മുംബൈ -ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ റണ്‍മലയിലേക്ക് നടന്നടുക്കുന്ന ന്യൂസിലാന്റിന് കനത്ത പ്രഹരം. ഡാരില്‍ മിച്ചലും കെയ്ന്‍ വില്യംസനും തമ്മിലുള്ള 181 റണ്‍സ് കൂട്ടുകെട്ടിനു പിന്നാലെ തുടര്‍ച്ചയായി രണ്ടു വിക്കറ്റെടുത്ത് മുഹമ്മദ് ഷമി ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കി. വില്യംസനെയും ടോം ലേതമിനെയും (0) മൂന്നു പന്തിനിടെ ഷമി പുറത്താക്കി. നാലു വിക്കറ്റും ഷമിക്കാണ്. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വെയെയും (13) രചിന്‍ രവീന്ദ്രയെയും (13) മുഹമ്മദ് ഷമി എളുപ്പം മടക്കിയെങ്കിലും ഡാരില്‍ മിച്ചലും (85 പന്തില്‍ 100 നോട്ടൗട്ട്) വില്യംസനും (73 പന്തില്‍ 69) ഇന്ത്യയെ വെള്ളം കുടിപ്പിച്ചിരുന്നു. മുപ്പത്തിരണ്ടോവറില്‍ അവര്‍ മൂന്നിന് 220 ലെത്തി. ഇന്ത്യയുടെ നാലിന് 397 മറികടക്കാന്‍ അവര്‍ക്ക് അവശേഷിച്ച ഓവറുകളില്‍ പത്ത് റണ്‍സ് നിരക്കില്‍ സ്‌കോര്‍ ചെയ്യേണ്ടി വരും.
ഇരുപത്തൊമ്പതാം ഓവറില്‍ രണ്ടാം സ്‌പെല്ലിനു വന്ന ജസ്പ്രീത് ബുംറയെ അടിച്ചുയര്‍ത്തിയ വില്യംസനെ മിഡോണില്‍ ഷമി കൈവിട്ടിരുന്നു. പത്തോവറില്‍ രണ്ടിന് 46 റണ്‍സിലേക്ക് ഇഴഞ്ഞെത്തിയ കിവീസ് പിന്നീട് ഏഴര റണ്‍സ് നിരക്കില്‍ സ്‌കോര്‍ ചെയ്തു.
നേരത്തെ തുടക്കം മുതല്‍ ആക്രമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (29 പന്തില്‍ 47) പിന്നീട് കടിഞ്ഞാണേറ്റെടുത്ത ശുഭ്മന്‍ ഗില്ലും (66 പന്തില്‍ 80 നോട്ടൗട്ട്) മടങ്ങിയെങ്കിലും വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറികളോടെ റണ്‍മല പടുത്തുയര്‍ത്തി. കോലി ഏകദിന ക്രിക്കറ്റിലെ അമ്പതാം സെഞ്ചുറി തികച്ച് റെക്കോര്‍ഡിട്ടു (113 പന്തില്‍ 117). തൊട്ടുപിന്നാലെ ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി പൂര്‍ത്തിയാക്കി (70 പന്തില്‍ 105).






