മുംബൈ - ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമായിരിക്കും. സന്ധ്യാ സമയത്ത് ബാറ്റ് ചെയ്യുക വളരെ പ്രയാസമാണ്. ചെയ്‌സ് ചെയ്യുന്ന ടീം ആദ്യ പതിനഞ്ചോവറില്‍ ടെസ്റ്റ് ക്രിക്കറ്റിലേതു പോലെ സൂക്ഷിച്ച് ബാറ്റ് ചെയ്യേണ്ടി വരും. പുതിയ പന്ത് ഫ്‌ലഡ്‌ലൈറ്റില്‍ കൂടുതല്‍ സ്വിംഗ് ചെയ്യും, സീം ചെയ്യും. ആദ്യം ബാറ്റ് ചെയ്യുമ്പോഴും ചെയ്‌സ് ചെയ്യുന്ന ഘട്ടത്തില്‍ 20 ഓവര്‍ കഴിഞ്ഞാലും സ്‌കോറിംഗ് എളുപ്പമാണ്.
വാംഖഡെയില്‍ ഈ ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ ആറിന് 357 ആണ്. ചെയ്‌സ് ചെയ്യുന്ന ടീമിന്റേത് ഒമ്പതിന് 188 ഉം. ചെയ്‌സ് ചെയ്യുന്ന ടീമിന്റെ ശരാശരി ഉയരാന്‍ കാരണം ഗ്ലെന്‍ മാക്‌സ്‌വെലിന്റെ ഒരു അവിശ്വസനീയ ഇന്നിംഗ്‌സാണ്. പവര്‍പ്ലേ സ്‌കോര്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ശരാശരി ഒന്നിന് 52, ചെയ്‌സ് ചെയ്യുമ്പോള്‍ നാലിന് 42.
ചെയ്‌സ് ചെയ്യുമ്പോള്‍ പത്തോവര്‍ കഴിഞ്ഞാല്‍ സ്വിംഗ് നിയന്ത്രണവിധേയമാവും. സീം മൂവ്‌മെന്റ് പതിനഞ്ചോവറോളം നീണ്ടുനില്‍ക്കും. ഇരുപതോവര്‍ കഴിയുന്നതോടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്‌സിലേതു പോലെ അനായാസമാവും.
ഇന്ത്യക്ക് അഞ്ച് ബൗളര്‍മാരേയുള്ളൂ. ഇതില്‍ രവീന്ദ്ര ജദേജയെ കൈകാര്യം ചെയ്യാനായിരിക്കും ന്യൂസിലാന്റ് ശ്രമിക്കുക. ന്യൂസിലാന്റ് നിരയില്‍ ആദ്യ ഏഴില്‍ നാല് ഇടങ്കൈയന്മാരുണ്ട്. ഇന്ത്യയുടെ ആദ്യ ആറും വലങ്കൈയന്മാരാണ്. ജദേജ ബൗളിംഗിന് വരുമ്പോഴേക്കും ഇടങ്കൈയന്മാരായ ഓപണര്‍മാരെ പുറത്തായിക്കാണാന്‍ ഇന്ത്യ ആഗ്രഹിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ നഷ്ടം അനുഭവപ്പെടുക ഈ ഘട്ടത്തിലാണ്.
ഇന്ത്യ ലക്ഷ്യം വെക്കുക രചിന്‍ രവീന്ദ്രയുടെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും ബൗളിംഗാണ്. മുന്‍നിര ബൗളര്‍മാരെ നേരത്തെ ഉപയോഗിക്കാന്‍ ഇത് കിവീസിനെ നിര്‍ബന്ധിതമാക്കും. മിച്ചല്‍ സാന്റ്‌നര്‍ക്ക് വിക്കറ്റ് സമ്മാനിക്കാതിരിക്കാനും ശ്രമിക്കും.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ രോഹിത് ശര്‍മയെ എളുപ്പം പുറത്താക്കാനാണ് ന്യൂസിലാന്റ് ശ്രമിക്കുക. രോഹിതാണ് ഇന്ത്യന്‍ കുതിപ്പിന് തുടക്കമിടുന്നത്. വിരാട് കോലിയെ ഒരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കാന്‍ ഇതാണ് സഹായിക്കുന്നത്. രോഹിതിനെ എളുപ്പം പുറത്താക്കിയാല്‍ കോലിയില്‍ സമ്മര്‍ദ്ദമേറും.






