വീണ്ടും ആ ഫൈനല്‍, കണക്കുതീര്‍ക്കാന്‍ ദ്രാവിഡ്

മുംബൈ - കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ന്യൂസിലാന്റിനോട് കണക്കുതീര്‍ത്ത ഇന്ത്യന്‍ ടീമിന് 2003 ഫൈനലിലെ തോല്‍വിക്ക് ഓസ്‌ട്രേലിയക്ക് മറുപടി നല്‍കാന്‍ അവസരം. പാക്കിസ്ഥാനെ ആറു വിക്കറ്റിനും കെനിയയെ മെിഫൈനലില്‍ 91 റണ്‍സിനും തകര്‍ത്ത് വലിയ ആവേശത്തോടെ ഫൈനലിലെത്തിയ ഇന്ത്യയെ ഓസ്‌ട്രേലിയ അന്ന് തരിപ്പണമാക്കുകയായിരുന്നു. 
ഓസ്‌ട്രേലിയ 125 റണ്‍സിനാണ് ജയിച്ചതെങ്കിലും തീര്‍ത്തും ഏകപക്ഷീയമായിരുന്നു ആ ഫൈനല്‍. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതു മുതല്‍ ഇന്ത്യക്കു പിഴച്ചു. ആഡം ഗില്‍ക്രിസ്റ്റും മാത്യു ഹയ്ഡനും ഓപണിംഗ് ബൗളര്‍മാരായ സഹീര്‍ ഖാനെയും ജവഗല്‍ ശ്രീനാഥിനെയും നിലത്തുനിര്‍ത്തിയില്ല. പതിനാലാം ഓവറില്‍ അവര്‍ 100 കടന്നു. ഇരുവരെയും ഹര്‍ഭജന്‍ സിംഗ് പുറത്താക്കിയ ശേഷമാണ് യഥാര്‍ഥ കൊടുങ്ങാറ്റ് കണ്ടത്. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും (121 പന്തില്‍ 140 നോട്ടൗട്ട്, 8 സിക്‌സര്‍, 4 ബൗണ്ടറി) ഡേമിയന്‍ മാര്‍ടിനും (84 പന്തില്‍ 88 നോട്ടൗട്ട്, ഒരു സിക്‌സര്‍, 7 ബൗണ്ടറി) ഇന്ത്യന്‍ ബൗളിംഗിനെ അക്ഷരാര്‍ഥത്തില്‍ തച്ചുതകര്‍ത്തു. രണ്ടിന് 359 റണ്‍സാണ് ജോഹന്നസ്ബര്‍ഗില്‍ ഓസീസ് അടിച്ചെടുത്തത്. എട്ട് ബൗളര്‍മാരെ ഇന്ത്യ മാറിമാറിപ്പരീക്ഷിച്ചിട്ടും റണ്ണൊഴുക്ക് നിയന്ത്രിക്കാനായില്ല. 
ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ സചിന്‍ ടെണ്ടുല്‍ക്കറിലായിരുന്നു. ഗ്ലെന്‍ മക്ഗ്രാ എറിഞ്ഞ നാലാമത്തെ പന്ത് സചിന്‍ ബൗണ്ടറി കടത്തി. അഞ്ചാമത്തെ പന്ത് പുള്‍ ചെയ്യാനുള്ള സചിന്റെ ശ്രമം വിഫലമായി. ബൗളര്‍ തന്നെ അത് ഓടിപ്പിടിച്ചു. വന്‍ സ്‌കോര്‍ പിന്തുടരാനുള്ള ഇന്ത്യയുടെ ആത്മവിശ്വാസം അതോടെ തകര്‍ന്നു. മൂന്ന് സിക്‌സറും  10 ബൗണ്ടറിയുമായി ഒരറ്റത്ത് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റ് നിലംപതിച്ചു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും (24) മുഹമ്മദ് ഖൈഫും (0) തുടരെ പുറത്തായി. രാഹുല്‍ ദ്രാവിഡും (47) സെവാഗുമൊത്തുള്ള കൂട്ടുകെട്ടായിരുന്നു അവസാന പ്രതീക്ഷ. എന്നാല്‍ ഡാരന്‍ ലേമന്‍ നേരിട്ടെറിഞ്ഞ് സെവാഗിനെ റണ്ണൗട്ടാക്കിയതോടെ ഇന്ത്യ കഥ തീര്‍ന്നു. യുവരാജ് സിംഗും (24) ദിനേശ് മോംഗിയയും (12) മാത്രമാണ് പിന്നെ രണ്ടക്കം കണ്ടത്. പത്തോവറിലേറെ ശേഷിക്കെ ഇന്ത്യ 234 ന് ഓളൗട്ടായി. ഫൈനല്‍ വലിയ ആന്റി ക്ലൈമാക്‌സായി. 
ആ നാണക്കേടിന് അഹമ്മദാബാദില്‍ മറുപടി നല്‍കാനായിരിക്കും ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം ശ്രമിക്കുക. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയയുമായിരുന്നു. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജദേജയും അവരെ 199 ന് പുറത്താക്കാന്‍ നേതൃത്വം നല്‍കി. ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ മറുപടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇശാന്‍ കിഷനും ശ്രേയസ് അയ്യരും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. എന്നാല്‍ വിരാട് കോലിയും (85) കെ.എല്‍ രാഹുലും (97 നോട്ടൗട്ട്) ഒമ്പതോവറോളം ശേഷിക്കെ ഇന്ത്യയെ ലക്ഷ്യം കടത്തി. അഹമ്മദാബാദില്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കണക്കിന് കൊടുക്കാന്‍ ഇന്ത്യന്‍ മുന്‍നിരക്ക് കൂടി കൈ തരിക്കുന്നുണ്ടാവും. 

Latest News