നാല് ടീം, മൂന്ന് കളി, ഒരു ട്രോഫി

മുംബൈ - 39 ദിവസവും 45 കളികളും അവസാനിച്ചപ്പോള്‍ ലോകകപ്പില്‍ അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രം. രണ്ട് മുന്‍ ചാമ്പ്യന്മാര്‍, കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ തോറ്റ ടീം, ആദ്യമായി ഫൈനല്‍ കളിക്കാനാഗ്രഹിക്കുന്ന ഒരു ടീം. രണ്ട് സെമിഫൈനലും ഒരു ഫൈനലും കഴിഞ്ഞാല്‍ പുതിയ ചാമ്പ്യന്മാരെ അറിയാം. 
ഒമ്പത് കളികളും ജയിച്ച തിണ്ണബലവുമായാണ് ആതിഥേയരായ ഇന്ത്യ സെമിഫൈനലിന് ഇറങ്ങുക. കഴിഞ്ഞ മൂന്നു ലോകകപ്പും ജയിച്ചത് ആതിഥേയ ടീമുകളാണെന്ന റെക്കോര്‍ഡും ഇന്ത്യക്ക് അനുകൂലം, അതിലൊന്ന് 2011 ല്‍ ഇന്ത്യയാണ്. ആദ്യ രണ്ട് കളിയില്‍ കാലിടറിയ ശേഷം തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചു റെക്കോര്‍ഡ് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ഫോമനുസരിച്ചാണെങ്കില്‍ ഈ ടീമുകള്‍ ലോകകപ്പിന്റെ ഫൈനല്‍ കളിക്കണം. ഫോമനുസരിച്ചാണെങ്കില്‍ ഈ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടണം. അതൊഴിവാക്കാനുള്ള ശ്രമത്തിലായിരിക്കും ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക. എന്നാല്‍ വന്‍ ടൂര്‍ണമെന്റുകളിലെ നിര്‍ണായക മത്സരങ്ങളില്‍ കാലിടറുന്ന പതിവുണ്ട് അവര്‍ക്ക്. ഇതുവരെ ലോകകപ്പില്‍ ഫൈനല്‍ കളിച്ചിട്ടുമില്ല. ഏകദിനങ്ങളിലും ട്വന്റി20യിലും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് നിരാശപ്പെടുത്തിയത്. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിനോട് തോറ്റതിന്റെ ക്ഷീണത്തില്‍ നിന്ന് അവര്‍ക്ക് കരകയറാനായില്ല. അവസാന രണ്ട് കളികളില്‍ നെതര്‍ലാന്റ്‌സിനെയും പാക്കിസ്ഥാനെയും തോല്‍പിക്കുന്നതുവരെ 10 ടീമുകളില്‍ പത്താം സ്ഥാനത്തായിരുന്നു അവര്‍. 
1992 ലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന് അവസാന മത്സരം വരെ സെമി ഫൈനല്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പ്രതിഭക്കൊത്ത കളി കാഴ്ചവെക്കാന്‍ സാധിച്ചില്ല. 
1983 ലെയും 2011 ലെയും ചാമ്പ്യന്മാരായ ഇന്ത്യക്ക് കിരീടത്തില്‍ കുറഞ്ഞ എല്ലാം നിരാശയായിരിക്കും. ഓസ്‌ട്രേലിയയെയും പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമൊക്കെ അനായാസമാണ് ഇന്ത്യ മറികടന്നത്. ഏറ്റവും പ്രയാസപ്പെട്ടത് ന്യൂസിലാന്റിനെ തോല്‍പിക്കാനായിരുന്നു. അഫ്ഗാനിസ്ഥാന്‍, നെതര്‍ലാന്റ്‌സ് ടീമുകളും ഇന്ത്യയോട് പൊരുതിനിന്നു. 
വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ നഷ്ടപ്പെട്ടതും അതുവഴി പ്ലേയിംഗ് ഇലവനില്‍ ഇരട്ട മാറ്റം വരുത്തേണ്ടി വന്നതുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്ന കാര്യമായ പരീക്ഷണം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ പകരം മുഹമ്മദ് ഷമി കളിച്ചത് ബൗളിംഗ് ശക്തിപ്പെടുത്തി. വിരാട് കോലി റണ്‍കൊയ്ത്തില്‍ ഒന്നാമതാണ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാമതും. ഏറ്റവും മികച്ച സ്‌ട്രൈക്ക്‌റൈറ്റ് രോഹിതിനാണ്. ആറ് മുന്‍നിര ബാറ്റര്‍മാരില്‍ നാലു പേരും സെഞ്ചുറിയടിച്ചു. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ അഞ്ചാമതാണ് (17 വിക്കറ്റ്). മുഹമ്മദ് ഷമിയും (16) രവീന്ദ്ര ജദേജയും (15) തൊട്ടുപിന്നിലുണ്ട്. ഒമ്പത് വേദികളിലാണ് ജയിച്ചത് എന്നത് ഇന്ത്യയുടെ പ്രകടനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. 
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് സെമിഫൈനലില്‍ തടയിട്ട ടീമാണ് ന്യൂസിലാന്റ്. ഇത്തവണയും അവര്‍ക്കാണ് ദൗത്യം. ആദ്യ നാലു കളികളും ജയിച്ച ന്യൂസിലാന്റ് തുടര്‍ന്നുള്ള നാലു മത്സരങ്ങളും തോറ്റിരുന്നു. ശ്രീലങ്കയെ തോല്‍പിച്ചാണ് ഒടുവില്‍ സെമിയുറപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം സെമി കളിക്കുന്ന ഹാട്രിക് ഫൈനലാണ് ലക്ഷ്യമിടുന്നത്. 
ഓപണര്‍ ഡേവിഡ് വാണറും സ്പിന്നര്‍ ആഡം സാംപയുമാണ് ഓസ്‌ട്രേലിയയുടെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. 22 വിക്കറ്റുമായി സാംപയാണ് ഒന്നാം സ്ഥാനത്ത്. ഏതു ലക്ഷ്യവും അസാധ്യമല്ലെന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍ തെളിയിച്ചിട്ടുണ്ട്. നെതര്‍ലാന്റ്‌സിനെതിരെ 40 പന്തിലാണ് മാക്‌സ്‌വെല്‍ സെഞ്ചുറിയടിച്ചത്. അഫ്ഗാനിസ്ഥാനെതിരെ 128 പന്തില്‍ പുറത്താവാതെ 201 റണ്‍സും. 
തങ്ങളുടേതായ ദിനത്തില്‍ വെടിക്കെട്ടുകളുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ കഴിയുന്നവരാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍നിര. ക്വിന്റന്‍ ഡികോക്ക് റണ്‍കൊയ്ത്തില്‍ രണ്ടാം സ്ഥാനത്താണ്. ആറ് മുന്‍നിര ബൗളര്‍മാരില്‍ രണ്ടു പേര്‍ ദക്ഷിണാഫ്രിക്കക്കാരാണ്. ലഖ്‌നോയില്‍ അവര്‍ ഓസ്‌ട്രേലിയയെ 177 ന് ഓളൗട്ടാക്കിയിട്ടുണ്ട്. 2007 ലും 1999 ലും ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. 

Latest News