സ്പിന്നര്‍ ആഡം സാംപയും മൂന്നംഗ പെയ്‌സ്പടയും ഏതു ബാറ്റിംഗ് നിരക്കും വെല്ലുവിളിയുയര്‍ത്തും. ലീഗ് മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റര്‍മാരെ അവര്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്താക്കിയിരുന്നു. തന്റേതായ ദിനത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെലിന് ഏതു ലക്ഷ്യവും മറികടക്കാനാവും. നെതര്‍ലാന്റ്‌സിനെതിരെ 40 പന്തില്‍ സെഞ്ചുറിയടിച്ച മാക്‌സ്‌വെല്‍ അഫ്ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ചുറിയോടെ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചു. 
2003 ലെ ലോകകപ്പ് ഫൈനലിലും ഈ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പിച്ചിട്ടുണ്ട്. ഇന്ത്യയെ ഏകപക്ഷീയമായി പിന്തുണക്കുന്ന ഗാലറിക്കു മുന്നില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞു. 

Latest News