'സൗഹാർദം കാത്തു സൂക്ഷിക്കാൻ മലയാളികൾ നടത്തുന്ന ശ്രമം മാതൃകാപരം'

ദോഹ- സ്‌നേഹവും സൗഹാർദവും കാത്തു സുക്ഷിക്കുന്നതിൽ ഇന്ത്യൻ സമൂഹം, വിശിഷ്യാ മലയാളി സമൂഹം നടത്തുന്ന ഇടപെടലുകൾ അഭിനന്ദനീയമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഷെയ്ഖ് മുഹമ്മദ് അൽത്താനി പ്രസ്താവിച്ചു. എട്ടാം ഖത്തർ മലയാളി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കൊറോണ പ്രതിസന്ധി കാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാൻ കഴിയുന്നതിന്റെ സന്തോഷം പങ്കിടുന്നതോടൊപ്പം മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് രാജ്യ വ്യാപകമായി  നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളെ കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. 
ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് പ്രതിജ്ഞാബദ്ധമാണെന്നും, ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്തെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്വാഗത സംഘം അഡൈ്വസറി ബോർഡ് ചെയർമാൻ അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ റഷീദ് അലി വി.പി സ്വാഗതഭാഷണം നിർവഹിച്ചു. 
ഷാനവാസ് ബാവ, സമീർ ഏറാമല എന്നിവർ ആശംസയർപ്പിച്ചു. ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയ സുവനീർ സമ്മേളന വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് റിജ്യണൽ ഹെഡ് സന്തോഷിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. 
ചെയർമാൻ ഡോ.സാബു കെ.സി സുവനീറിനെ പരിചയപ്പെടുത്തി. സമ്മേളനത്തിൽ സന്നിഹിതരായ മുഴുവൻ ആളുകൾക്കും കോപ്പികൾ സൗജന്യമായി വിതരണം ചെയ്യും.
ഉച്ചക്ക് ശേഷം നടന്ന ഫാമിലി മീറ്റിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി.എം.എ ഗഫൂർ, ഡോ.അജു എബ്രഹാം എന്നിവർ സംസാരിച്ചു. 
കെ.മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ഇ.പി അബ്ദുറഹിമാൻ, ടി.കെ ഖാസിം, അഹമ്മദ്കുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Tags

Latest News