Sorry, you need to enable JavaScript to visit this website.

നിജ്ജാര്‍ കൊലപാതക അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി വ്യാപാര ചര്‍ച്ച പുനഃരാരംഭിക്കില്ലെന്ന് കാനഡ

ടൊറന്റോ- വാന്‍കൂവറില്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട അന്വേഷണത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സഹകരിക്കാത്ത പക്ഷം ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ പുനോ:രാരംഭിക്കില്ലെന്ന് കാനഡയുടെ വാണിജ്യ മന്ത്രി മേരി എന്‍ജി. യു. എസിലെ  സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. 

കാനഡയുടെ മണ്ണില്‍ ഒരു കാനഡക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം എത്ര പ്രധാനമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെന്നും  അതിലാണ് ശ്രദ്ധയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

വ്യാപാര ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിയാലും കനേഡിയന്‍ ബിസിനസ്സ് കമ്മ്യൂണിറ്റി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ പിന്തുണയുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാന്‍ കൊലപാതക അന്വേഷണത്തില്‍ സഹകരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണത്തിലാണ് ശ്രദ്ധയെന്നും അത് നടക്കേണ്ടതുണ്ടെന്നും പറഞ്ഞ മന്ത്രി കനേഡിയന്‍ ബിസിനസുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അറിയിച്ചു. 

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ട് എന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിക്കുന്നതിനുമമ്പ് തന്നെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ് അനിശ്ചിതത്വത്തിലായിരുന്നു.

2022-23ല്‍ ഇന്ത്യ- കാനഡ വ്യാപാരം 8.16 ബില്യണ്‍ ഡോളറായിരുന്നു, ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ കാനഡയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പൊട്ടാഷ്  ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, തടി, പള്‍പ്പ്, പേപ്പര്‍, ഖനന ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കാനഡ ഇറക്കുമതി ചെയ്യുന്നത്.
 

Latest News