Sorry, you need to enable JavaScript to visit this website.

ഇന്ത്യാ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം; രണ്ടായിരത്തോളം പേര്‍ ഇന്ത്യയിലെത്തി

നെയ്പിഡോ- ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തി സംസ്ഥാനത്ത് സൈനികരും ദേശീയവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെ മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തി കടന്ന ഇന്ത്യയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. 

ഭരണത്തിലിരിക്കുന്ന സൈനിക കൗണ്‍സിലും പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സും (പി. ഡി. എഫ്) തമ്മില്‍ രൂക്ഷമായ  വെടിവയ്പാണുണ്ടായതെന്ന് മ്യാന്മാറിലെ ചിന്‍ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന മിസോറമിലെ ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ജെയിംസ് ലാല്‍റിഞ്ചാന പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു.

ചിന്‍ സംസ്ഥാനത്തെ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങള്‍ പി. ഡി. എഫ് ആക്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതോടെയാണ് രണ്ടായിരത്തിലധികം പേര്‍ അതിര്‍ത്തി കടന്ന് ചമ്പായി ജില്ലയിലെ സോഖാവ്തറില്‍ അഭയം പ്രാപിച്ചതെന്നാണ് ലാല്‍റിഞ്ചാന പറഞ്ഞത്. 

വെടിവെപ്പിനെ തുടര്‍ന്ന് പരിക്കേറ്റ 17 പേരെ ചികില്‍സയ്ക്കായി ചമ്പായിയില്‍ എത്തിച്ചു. മ്യാന്‍മര്‍ അതിര്‍ത്തിയിലെ വെടിവെയ്പില്‍ ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ട നേരത്തെ സോഖാവ്തറില്‍ താമസിച്ചിരുന്ന മ്യാന്മറില്‍ നിന്നും ഇന്ത്യയിലുള്ള 51കാരന് ഏറ്റ് കൊല്ലപ്പെട്ടുവെന്നും ലാല്‍റിഞ്ചാന പറഞ്ഞു.

ചമ്പായി, സിയാഹ, ലോങ്ട്‌ലായ്, സെര്‍ച്ചിപ്പ്, ഹ്നഹ്തിയാല്‍, സെയ്തുവല്‍ എന്നീ മിസോറം ജില്ലകള്‍ മ്യാന്മറിലെ ചിന്‍ സംസ്ഥാനവുമായി 510 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.

ചിന്‍ നാഷണല്‍ ആര്‍മിയുടെ അഞ്ച് സൈനികര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി സോഖാവ്ത്തര്‍ വില്ലേജ് കൗണ്‍സില്‍ പ്രസിഡന്റ് ലാല്‍മുആന്‍പുയ പി. ടി. ഐയോട് പറഞ്ഞു.

മിസോറാം ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 31,364 മ്യാന്മര്‍ പൗരന്മാരാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലാണുളളത്. മറ്റുള്ളവര്‍ മിസോറാമിലെ അവരുടെ  ബന്ധുക്കള്‍ക്കൊപ്പവും ചിലര്‍ വാടക വീടുകളിലും താമസിക്കുന്നുണ്ട്. മിസോറാമില്‍ അഭയം പ്രാപിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ മിസോകളുമായി വംശീയ ബന്ധം പങ്കിടുന്ന ചിന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്.

Latest News