ഗില്ലിന് അര്‍ധ സെഞ്ചുറി, അതിവേഗത്തില്‍ ഇന്ത്യ

മുംബൈ -ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ പതിമൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 പിന്നിട്ടു. രോഹിത് ശര്‍മക്ക് അര്‍ധ ശതകം നഷ്ടപ്പെട്ടെങ്കിലും (29 പന്തില്‍ 47) സഹ ഓപണര്‍ ശുഭ്മന്‍ ഗില്‍ 41 പന്തില്‍ അര്‍ധ ശതകം തികച്ചു. ഒരു സിക്‌സറും ഏഴ് ബൗണ്ടറിയുമുണ്ട് ഗില്ലിന്റെ ഇന്നിംഗ്‌സില്‍. 
വമ്പന്‍ ഷോട്ടുകളുമായി കുതിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒമ്പതാം ഓവറില്‍ ന്യൂസിലാന്റ് പുറത്താക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 29 പന്തില്‍ 47 റണ്‍സെടുത്തു. അഞ്ചാം സിക്‌സറിനുള്ള ശ്രമത്തില്‍ മനോഹരമായി കെയ്ന്‍ വില്യംസന്‍ പിടിച്ചു. അതേ ഓവറില്‍ വിരാട് കോലിക്കെതിരെ ശക്തമായ എല്‍.ബി അപ്പീലുയര്‍ന്നെങ്കിലും റിവ്യൂയില്‍ രക്ഷപ്പെട്ടു. രോഹിത് പുറത്തായതോടെ ഗില്‍ കടിഞ്ഞാണേറ്റെടുത്തു. 
രോഹിതിന് ലോകകപ്പുകളില്‍ 50 സിക്‌സറായി. ക്രിസ് ഗയ്‌ലിനെ (വെസ്റ്റിന്‍ഡീസ്-48) മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ആദ്യ പത്തോവറില്‍ തന്നെ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറെ ഇറക്കാന്‍ ന്യൂസിലാന്റ് നിര്‍ബന്ധിതരായി. ഏഴാമത്തെ ഓവര്‍ വരെ എല്ലാ ഓവറിലും ഇന്ത്യ പന്ത് അതിര്‍ത്തി കടത്തി.
 

Latest News