ന്യൂദല്‍ഹി - ഒട്ടും പ്രതീക്ഷിക്കാതെയാണ് 1983 ലെ ലോകകപ്പ് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയത്. അന്ന് ലോഡ്‌സ് ഗ്രൗണ്ടില്‍ ഇന്ത്യക്കാരില്‍ പലരും ഇന്നിംഗ്‌സ് ഇടവേളയില്‍ സ്ഥലം വിട്ടിരുന്നു. 40 വര്‍ഷത്തിനിപ്പുറം ആ ചരിത്രം ആവര്‍ത്തിക്കരുതേയെന്നായിരിക്കും ഇന്ത്യന്‍ ആരാധകരുടെ ആഗ്രഹം. ഇത്തവണ ഇന്ത്യ കിരീടം നേടിയില്ലെങ്കിലായിരിക്കും അദ്ഭുതം. ഇന്ത്യയോട് കിടപിടിക്കാവുന്ന ഏക ടീം വേള്‍ഡ് ഇലവനായിരിക്കുമെന്ന് വസീം അക്രം അഭിപ്രായപ്പെട്ടിരുന്നു.
നാലു വര്‍ഷം മുമ്പും ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്, ആതിഥേയരായ ഇംഗ്ലണ്ടിനോട്. റണ്‍റെയ്റ്റില്‍ പാക്കിസ്ഥാനെ മറികടന്ന് കഷ്ടിച്ച് സെമിയില്‍ കടന്നുകൂടിയ ന്യൂസിലാന്റ് പക്ഷെ സെമിയില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു.
1983 ല്‍ വെസ്റ്റിന്‍ഡീസിന് വിനയായത് ഇന്ത്യയെ ലാഘവത്തോടെ കണ്ടതാണെന്ന് വിക്കറ്റ്കീപ്പര്‍ സെയ്ദ് കിര്‍മാനി പറയുന്നു. ഇന്ത്യ ചാമ്പ്യന്മാരെ പോലെയാണ് കളിക്കുന്നതെന്നും എന്നാല്‍ അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റെന്നും കിര്‍മാനി ഓര്‍മിപ്പിച്ചു. ആ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്ന റോജര്‍ ബിന്നിയാണ് ഇപ്പോള്‍ ബി.സി.സി.ഐ അധ്യക്ഷന്‍. കിരീട സാധ്യത കല്‍പിക്കപ്പെട്ട ഓസ്‌ട്രേലിയയെ അന്ന് ഇന്ത്യ സെമിയില്‍ അനായാസം തോല്‍പിച്ചിരുന്നുവെന്ന് ബിന്നി ഓര്‍ക്കുന്നു.
1983 ലെയും 2023 ലെയും ടീമുകളുടെ സമാനത മികച്ച ബൗളിംഗ് നിരയാണെന്ന് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ആയാസ് മേമന്‍ അഭിപ്രായപ്പെടുന്നു. 2013 ലെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഒരു ആഗോള ട്രോഫിക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. കഴിഞ്ഞ സെമിഫൈനലില്‍ 18 റണ്‍സിന് ഇന്ത്യയെ തോല്‍പിച്ച ന്യൂസിലാന്റ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും ഇന്ത്യയെ കീഴടക്കി.
2019 ലെ സെമിയില്‍ കളിച്ച അഞ്ചു പേര്‍ ഇന്ത്യന്‍ ടീമിലുണ്ട് -രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവര്‍. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്റിനെ നാലു വിക്കറ്റിന് ഇന്ത്യ കീഴടക്കി. ഡാരില്‍ മിച്ചലിന്റെ സെഞ്ചുറിയോടെ മുന്നേറിയെ ന്യൂസിലാന്റിനെ 273 ലൊതുക്കിയത് മുഹമ്മദ് ഷമിയാണ് (5-54). പിന്നീട് ഇന്ത്യന്‍ മുന്‍നിര മുട്ടുകുത്തിയെങ്കിലും കോലിയും (95) ജദേജയും (39 നോട്ടൗട്ട്) പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ ചുമലിലേറ്റി.
സെമിഫൈനല്‍ ക്യാപ്റ്റന്റെ ഹോം ഗ്രൗണ്ടായ മുംബൈ വാംഖഡെയിലാണ്. ഇവിടെയാണ് ശ്രീലങ്കയെ ഇന്ത്യ 55 ന് പുറത്താക്കിയത്.






