കൊല്‍ക്കത്ത - ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിഫൈനലില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് ഡേവിഡ് മില്ലര്‍ സെഞ്ചുറിയോടെ ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ രണ്ട് പന്ത് ശേഷിക്കെ 212 ന് അവര്‍ ഓളൗട്ടായി. ടീം 11.5 ഓവറില്‍ നാലിന് 24 ലേക്ക് കൂപ്പുകുത്തിയ ഘട്ടത്തില്‍ ക്രീസിലെത്തിയ മില്ലര്‍ 116 പന്തില്‍ അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയും സഹിതം 101 റണ്‍സെടുത്തു.
നാല്‍പത്തെട്ടാം ഓവറില്‍ എതിര്‍ നായകന്‍ പാറ്റ് കമിന്‍സിനെ സിക്‌സറിനുയര്‍ത്തി സെഞ്ചുറി തികച്ച ശേഷം അതേ ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ലെഗ് ബൗണ്ടറി ലൈനില്‍ പിടികൊടുത്തു.
ഹയ്ന്‍ റിക് ക്ലാസനും (48 പന്തില്‍ 47) മില്ലറും അഞ്ചാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടുകെട്ടോടെ പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ ക്ലാസനെയും മാര്‍ക്കൊ യാന്‍സനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ പാര്‍ട് ടൈം സ്പിന്നര്‍ ട്രാവിസ് ഹെഡ് പുറത്താക്കി. ജെറാള്‍ഡ് കീറ്റ്‌സിയുമൊത്ത് (39 പന്തില്‍ 19) ഏഴാം വിക്കറ്റില്‍ മില്ലര്‍ 53 റണ്‍സ് ചേര്‍ത്തു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റിവ്യൂ ചെയ്തിരുന്നുവെങ്കില്‍ മില്ലര്‍ പുറത്താവില്ലായിരുന്നു. ബാറ്റില്‍ സ്പര്‍ശിക്കാതെയാണ് പന്ത് വിക്കറ്റ്കീപ്പര്‍ പിടിച്ചതെന്ന് റീപ്ലേ തെളിയിച്ചു. കഗീസൊ റബാദയും (10) അയ്ദന്‍ മാര്‍ക്‌റമുമാണ് (10) ഇവരെ കൂടാതെ രണ്ടക്കത്തിലെത്തിയത്.
പെയ്‌സ്ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും (10-1-34-3) കമിന്‍സും (9.4-0-51-3) ജോഷ് ഹെയ്‌സല്‍വുഡും (8-3-12-2) എട്ട് വിക്കറ്റ് പങ്കുവെച്ചു. ഹെഡിനാണ് (5-0-21-2) അവശേഷിച്ച വിക്കറ്റ്. സ്പിന്നര്‍ ആഡം സാംപയെ (7-0-55-0) ആറു തവണ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ സിക്‌സറിനുയര്‍ത്തി.
ആദ്യം ബാറ്റ് ചെയ്യുന്നതാണ് തങ്ങളുടെ ശക്തിയെന്നു പറഞ്ഞ് ടോസ് കിട്ടിയപ്പോള്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലേ പിഴച്ചു. 11.5 ഓവറില്‍ 24 റണ്‍സെടുക്കുമ്പോഴേക്കുംനാല് വിക്കറ്റ് നഷ്ടപ്പെട്ടു. 14 ഓവറില്‍ നാലിന് 44 ല്‍ ടീം പരുങ്ങവെ ആശ്വാസമായി ചാറ്റല്‍ മഴയെത്തിയെങ്കിലും നീണ്ടുനിന്നില്ല. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡുമാണ് മുന്‍നിര തകര്‍ത്തത്.
പരിക്ക് ഭേദമായി ടീമിലിടം നേടിയ ക്യാപ്റ്റന്‍ തെംബ ബവൂമയാണ് (0) ആദ്യം പുറത്തായത്. സ്റ്റാര്‍ക്കിന്റെ ആറാമത്തെ പന്തില്‍ ക്യാപ്റ്റനെ വിക്കറ്റ്കീപ്പര്‍ പിടിച്ചു. അഞ്ചോവറില്‍ എട്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. ആറാം ഓവറില്‍ ഹയ്‌സല്‍വുഡാണ് ക്വിന്റന്‍ ഡികോക്കിനെ (3) മടക്കിയത്. പത്തോവറില്‍ സ്‌കോര്‍ രണ്ടിന് 18.
തുടര്‍ച്ചയായ ഓവറുകളില്‍ റാസി വാന്‍ഡര്‍ഡസനും (6) അയ്ദന്‍ മാര്‍ക്‌റമും (10) പിടികൊടുത്തു.






