ജിദ്ദ - ബോക്‌സിംഗിലെ എതിരില്ലാത്ത ഹെവി വെയ്റ്റ് ലോക ചാമ്പ്യനെ നിശ്ചയിക്കാനുള്ള ചരിത്ര പോരാട്ടം അടുത്ത വര്‍ഷം ഫെബ്രുവരി 17 ന് സൗദിഅറേബ്യയിലെ റിയാദില്‍. ടൈസന്‍ ഫുറിയും ഒലക്‌സാണ്ടര്‍ ഉസിക്കും തമ്മിലായിരിക്കും പോരാട്ടം. അവസാനമായി ഏകീകൃത ചാമ്പ്യനെ നിശ്ചയിക്കാന്‍ നടന്ന പോരാട്ടം കാല്‍ നൂറ്റാണ്ടോളം മുമ്പാണ്, 1999 ല്‍. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനെ തോല്‍പിച്ച് ലെനക്‌സ് ലൂയിസ് ഡബ്ല്യു.ബി.സി, ഡബ്ല്യു.ബി.എ, ഐ.ബി.എഫ് കിരീടങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ അടുത്ത പോരാട്ടം സംബന്ധിച്ച് വിവാദമുടലെടുത്തതോടെ പിറ്റേ വര്‍ഷം ലൂയിസിന് ഡബ്ല്യു.ബി.എ ബെല്‍റ്റ്് നഷ്ടപ്പെട്ടു.
ഇത്തവണ നാല് ബെല്‍റ്റുകള്‍ക്കായാണ് ഫുറിയും ഉസിക്കും ഏറ്റുമുട്ടുക. ഉക്രൈന്‍കാരനായ ഉസിക് ഡബ്ല്യു.ബി.ഒ, ഡബ്ല്യു.ബി.എ, ഐ.ബി.എഫ് ബെല്‍റ്റുകള്‍ക്കുടമയാണ്. 21 പോരാട്ടങ്ങളില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ഡബ്ല്യു.ബി.സി ലോക ചാമ്പ്യനാണ് ഫുറി. 34 മത്സരങ്ങളില്‍ മുപ്പത്തിമൂന്നും ജയിച്ചു. ഉസിക് ക്രൂയിസ് വെയ്റ്റ് വിഭാഗത്തില്‍ 2018 ലും 2019 ലും എതിരില്ലാത്ത ചാമ്പ്യനായിരുന്നു. ഹെവിവെയ്റ്റിലും ആ പദവി നേടാനുള്ള അപൂര്‍വ അവസരമാണ് ഇത്.
ഫുറിയും ഉസിക്കും റിയാദ് സീസണിന്റെ ഭാഗമായി ഡിസംബര്‍ 23 ന് പൊരുതേണ്ടതായിരുന്നു. എന്നാല്‍ ആ പോരാട്ടം നീട്ടിവെച്ചു. യു.എഫ്.സി ചാമ്പ്യന്‍ ഫ്രാന്‍സിസ് എന്‍ഗാനുവിനെ സൗദിയില്‍ കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ തോല്‍പിക്കാന്‍ ഫുറി വല്ലാതെ പ്രയാസപ്പെട്ടതോടെയാണ് ഇത്.
ഉസിക് ബ്രിട്ടിഷ് ബോക്‌സര്‍മാരെ നാലു തവണ നേരിട്ടപ്പോഴും ജയിച്ചിരുന്നു. 2021 ലും കഴിഞ്ഞ വര്‍ഷം സൗദിയിലും ആന്റണി ജോഷ്വയെ കീഴടക്കി.
രണ്ടു തവണ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായിരുന്ന ആന്റണി ജോഷ്വയും മുന്‍ ഡബ്ല്യു.ബി.സി ചാമ്പ്യന്‍ ദിയോന്റേ വില്‍ഡറും ഡിസംബര്‍ 23 ന് സൗദി അറേബ്യയില്‍ റിംഗിലിറങ്ങുന്നുണ്ട്. ജോഷ്വ സ്വീഡന്റെ ഓട്ടോ വാലിനെയാണ് നേരിടുക. 2020 ല്‍ ടൈസന്‍ ഫുറിക്കു മുന്നില്‍ ഡബ്ല്യു.ബി.സി ബെല്‍റ്റ് അടിയറ വെച്ച വില്‍ഡര്‍ മുന്‍ ചാമ്പ്യന്‍ ജോസഫ് പാര്‍ക്കറുമായാണ് ഏറ്റുമുട്ടുക. റിയാദിലായിരിക്കും മത്സരങ്ങള്‍. ഹെവിവെയ്റ്റ് കിരീടങ്ങള്‍ നഷ്ടപ്പെട്ട ജോഷ്വയും വില്‍ഡറും തമ്മിലുള്ള പോരാട്ടത്തിന് ബോക്‌സിംഗ് ആരാധകര്‍ കാത്തിരിക്കുകയാണ്. എതിരാളികളെ കീഴടക്കുകയാണെങ്കില്‍ ഇവര്‍ തമ്മില്‍ സൗദിയില്‍ തന്നെ മറ്റൊരു പോരാട്ടത്തിന് സാധ്യതയുണ്ട്.
മുപ്പത്തിനാലുകാരനായ ആന്റണി ജോഷ്വ അവസാനം റിംഗിലിറങ്ങിയത് ഓഗസ്റ്റിലാണ്. ഫിന്‍ലന്റിന്റെ റോബര്‍ട് ഹെലേനിയസിനെതിരെ ലണ്ടനില്‍ നടന്ന മത്സരം ഏഴ് റൗണ്ടില്‍ ജയിച്ചു.
മുപ്പത്തിരണ്ടുകാരനായ വാലിന്റെ ഏക പ്രൊഫഷനല്‍ തോല്‍വി 2019 ല്‍ ഫുറിയോടായിരുന്നു. ജോഷ്വ 2021 ല്‍ ഉസിക്കിനോട് തോല്‍ക്കുകയും ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് കിരീടങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റീമാച്ചിലും പരാജയപ്പെട്ടു. വില്‍ഡറെ രണ്ടു തവണ ഫുറി തോല്‍പിച്ചിട്ടുണ്ട്. അവസാന മത്സരം 2022 ഒക്ടോബറില്‍ ഹെലേനിയസിനെ തോല്‍പിച്ചതാണ്.






