വിരാട്, അന്നു കാലിൽ തൊടാൻ നിർബന്ധിച്ചു; ഇന്ന് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു-സചിൻ

മുംബൈ-ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂസിലാന്റിന് എതിരെ സെഞ്ചുറി നേടിയ ഇന്ത്യയുടെ വിരാട് കോലിയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ്  ഇതിഹാസവുമായ സചിൻ ടെണ്ടുൽക്കർ. വിരാട് കോലിയെ ഇന്ത്യൻ ഡ്രസിംഗ് റൂമിൽ വെച്ച് ആദ്യമായി കണ്ടതിന്റെ ഓർമ്മ പങ്കുവെച്ചാണ് സച്ചിൻ എക്‌സിൽ കുറിപ്പിട്ടത്.

ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ എന്റെ കാലിൽ തൊടാൻ പറഞ്ഞു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. ആ കുട്ടി ഒരു 'വിരാട്' കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്- സച്ചിൻ പറഞ്ഞു. 

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ വിരാട് കോലി ഏകദിന ക്രിക്കറ്റിലെ അമ്പതാം സെഞ്ചുറി തികച്ചാണ് റെക്കോർഡിട്ടത്. (113 പന്തിൽ 117). 
സചിൻ ടെണ്ടുൽക്കറുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് സചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡ് കോലി സ്വന്തമാക്കിയത്. ഏകദിനത്തിൽ 49 സെഞ്ചുറിയാണ് സചിന്. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത സചിന്റെ റെക്കോർഡും കോലി മറികടന്നു. 2003 ലെ ലോകകപ്പിൽ സചിൻ 673 റൺസെടുത്തിരുന്നു.
 

Latest News