ഗോളടിച്ച് പതിനാറുകാരന്‍, 128 ഗോളുമായി ക്രിസ്റ്റിയാനൊ

പാരിസ് - ഹംഗറിയും സ്ലൊവാക്യയും യൂറോ കപ്പ് ഫുട്‌ബോളിന് സീറ്റുറപ്പിക്കുന്ന ഒമ്പതാമത്തെയും പത്താമത്തെയും ടീമുകളായി. പതിനാറുകാരന്‍ സെന്‍സേഷന്‍ യാമിന്‍ യമാലിന്റെ ഗോളില്‍ സ്‌പെയിനും ജയിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ ബള്‍ഗേറിയയുടെ അലക്‌സ് പോപ്പോവ് സമ്മാനിച്ച സെല്‍ഫ് ഗോളാണ് ഹംഗറിയെ സഹായിച്ചത്. ബള്‍ഗേറിയയിലെ സൊഫീയയില്‍ നടന്ന മത്സരം 2-2 സമനിലയായി. 97ാം മിനിറ്റില്‍ പോപ്പോവ് സ്വന്തം വലയിലേക്ക് പന്ത് ഹെഡ് ചെയ്യുകയായിരുന്നു. ബള്‍ഗേറിയന്‍ ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗ്രൂപ്പ് ജി-യില്‍ ഹംഗറിക്ക് 15 പോയന്റായി. സെര്‍ബിയയെക്കാള്‍ രണ്ട് പോയന്റ് കൂടുതല്‍. 
ഹോം മത്സരത്തില്‍ 4-2 ന് ഐസ്‌ലന്റിനെ തോല്‍പിച്ചാണ് സ്ലൊവാക്യ മുന്നേറിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്ലൊവാക്യ യൂറോ കപ്പ് കളിക്കുക. 
അഞ്ചാം മിനിറ്റില്‍ യമാല്‍ സ്‌കോര്‍ ചെയ്തതോടെ സ്‌പെയിന്‍ 3-1 ന് സൈപ്രസിനെ തോല്‍പിച്ചിരുന്നു. സെപ്റ്റംബറില്‍ ജോര്‍ജിയക്കെതിരെ ഗോളടിച്ച് സ്‌പെയിനിന്റെ പ്രായം കുറഞ്ഞ ഇന്റര്‍നാഷനല്‍ ഗോള്‍സ്‌കോററായിരുന്നു യമാല്‍.
ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ 128ാം ഇന്റര്‍നാഷനല്‍ ഗോളില്‍ പോര്‍ചുഗല്‍ 2-0 ന് ലെക്റ്റന്‍സ്റ്റനെ തോല്‍പിച്ചു. ജോ കാന്‍സെലോയും സകോര്‍ ചെയ്തു. ഡിയേഗൊ ജോട അളന്നുതൂക്കി പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ത്തിയ പാസ് റൊണാള്‍ഡൊ വലയുടെ മേല്‍ക്കൂരയിലേക്ക് പറത്തി. സ്വീഡനെ 3-0 ന് അസര്‍ബയ്ജാന്‍ തകര്‍ത്തു.  
10 ടീമുകള്‍ ഫൈനല്‍ റൗണ്ടിലെത്തി. ഹംഗറിക്കും സ്ലൊവാക്യക്കും പുറമെ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം, പോര്‍ചുഗല്‍, ഓസ്ട്രിയ, സ്‌കോട്‌ലന്റ്, തുര്‍ക്കി. നെതര്‍ലാന്റ്‌സ്, ഹംഗറി, സെര്‍ബിയ ടീമുകള്‍. അല്‍ബെനിയ, സ്ലൊവേനിയ, റുമാനിയ തുടങ്ങിയ യൂറോപ്പിലെ പിന്നണിക്കാരും ഫൈനല്‍ റൗണ്ടിനരികിലാണ്.  
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് ഇന്ന് ഗ്രൂപ്പ് സി-യില്‍ നിര്‍ണായക മത്സരമാണ്. നോര്‍ത്ത് മസിഡോണിയയുമായി. കഴിഞ്ഞ ലോകകപ്പിന്റെ പ്ലേഓഫില്‍ ഇറ്റലിയെ തോല്‍പിച്ച ടീമാണ് നോര്‍ത്ത് മസിഡോണിയ. തിങ്കളാഴ്ച അവര്‍ ഉക്രൈനുമായും ഏറ്റുമുട്ടും. ഉക്രൈന് മൂന്ന് പോയന്റ് പിന്നിലാണ് ഇറ്റലി. ഗ്രൂപ്പ് സി-യില്‍ നിന്ന് ഇംഗ്ലണ്ട് യോഗ്യത നേടിക്കഴിഞ്ഞു. 
ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെയും നില അങ്കലാപ്പിലാണ്. ഗ്രൂപ്പ് ഡി-യില്‍ നിന്ന് വെയ്ല്‍സോ ക്രൊയേഷ്യയോ പുറത്താവും. ചെക് റിപ്പബ്ലിക്കും പോളണ്ടുമടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് അല്‍ബേനിയ. വെള്ളിയാഴ്ച മോള്‍ദോവയുമായി സമനില മതി അവര്‍ക്ക് യോഗ്യത നേടാന്‍. ഡെന്മാര്‍ക്കുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് സ്ലോവേനിയയാണ്. ഈ ടീമുകള്‍ ഏറ്റുമുട്ടുന്നു.
 

Latest News