ജനീവ - അടുത്ത വര്‍ഷം ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം പന്ത്രണ്ടായി. ഡെന്മാര്‍ക്കും അല്‍ബേനിയയുമാണ് അവസാനമായി യോഗ്യത നേടിയത്. ഫൈനല്‍ റൗണ്ടിലേക്കുള്ള മുന്നേറ്റത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി നിര്‍ണായക ചുവട് വെച്ചു.
നോര്‍ത്ത് മസിഡോണിയയെ 5-2 ന് ഇറ്റലി തോല്‍പിച്ചു. കഴിഞ്ഞ ലോകകപ്പ് കളിക്കുന്നതില്‍ നിന്ന് ഇറ്റലിയെ തടഞ്ഞത് പ്ലേഓഫില്‍ നോര്‍ത്ത് മസിഡോണിയയുമായുള്ള തോല്‍വിയാണ്. ഇഞ്ചുറി ടൈമില്‍ അവര്‍ 0-1 ന് തോല്‍ക്കുകയായിരുന്നു. യൂറോ യോഗ്യതാ റൗണ്ടില്‍ അവര്‍ക്കെതിരായ ആദ്യ ലെഗില്‍ ഇറ്റലി സമനില വഴങ്ങുകയും ചെയ്തു. ഇത്തവണ ഇടവേളക്ക് മുമ്പ് 3-0 ന് മുന്നിലെത്തി ഇറ്റലി മേധാവിത്തം കാട്ടി. രണ്ട് ഗോള്‍ തിരിച്ചടിച്ച് നോര്‍ത്ത് മസിഡോണിയ ആശങ്കയുയര്‍ത്തിയെങ്കിലും ഇറ്റലി അവസരത്തിനൊത്തുയര്‍ന്നു.
തിങ്കളാഴ്ച ഉക്രൈനെതിരെ സമനില മതി ഇറ്റലിക്ക് ബെര്‍ത്തുറപ്പിക്കാന്‍. മാല്‍ടയെ തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തോടെ ഇറ്റലിക്കോ ഉക്രൈനോ യോഗ്യത നേടാം.
ബാഴ്‌സലോണ താരം റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടിന് പ്ലേഓഫിന്റെ വഴി തേടണം. ഈ ഗ്രൂപ്പില്‍ നിന്ന് അല്‍ബേനിയ യോഗ്യത നേടി. മോള്‍ദോവയുമായി 1-1 സമനില പാലിച്ചതോടെ അല്‍ബേനിയ ഒന്നാം സ്ഥാനമുറപ്പാക്കി. ഏഴ് മത്സരങ്ങളില്‍ അജയ്യരായി അല്‍ബേനിയ അദ്ഭുതം സൃഷ്ടിച്ചു. പോളണ്ടും ചെക് റിപ്പബ്ലിക്കുമുള്‍പ്പെട്ട ഗ്രൂപ്പിലാണ് അവര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 87ാം മിനിറ്റിലാണ് മോള്‍ദോവ ഗോള്‍ മടക്കിയത്.
ചെക് റിപ്പബ്ലിക്കിനെ തോല്‍പിച്ചിരുന്നുവെങ്കില്‍ പോളണ്ടിന് അവര്‍ക്കൊപ്പം യോഗ്യത നേടാമായിരുന്നു. എന്നാല്‍ 1-1 സമനില നേടാനേ സാധിച്ചുള്ളൂ.
സ്ലൊവേനിയയെ 2-1 ന് തോല്‍പിച്ച് ഡെന്മാര്‍ക്ക് ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്തെത്തി. 54ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ തോമസ് ഡിലയ്‌നി വിജയ ഗോള്‍ സ്‌കോര്‍ ചെയ്തു. സ്ലൊവേനിയക്ക് അവസാന ഗ്രൂപ്പ് മത്സരത്തില്‍ കസാഖിസ്ഥാനുമായി സമനില നേടിയാല്‍ ഫൈനല്‍ റൗണ്ടിലെത്താം. 2000 ലാണ് സ്ലൊവേനിയ അവസാനം യൂറോ കപ്പില്‍ കളിച്ചത്. സാന്‍മരീനോയെ 3-1 ന് തോല്‍പിച്ച് കസാഖിസ്ഥാന്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഫൈനല്‍ റൗണ്ട് ടിക്കറ്റുറപ്പിച്ച ഇംഗ്ലണ്ടിന് മാള്‍ടയെ 2-0 ന് തോല്‍പിക്കാന്‍ പെടാപ്പാട് പെടേണ്ടി വന്നു. ഹാരി കെയ്ന്‍ ഈ സീസണിലെ ഇരുപത്തഞ്ചാം ഗോളടിച്ചു. ഡിസംബര്‍ രണ്ടിന് ഹാംബര്‍ഗില്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഗ്രൂപ്പുകള്‍ നിശ്ചയിക്കും. ചൊവ്വാഴ്ചയോടെ എട്ട് ടീമുകള്‍ക്ക് കൂടി ഫൈനല്‍ റൗണ്ടില്‍ സ്ഥാനമുറപ്പാവും. അവസാന മൂന്ന് സ്ഥാനങ്ങള്‍ പ്ലേഓഫിലൂടെയാണ് നിശ്ചയിക്കുക. 12 ടീമുകളുടെ പ്ലേഓഫ് മാര്‍ച്ച് 21 മുതല്‍ 26 വരെയാണ്.
മൂന്ന് തലത്തിലായാണ് പ്ലേഓഫ്. ആദ്യ തലത്തിലെ നാല് ടീമുകളില്‍ പോളണ്ടിനൊപ്പം ക്രൊയേഷ്യ, വെയ്ല്‍സ് ടീമുകളിലൊന്നുണ്ടാവും. ഇറ്റി, ഉക്രൈന്‍ ടീമുകളിലൊന്നും.
രണ്ടാം തലത്തിലെ നാല് ടീമുകളില്‍ ബോസ്‌നിയ ഹെര്‍സഗോവീന, ഫിന്‍ലന്റ് ടീമുകള്‍ക്ക് സ്ഥാനമുറപ്പായി. മൂന്നാം തലത്തില്‍ ജോര്‍ജിയ, ഗ്രീസ്, ലെക്‌സംബര്‍ഗ് ടീമുകളുണ്ടാവും.






