അനുഷ്‌കക്ക് മുമ്പില്‍, സചിന്‍ കാണ്‍കെ; ഇത് സ്വപ്‌നം പോലെ -കോലി

മുംബൈ - ലോകകപ്പ് സെമിഫൈനലിന്റെ ഉന്നതമായ വേദിയില്‍ അമ്പതാം ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കാനായത് പിക്ചര്‍ പെര്‍ഫെക്ട് (അന്യൂനമായ ചിത്രം) ആയി തോന്നുന്നുവെന്ന് വിരാട് കോലി. ഏറ്റവും സ്‌നേഹിക്കുന്ന ജീവിതപങ്കാളി അനുഷ്‌ക ശര്‍മയെയും തന്റെ ഹീറോ സചിന്‍ ടെണ്ടുല്‍ക്കറെയും സാക്ഷിയാക്കി വാംഖഡെയിലെ ചരിത്രവേദിയില്‍ സചിന്റെ ഇരട്ട റെക്കോര്‍ഡ് സ്വന്തമാക്കാനായത് സ്വപ്‌നം പോലെ തോന്നുന്നുവെന്ന് കോലി പറഞ്ഞു.
42ാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ സ്‌ക്വയര്‍ലെഗിലേക്ക് ഫഌക്ക് ചെയ്ത് ഡബ്ള്‍ നേടിയാണ് 106 പന്തില്‍ ഒരു സിക്‌സറും എട്ട് ബൗണ്ടറിയുമായി കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ചാടിയുയര്‍ന്ന് ആഹ്ലാദം പ്രകടിപ്പിച്ച ശേഷം കോലി ഹെല്‍മറ്റഴിച്ച് സചിനും അനുഷ്‌കയും ഇരുന്ന ഗാലറിയുടെ ഭാഗത്തേക്ക് നോക്കി തൊഴുതു. അനുഷ്‌കയും സചിന്‍ പാജിയും നോക്കിനില്‍ക്കെ റെക്കോര്‍ഡ് സ്വന്തമാക്കാനയത് സ്വപ്‌നം പോലെ തോന്നുന്നുവെന്ന് കോലി പറഞ്ഞു. ഈ സന്തോഷം വാക്കുകള്‍ക്കതീതമാണ്. പൂര്‍ണതയുള്ള ചിത്രം വരക്കാനാവശ്യപ്പെടുകയാണെങ്കില്‍ അത് ഇതുപോലെയുണ്ടാവും. 

279 ഇന്നിംഗ്‌സ്
സചിന്‍ 451 ഇന്നിംഗ്‌സിലാണ് 49 സെഞ്ചുറി നേടിയതെങ്കില്‍ കോലി 277 ഇന്നിംഗ്‌സില്‍ അതോടൊപ്പമെത്തുകയും 279ാം ഇന്നിംഗ്‌സില്‍ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. 
2003 ലെ ലോകകപ്പില്‍ സചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോര്‍ഡും എണ്‍പതിലെത്തിയപ്പോള്‍ കോലി മറികടന്നു. ആദ്യമായി ലോകകപ്പില്‍ 700 റണ്‍സ് പിന്നിടുന്ന കളിക്കാരനായി. 101.57 ശരാശരിയില്‍ 90.68 സ്‌ട്രൈക്ക് റൈറ്റില്‍ 711 റണ്‍സായി ഈ ലോകകപ്പില്‍ കോലിക്ക്. 10 കളികളില്‍ അഞ്ച് അര്‍ധ ശതകവും മൂന്ന് സെഞ്ചുറിയുമാണ് സമ്പാദ്യം. 
സെമിഫൈനലില്‍ ഒമ്പതാം ഓവറില്‍ സ്‌കോര്‍ ഒന്നിന് 71 ലുള്ളപ്പോഴാണ് ക്രീസിലെത്തിയത്. രണ്ടാമത്തെ പന്തില്‍ കനത്ത എല്‍.ബി അപ്പീല്‍ അതിജീവിച്ചു. ശുഭ്മന്‍ ഗില്ലിനൊപ്പം 86 പന്തില്‍ 93 റണ്‍സടിച്ചു, ശ്രേയസ് അയ്യര്‍ക്കൊപ്പം 128 പന്തില്‍ 163 റണ്‍സ് നേടി. 59 പന്തിലായിരുന്നു അര്‍ധ ശതകം, അടുത്ത 53 പന്തില്‍ സെഞ്ചുറി തികച്ചു. തൊണ്ണൂറുകളിലേക്ക് കടന്നതോടെ പേശിവേദന പ്രയാസപ്പെടുത്തി. 

Latest News