മുംബൈ - പരിക്കു കാരണം ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും കളിക്കില്ല. ഈ മാസം 23 നാണ് അഞ്ചു മത്സര പരമ്പര ആരംഭിക്കുക. ലോകകപ്പ് ഫൈനലിന് നാലു ദിവസത്തിനു ശേഷം. 15 നാണ് ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പ് ഫൈനല്‍ ദിനത്തില്‍.
ഒക്ടോബര്‍ 19 ന് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാര്‍ദിക്കിന്റെ കാലിന് പരിക്കേറ്റത്. ഒരു കളിയില്‍ വിശ്രമിച്ച ശേഷം തിരിച്ചുവരുമെന്നാണ് പറഞ്ഞതെങ്കിലും അത് നീണ്ടുപോവുകയും ഒടുവില്‍ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണയെ പകരം ടീമിലെടുത്തു.
ലോകകപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം കളിക്കാരും ഓസ്‌ട്രേലിയക്കെതിരെ കളിക്കില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ ഋതുരാജ് ഗെയ്കവാദ് ഉള്‍പ്പെടെ കളിക്കാര്‍ക്ക് അവസരം നല്‍കും. യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവര്‍ ആ ടീമിലുണ്ട്. വി.വി.എസ് ലക്ഷ്മണായിരിക്കും കോച്ച്.






