കുവൈത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഫുട്ബോള്‍

ജിദ്ദ - 2026 ലെ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യക്ക് ഉജ്വല തുടക്കം. കുവൈത്ത് സിറ്റിയില്‍ കുവൈത്തിനെ 1-0 ന് തോല്‍പിച്ച് ഇന്ത്യ വലതുകാല്‍ വെച്ചു. മന്‍വീര്‍ സിംഗാണ് എഴുപത്തഞ്ചാം മിനിറ്റില്‍ വിജയ ഗോളടിച്ചത്. ഇഞ്ചുറി ടൈമില്‍ ഫൈസല്‍ അല്‍ഹര്‍ബി രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായതോടെ 10 പേരുമായാണ് കുവൈത്ത് കളിയവസാനിപ്പിച്ചത്. ഗാലറിയില്‍ നിറഞ്ഞ മലയാളികള്‍ ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്നു. 
ജാബിര്‍ അല്‍അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ലാലിന്‍സുവാവ ചാംഗ്‌ടെയുടെ ക്രോസ് സ്വീകരിച്ച് ഇടങ്കാലു കൊണ്ടാണ് മന്‍വീര്‍ വല ചലിപ്പിച്ചത്. മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാരാണ് കുവൈത്ത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 21 ന് ഭുവനേശ്വറില്‍ നടക്കുന്ന കളി ഇന്ത്യയുടെ ആദ്യ ഹോം മത്സരം കൂടിയാണ്. ഖത്തര്‍ ആദ്യ ഹോം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 8-1 ന് തോല്‍പിച്ചു. 
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു വീതം ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ഇന്ത്യ ഇതുവരെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ അവസാന റൗണ്ടിലെത്തിയിട്ടില്ല. 
രണ്ടാം റൗണ്ടില്‍ മുന്‍നിര ടീമുകള്‍ ഉജ്വല വിജയം നേടി. ഹോം മത്സരങ്ങളില്‍ ഓസ്‌ട്രേലിയ 7-0 ന് ബംഗ്ലാദേശിനെയും ജപ്പാന്‍ 5-0 ന് മ്യാന്മറിനെയും തെക്കന്‍ കൊറിയ 5-0 ന് സിംഗപ്പൂരിനെയും തോല്‍പിച്ചു. ഇറാന്‍ 4-0 ന് ഹോങ്കോംഗിനെയും ഇറാഖ് 5-1 ന് ഇന്തോനേഷ്യയെയും തോല്‍പിച്ചു. ചൈന 2-1 ന് തായ്‌ലന്റിനെ കീഴടക്കി. ഒമാന്‍ 2-0 ന് ചൈനീസ് തായ്‌പെയിയെ തോല്‍പിച്ചു. ഏഴു ഗോള്‍ ത്രില്ലറില്‍ മലേഷ്യ 4-3 ന് കിര്‍ഗിസ്ഥാനെ മറികടന്നു. ലെബനോനും ഫലസ്തീനും ഗോള്‍രഹിത സമനില പാലിച്ചു. 
ഒസാക്കയില്‍ തുടര്‍ച്ചയായ എട്ടാം ലോകകപ്പ് ബെര്‍ത്തിനുള്ള ദൗത്യത്തിന് ജപ്പാന്‍ വിജയത്തോടെ തുടക്കമിട്ടു. അയാസെ ഉയേദയുടെ ഹാട്രിക്കില്‍ അവര്‍ അനായാസം മ്യാന്മറിന്റെ കഥ കഴിച്ചു. വടക്കന്‍ കൊറിയയും സിറിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2022 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മ്യാന്മറിനെ 10-0 ന് ജപ്പാന്‍ തോല്‍പിച്ചിരുന്നു. 
ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയുടെ പകരക്കാരന്‍ ജെയ്മി മക്‌ലാരന്‍ രണ്ടാം പകുതിയില്‍ ഹാട്രിക് പൂര്‍ത്തിയാക്കി. നാലാം മിനിറ്റില്‍ തന്നെ ഹാരി സൂറ്ററുടെ ഹെഡറിലൂടെ ഓസ്‌ട്രേലിയ ലീഡ് നേടിയിരുന്നു. ഇടവേളക്ക് മുമ്പെ അവര്‍ 4-0 ന് മുന്നിലെത്തി. 
 

Latest News