മുംബൈ -ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ റണ്‍മലയിലേക്ക് നടന്നടുത്ത് ന്യൂസിലാന്റ്. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വെയെയും (13) രചിന്‍ രവീന്ദ്രയെയും (13) മുഹമ്മദ് ഷമി എളുപ്പം മടക്കിയെങ്കിലും ഡാരില്‍ മിച്ചലും (85 പന്തില്‍ 100 നോട്ടൗട്ട്) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (72 പന്തില്‍ 69 നോട്ടൗട്ട്) പൊരുതുകയാണ്. മുപ്പത്തിരണ്ടോവറില്‍ അവര്‍ രണ്ടിന് 213 ലെത്തി. ഇന്ത്യയുടെ നാലിന് 397 മറികടക്കാന്‍ അവര്‍ക്ക് അവശേഷിച്ച ഓവറുകളില്‍ പത്ത് റണ്‍സ് നിരക്കില്‍ സ്‌കോര്‍ ചെയ്യേണ്ടി വരും.
ഇരുപത്തൊമ്പതാം ഓവറില്‍ രണ്ടാം സ്‌പെല്ലിനു വന്ന ജസ്പ്രീത് ബുംറയെ അടിച്ചുയര്‍ത്തിയ വില്യംസനെ മിഡോണില്‍ ഷമി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. പത്തോവറില്‍ രണ്ടിന് 46 റണ്‍സിലേക്ക് ഇഴഞ്ഞെത്തിയ കിവീസ് പിന്നീട് ഏഴര റണ്‍സ് നിരക്കില്‍ സ്‌കോര്‍ ചെയ്തു. ന്യൂസിലാന്റിനെ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രയാസപ്പെടുകയാണ്.
നേരത്തെ തുടക്കം മുതല്‍ ആക്രമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (29 പന്തില്‍ 47) പിന്നീട് കടിഞ്ഞാണേറ്റെടുത്ത ശുഭ്മന്‍ ഗില്ലും (66 പന്തില്‍ 80 നോട്ടൗട്ട്) മടങ്ങിയെങ്കിലും വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറികളോടെ റണ്‍മല പടുത്തുയര്‍ത്തി. കോലി ഏകദിന ക്രിക്കറ്റിലെ അമ്പതാം സെഞ്ചുറി തികച്ച് റെക്കോര്‍ഡിട്ടു (113 പന്തില്‍ 117). തൊട്ടുപിന്നാലെ ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി പൂര്‍ത്തിയാക്കി (70 പന്തില്‍ 105).
106 പന്തില്‍ ഒരു സിക്‌സറും എട്ട് ബൗണ്ടറിയുമായാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 80 റണ്‍സ് പിന്നിട്ടതു മുതല്‍ കോലി പേശിവേദനയുമായി പൊരുതി. എട്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമുണ്ട് ശ്രേയസിന്റെ സെഞ്ചുറിയില്‍. സൂര്യകുമാര്‍ യാദവ് (1) എളുപ്പം പുറത്തായി. കെ.എല്‍ രാഹുലും (20 പന്തില്‍ 39 നോട്ടൗട്ട്) തിരിച്ചുവന്ന ഗില്ലുമാണ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്.
സചിന്‍ ടെണ്ടുല്‍ക്കറുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് സചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പേരിലുള്ള ഇരട്ട റെക്കോര്‍ഡ് കോലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 49 സെഞ്ചുറിയാണ് സചിന്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത സചിന്റെ റെക്കോര്‍ഡും കോലി മറികടന്നു. 2003 ലെ ലോകകപ്പില്‍ സചിന്‍ 673 റണ്‍സെടുത്തിരുന്നു.
സചിന്‍ 451 ഏകദിനങ്ങളിലാണ് 49 സെഞ്ചുറിയടിച്ചതെങ്കില്‍ കോലി 279ാമത്തെ ഇന്നിംഗ്‌സിലാണ് അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ കളിയില്‍ സെഞ്ചുറിയടിച്ച ശ്രേയസ് അയ്യരും 35 പന്തില്‍ അര്‍ധ ശതകം പിന്നിട്ട് കുതിക്കുകയാണ്
ഗില്ലിന് 79 ലുള്ളപ്പോള്‍ പേശിവേദന കാരണം പിന്മാറേണ്ടി വരികയായിരുന്നു. ഇന്ത്യ ഇരുപത്തഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് കളികളില്‍ ഏഴിലും അര്‍ധ ശതകം നേടിയ വിരാട് കോലി ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ചുറിയാണ് തികച്ചത്.
പതിമൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 പിന്നിട്ട ഇന്ത്യ ഇരുപതാം ഓവറില്‍ 150 കടന്നു. മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയുമുണ്ട് ഗില്ലിന്റെ ഇന്നിംഗ്‌സില്‍. വമ്പന്‍ ഷോട്ടുകളുമായി കുതിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒമ്പതാം ഓവറില്‍ ന്യൂസിലാന്റ് പുറത്താക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 29 പന്തില്‍ 47 റണ്‍സെടുത്തു. അഞ്ചാം സിക്‌സറിനുള്ള ശ്രമത്തില്‍ മനോഹരമായി കെയ്ന്‍ വില്യംസന്‍ പിടിച്ചു. അതേ ഓവറില്‍ കോലിക്കെതിരെ ശക്തമായ എല്‍.ബി അപ്പീലുയര്‍ന്നെങ്കിലും റിവ്യൂയില്‍ രക്ഷപ്പെട്ടു. രോഹിത് പുറത്തായതോടെ ഗില്‍ കടിഞ്ഞാണേറ്റെടുത്തു.






