അധികമാരുടെയും ശ്രദ്ധ പതിയാതെ അടുക്കളപ്പുറത്ത് ഒതുങ്ങിനിന്ന പപ്പായയുടെ മഹത്വം മലയാളികൾ മനസ്സിലാക്കിയത് ഡങ്കിപ്പനി വ്യാപകമായപ്പോഴാണ്. തൊടിയിൽ പഴുത്ത് വീണ് കിടന്ന പപ്പായ വിപണിയിൽ താരമായത് ഡങ്കിപ്പനിയുടെ വിളയാട്ടത്തിന് ശേഷമാണ്. പ്രത്യേക വളമോ കരുതലോ ഇല്ലാതെ തന്നെ മരം നിറയെ പൂത്തു തൂങ്ങുന്ന പപ്പായ പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഔഷധമാണ്. മധ്യ അമേരിക്കയിൽ നിന്നുമെത്തിയ പപ്പായ നമ്മുടെ തൊടിയിലും പറമ്പിലും തനിയെ മുളച്ച് പൊന്തുന്ന ചെടിയാണ്. കേരളത്തിൽ പല പ്രദേശങ്ങളിൽ പല പേരുകളിലാണ് ഈ പഴം അറിയപ്പെടുന്നത്. ഓമയ്ക്കയെന്നും കർമൂസയെന്നും കൊപ്പയ്ക്കയെന്നും വിളിപ്പേരുള്ള ഫലം കാത്സ്യം, പ്രോട്ടീൻ, അന്നജം എന്നിവയാൽ സമ്പന്നമാണ്.
ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. ഫോളിക് ആസിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻസി, വിറ്റാമിൻ എ , ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പച്ചക്കായകൊണ്ട് പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത് മലയാളികളുടെ ഇടയിൽ സാധാരണമാണ്. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്‌ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാർത്ഥമാണിത്. പച്ച പപ്പായ ചെറു കഷ്ണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്‌കരിച്ച് തയാറാക്കുന്ന ടൂട്ടിഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു.
പപ്പൈൻ എന്ന പ്രോട്ടിയസ് എൻസൈമിനാൽ സമൃദ്ധമാണ് പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ പച്ചക്കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകും. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പൈൻ കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്. പച്ച പപ്പായയുടെ കറ ഗർഭിണികൾക്ക് ദോഷകരമാണെന്ന് പറയപ്പെടുന്നുണ്ട്. ഈ കറ ഇറച്ചി സംസ്‌കരിക്കുന്നതിനും ച്യൂയിംഗം പോലുള്ളവ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
തൊടിയിലെ ഔഷധം
ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും പപ്പായക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേഌവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും മനുഷ്യ ശരീരത്തിന് ഗുണകരമാണ്. കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്.
1. കുട്ടികളിലെ കൃമിശല്യം ഒഴിവാക്കാൻ പച്ച പപ്പായ നല്ലതാണ്.
2. ആർത്തവം കൃത്യമല്ലാത്തവർക്കും അമിത വേദനയുള്ളവർക്കും പച്ച പപ്പായ കുരുവും കറയും കളയാതെ ഇടിച്ചുപിഴിഞ്ഞ് നല്കുക.
3. പഴുത്ത പപ്പായ പതിവായി കഴിക്കുന്നത് ലൈംഗീക ശേഷി വർധിപ്പിക്കും.
4. പപ്പായ ദിവസവും കഴിക്കുന്നത് സ്തനാർബുദത്തെ ചെറുക്കാൻ നല്ലതാണ്.
5. പപ്പായ ദിവസവും കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കും.
6. ഞരമ്പു വേദനയുള്ളവർ പപ്പായ ഇല വാട്ടിയെടുത്ത് ചൂടു പിടിക്കുക.
7. പല്ലു വേദനയുണ്ടാവാതിരിക്കാൻ പപ്പായ സ്ഥിരമായി കഴിക്കുക.
8. പുഴുക്കടി മാറാൻ നാട്ടുവൈദ്യന്മാർ പപ്പായക്കുരു അരച്ചു പുരട്ടാൻ നല്കാറുണ്ട്.
9. കാഴ്ച ശക്തി നന്നായി നിലനിർത്താൻ പപ്പായ സ്ഥിരമായി കഴിക്കുക.
10. ചർമ്മത്തിന്റെ മൃദുലതയും സൗന്ദര്യവും നിലനിർത്താൻ പപ്പായ സഹായിക്കും.
ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലഭിക്കുന്ന പപ്പായ ആന്ധ്ര മേഖലയിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലും സാമാന്യം നല്ല രീതിയിലുള്ള പപ്പായ കൃഷിയുണ്ട്. കേരളത്തിൽ വിപണിക്കു വേണ്ടിയുള്ള കൃഷി കുറവാണെങ്കിലും പപ്പായ ചെടിയില്ലാത്ത വീടുകളും തൊടികളും കുറവായിരിക്കും.