ഇന്ത്യ കളി കുവൈത്തില്‍, മൂന്ന്  ടീമുകള്‍ക്ക് സൗദി ഹോം വേദി

ജിദ്ദ - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ട് മത്സരങ്ങളുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച ആരംഭിക്കും. ഗ്രൂപ്പ് എ-യില്‍ ഇന്ത്യന്‍ ടീം കുവൈത്ത് സിറ്റിയില്‍ കുവൈത്തിനെ നേരിടും. സൗദി അറേബ്യയില്‍ മൂന്ന് കളികളുണ്ട്. ജിദ്ദയില്‍ സിറിയയുടെ ഹോം മത്സരം നടക്കും, ഗ്രൂപ്പ് ബി-യില്‍ വടക്കന്‍ കൊറിയയെയാണ് സിറിയ നേരിടുക. ഗ്രൂപ്പ് ജി-യില്‍ സൗദി അറേബ്യയുടെ ആദ്യ കളി ഹുഫൂഫിലാണ്, പാക്കിസ്ഥാനെയാണ് സൗദി നേരിടുക. ഗ്രൂപ്പ് എച്ചില്‍ യെമന്റെ കളികള്‍ക്കും സൗദിയാണ് വേദിയൊരുക്കുന്നത്. അബഹയില്‍ യെമന്‍ ബഹ്‌റൈനെ നേരിടും. 
ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ മത്സരം ദോഹയിലാണ്, ഖത്തറും അഫ്ഗാനിസ്ഥാനും തമ്മില്‍. അഫ്ഗാനിസ്ഥാന്റെ 18 കളിക്കാര്‍ അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കളി ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സൗദിയുള്‍പ്പെടുന്ന ഗ്രൂപ്പ് ജി-യിലെ രണ്ടാമത്തെ കളി താജിക്കിസ്ഥാനും ജോര്‍ദാനും തമ്മില്‍ ദുഷാന്‍ബെയില്‍ അരങ്ങേറും. ഗ്രൂപ്പ് ഐ-യില്‍ ഫലസ്തീന്‍ ഷാര്‍ജയില്‍ ലെബനോനുമായി ഏറ്റുമുട്ടും. കുവൈത്താണ് ഫലസ്തീന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയൊരുക്കുക. ദുബായില്‍ യു.എ.ഇ ഗ്രൂപ്പ് എച്ചില്‍ നേപ്പാളിനെ നേരിടും. 
റെക്കോര്‍ഡായ എട്ട് ഏഷ്യന്‍ ടീമുകളാണ് 2026 ലെ ലോകകപ്പില്‍ കളിക്കുക. ഒരു പ്ലേഓഫ് ബെര്‍ത്തുമുണ്ട്. ഒമ്പത് ഗ്രൂപ്പുകളിലായാണ് രണ്ടാം ഘട്ടം. 18 ടീമുകള്‍ അവസാന ഘട്ടത്തിലേക്ക് മുന്നേറും. 
ജപ്പാന്‍ തുടര്‍ച്ചയായ എട്ടാമത്തെ ലോകകപ്പിനാണ് യോഗ്യത നേടാന്‍ ശ്രമിക്കുക. മ്യാന്മറുമായാണ് അവരുടെ ആദ്യ കളി. യൂറോപ്പിലെ സന്നാഹ മത്സരങ്ങളില്‍ ജര്‍മനിയെ 4-1 നും തുര്‍ക്കിയെ 4-2 നും ഞെട്ടിച്ചാണ് അവര്‍ ഒരുങ്ങിയത്. മുന്‍ ജര്‍മന്‍ താരം യൂര്‍ഗന്‍ ക്ലിന്‍സ്മന്‍ കോച്ചായി വന്ന ശേഷം തുടക്കത്തില്‍ പരുങ്ങിയ തെക്കന്‍ കൊറിയയും ഫോമിലെത്തിയിട്ടുണ്ട്. സൗദിയെയും തുനീഷ്യയെയും അവര്‍ സന്നാഹ മത്സരത്തില്‍ തോല്‍പിച്ചു. ബംഗ്ലാദേശിനെതിരെയാണ് ഓസ്‌ട്രേലിയ തുടങ്ങുക. ചൈനക്കും തായ്‌ലന്റിനും പ്രയാസകരമായ ഗ്രൂപ്പുകളാണ്. 

Latest News