രണ്ടാം സെമി ആവേശത്തിലേക്ക്, ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം

കൊല്‍ക്കത്ത - ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ ആവേശാന്ത്യത്തിലേക്ക്. ദക്ഷിണാഫ്രിക്കയുടെ 212 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി. സ്പിന്നര്‍മാരാണ് ഓസീസിനെ വെള്ളം കുടിപ്പിക്കുന്നത്. മാര്‍നസ് ലാബുഷൈനെയും അഫ്ഗാനിസ്ഥാനെതിരായ വിജയത്തിലെ ഹീറോ ഗ്ലെന്‍ മാക്‌സ്‌വെലിനെയും (1) തബരൈസ് ശംസി പുറത്താക്കി. ഇരുപത്തഞ്ചോവറില്‍ അഞ്ചിന് 141 ല്‍ പരുങ്ങുകയാണ് ഓസീസ്. 
ഡേവിഡ് വാണര്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചതോടെ ഓസീസ് അതിവേഗം മറുപടി തുടങ്ങി. ആറോവറില്‍ ട്രാവിസ് ഹെഡും (48 പന്തില്‍ 62, 6-2, 4-9) വാണറും (18 പന്തില്‍ 29, 6-4, 4-1) 60 റണ്‍സ് അടിച്ചെടുത്തു. വാണറും മിച്ചല്‍ മാര്‍ഷും (0) തുടരെ പുറത്തായതൊന്നും ഓസീസിന്റെ മുന്നേറ്റത്തെ ബാധിച്ചില്ല. ഹെഡിനെ പതിനഞ്ചാം ഓവറില്‍ കേശവ് മഹാരാജ് ബൗള്‍ഡാക്കുമ്പോഴേക്കും ഓസീസ് പാതിവഴി പിന്നിട്ടിരുന്നു. 
പിന്നീടാണ് ദക്ഷിണാഫ്രിക്ക കളിയിലേക്ക് വന്നത്. മാര്‍നസ് ലാബുഷൈനെ (31 പന്തില്‍ 18, 4-2) ശംസി വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ മാക്‌സ്‌വെലിനെ ബൗള്‍ഡാക്കി. സ്റ്റീവന്‍ സ്മിത്തും (31 പന്തില്‍ 18 നോട്ടൗട്ട്) ജോഷ് ഇന്‍ഗ്ലിസുമാണ് ക്രീസില്‍. 50 റണ്‍സെങ്കിലും കൂടുതല്‍ നേടിയിരുന്നുവെങ്കില്‍ വിജയം കാണാന്‍ ഓസീസിന് വിയര്‍ക്കേണ്ടി വരുമായിരുന്നു. 

ഹൊറര്‍ ഷോ
പരിക്ക് പൂര്‍ണമായി മാറിയിട്ടില്ലെങ്കിലും കളിക്കുന്നുവെന്നാണ് ടോസ് വേളയില്‍ ക്യാപ്റ്റന്‍ തെംബ ബവൂമ പറഞ്ഞത്. ബവൂമക്ക് (0) ആദ്യ ഓവര്‍ പോലും അതിജീവിക്കാനായില്ല. സ്റ്റാര്‍ക്കിന്റെ ആറാമത്തെ പന്തില്‍ ക്യാപ്റ്റനെ വിക്കറ്റ്കീപ്പര്‍ പിടിച്ചു. അഞ്ചോവറില്‍ എട്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. ആറാം ഓവറില്‍ ഹയ്‌സല്‍വുഡാണ് ക്വിന്റന്‍ ഡികോക്കിന്റെ ദുരിതം (14 പന്തില്‍ 3) ദുരിതം അവസാനിപ്പിച്ചത്. പത്തോവറില്‍ സ്‌കോര്‍ രണ്ടിന് 18. തുടര്‍ച്ചയായ ഓവറുകളില്‍ റാസി വാന്‍ഡര്‍ഡസനും (6) അയ്ദന്‍ മാര്‍ക്‌റമും (10) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വിരണ്ടു. 
ചാറ്റല്‍ മഴ കാരണം കളി മുക്കാല്‍ മണിക്കൂര്‍ നിര്‍ത്തിയപ്പോഴാണ് അവര്‍ സമനില വീണ്ടെടുത്തത്. ഹയ്ന്‍ റിക് ക്ലാസനും (48 പന്തില്‍ 47) മില്ലറും അഞ്ചാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടുകെട്ടോടെ പ്രതീക്ഷ നല്‍കി. പാര്‍ട് ടൈം സ്പിന്നര്‍ ട്രാവിസ് ഹെഡിനെ വിളിച്ചാണ് ഓസ്‌ട്രേലിയ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ക്ലാസനെയും മാര്‍ക്കൊ യാന്‍സനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ ഹെഡ് പുറത്താക്കി. 
ജെറാള്‍ഡ് കീറ്റ്‌സിയുമൊത്ത് (39 പന്തില്‍ 19) ഏഴാം വിക്കറ്റില്‍ മില്ലര്‍ 53 റണ്‍സ് ചേര്‍ത്തു. നിര്‍ഭാഗ്യമാണ് കീറ്റ്‌സിയുടെ പുറത്താകലിന് കാരണം. സ്റ്റാര്‍ക്കിന്റെ ബോള്‍ കീറ്റ്‌സിയുടെ ബാറ്റില്‍ സ്പര്‍ശിക്കാതെയാണ് വിക്കറ്റ്കീപ്പര്‍ പിടിച്ചതെന്ന് റീപ്ലേ തെളിയിച്ചെങ്കില്‍ റിവ്യൂ ചെയ്യാതെ ബാറ്റര്‍ ക്രീസ് വിട്ടു. 
നാല്‍പത്തെട്ടാം ഓവറില്‍ എതിര്‍ നായകന്‍ പാറ്റ് കമിന്‍സിനെ സിക്‌സറിനുയര്‍ത്തി മില്ലര്‍ സെഞ്ചുറി തികച്ചു. അടുത്ത പന്തില്‍ അതേ ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ലെഗ് ബൗണ്ടറിയില്‍ പിടികൊടുത്തു. 
പെയ്‌സ്ബൗളര്‍മാരായ സ്റ്റാര്‍ക്കും (10-1-34-3) കമിന്‍സും (9.4-0-51-3) ജോഷ് ഹെയ്‌സല്‍വുഡും (8-3-12-2) എട്ട് വിക്കറ്റ് പങ്കുവെച്ചു. ഹെഡിനാണ് (5-0-21-2) അവശേഷിച്ച വിക്കറ്റ്. സ്പിന്നര്‍ ആഡം സാംപയെ (7-0-55-0) ആറു തവണ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ സിക്‌സറിനുയര്‍ത്തി. 

Latest News