ജിദ്ദ - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടില്‍ മുന്‍നിര ടീമുകള്‍ ഉജ്വല വിജയം നേടി. ഹോം മത്സരങ്ങളില്‍ ഓസ്‌ട്രേലിയ 7-0 ന് ബംഗ്ലാദേശിനെയും ജപ്പാന്‍ 5-0 ന് മ്യാന്മറിനെയും തെക്കന്‍ കൊറിയ 5-0 ന് സിംഗപ്പൂരിനെയും തോല്‍പിച്ചു. ഇറാന്‍ 4-0 ന് ഹോങ്കോംഗിനെയും ഇറാഖ് 5-1 ന് ഇന്തോനേഷ്യയെയും തോല്‍പിച്ചു. ചൈന 2-1 ന് തായ്‌ലന്റിനെ കീഴടക്കി. ഒമാന്‍ 2-0 ന് ചൈനീസ് തായ്‌പെയിയെ തോല്‍പിച്ചു. ഏഴു ഗോള്‍ ത്രില്ലറില്‍ മലേഷ്യ 4-3 ന് കിര്‍ഗിസ്ഥാനെ മറികടന്നു. ലെബനോനും ഫലസ്തീനും ഗോള്‍രഹിത സമനില പാലിച്ചു.
ഒസാക്കയില്‍ തുടര്‍ച്ചയായ എട്ടാം ലോകകപ്പ് ബെര്‍ത്തിനുള്ള ദൗത്യത്തിന് ജപ്പാന്‍ വിജയത്തോടെ തുടക്കമിട്ടു. അയാസെ ഉയേദയുടെ ഹാട്രിക്കില്‍ അവര്‍ അനായാസം മ്യാന്മറിന്റെ കഥ കഴിച്ചു. വടക്കന്‍ കൊറിയയും സിറിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2022 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മ്യാന്മറിനെ 10-0 ന് ജപ്പാന്‍ തോല്‍പിച്ചിരുന്നു.
ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയുടെ പകരക്കാരന്‍ ജെയ്മി മക്‌ലാരന്‍ രണ്ടാം പകുതിയില്‍ ഹാട്രിക് പൂര്‍ത്തിയാക്കി. നാലാം മിനിറ്റില്‍ തന്നെ ഹാരി സൂറ്ററുടെ ഹെഡറിലൂടെ ഓസ്‌ട്രേലിയ ലീഡ് നേടിയിരുന്നു. ഇടവേളക്ക് മുമ്പെ അവര്‍ 4-0 ന് മുന്നിലെത്തി.






