ഹുഫൂഫ് - 2026 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ സൗദി അറേബ്യ ഹോം ജയത്തോടെ തുടങ്ങി. 4-0 ന് പാക്കിസ്ഥാനെയാണ് ഗ്രൂപ്പ് ജി-യില്‍ സൗദി കീഴടക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ താജിക്കിസ്ഥാനെ ഹോം മത്സരത്തില്‍ ജോര്‍ദാന്‍ 1-1 ന് തളച്ചു. സിറിയ, യെമന്‍ ടീമുകളുടെയും ഹോം മത്സരങ്ങള്‍ സൗദിയിലാണ്. ഗ്രൂപ്പ് ബി-യില്‍ സിറിയ 1-0 ന് വടക്കന്‍ കൊറിയയെ തോല്‍പിച്ചു. ഗ്രൂപ്പ് എച്ചില്‍ യെമനെ 2-0 ന് ബഹ്‌റൈന്‍ തോല്‍പിച്ചു.
പാക്കിസ്ഥാനെതിരെ ഹുഫൂഫിലെ അല്‍ഫതഹ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ സാലിഹ് അല്‍ശെഹരിയുടെ ഇരട്ട ഗോളിലാണ് സൗദി ജയിച്ചത്. ആരാം മിനിറ്റില്‍ ശെഹരി ആദ്യ ഗോളടിച്ചെങ്കിലും പാക്കിസ്ഥാന്‍ പ്രതിരോധ നിര പിന്നീട് പിടിച്ചുനിന്നു. 48ാം മിനിറ്റിലെ പെനാല്‍ട്ടിയിലൂടെയാണ് ലീഡ് വര്‍ധിപ്പിച്ചത്. ഇഞ്ചുറി ടൈമില്‍ അബ്ദുറഹമാന്‍ ഗരീബും അബ്ദുല്ല ഹാദി റാദിഫും പാക്കിസ്ഥാന്‍ വല കുലുക്കി.
നേരത്തെ സൗദി ലീഗില്‍ കളിച്ച അബ്ദുല്ല അല്‍സുമയാണ് ജിദ്ദ പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തില്‍ വടക്കന്‍ കൊറിയക്കെതിരെ ഗോളടിച്ചത്. അബഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു യെമന്‍-ബഹ്‌റൈന്‍ മത്സരം. 38ാം മിനിറ്റില്‍ മുഹമ്മദ് മര്‍ഹൂന്‍ ബഹ്‌റൈന്റെ ഗോളടിച്ചു. പത്ത് മിനിറ്റിനു ശേഷം രണ്ടാം ഗോള്‍ യെമന്റെ ഹര്‍വാന്‍ യൂസുഫ് അല്‍സുബൈദിയുടെ സംഭാവനയായിരുന്നു.






