ലാഹോര്‍ - ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചു. മൂന്ന്് രൂപത്തിലുള്ള ക്രിക്കറ്റിലും ഇനി ബാബര്‍ നായകനായിരിക്കില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ബാബറിനെ പുറത്താക്കിയെന്നും ടെസ്റ്റില്‍ ക്യാപ്റ്റനായി തുടരണമെന്ന് താല്പര്യമുണ്ടായിരുന്നുവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഷാന്‍ മസൂദിന് ലഭിക്കുമെന്നാണ് സൂചന. ടെസ്റ്റ് പരമ്പരക്കായി പാക്കിസ്ഥാന് ടീം ഈ മാസം 30 ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. ശാഹീന്‍ ഷാ അഫ്രീദി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായേക്കും. കോച്ച് ഗ്രാന്റ് ബ്രാഡ്ബേണിന്റെയും ക്രിക്കറ്റ് ഡയരക്ടര്‍ മിക്കി ആര്‍തറുടെയും ഭാവി വ്യക്തമല്ല. ബാബര്‍ ടീമില്‍ തുടരും.
2019 ല്‍ ക്യാപ്റ്റനാവാനുള്ള ക്ഷണം ലഭിച്ചത് അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും അതിനു ശേഷം ഒരുപാട് കയറ്റിറക്കങ്ങള്‍ക്കിടയില്‍ ലോക ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ അഭിമാനവും ആദരവും നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നും ബാബര്‍ പറഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് പറഞ്ഞ ബാബര്‍ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പ്രയാസകരമായിരുന്നുവെന്ന് വെളിപ്പെടുത്തി. ലോകകപ്പില്‍ 320 റണ്‍സടിച്ചെങ്കിലും പതിവ് ഫോമിലേക്കുയരാന്‍ ബാബറിന് സാധിച്ചിരുന്നില്ല.






