അവനെ ടീമിലെടുത്തത് ബൗളറായി - രോഹിതിന്റെ കോച്ച്

മുംബൈ - രോഹിത് ശര്‍മയെ താന്‍ ആദ്യം ടീമിലെടുത്തത് ബൗളിംഗ് മികവ് കണ്ടിട്ടാണെന്ന് ബാല്യകാല കോച്ച് സിദ്ധേഷ് ലാഡ്. മുന്‍ റെയില്‍വെ ജീവനക്കാരനായ ലാഡ് 30 വര്‍ഷത്തെ കരിയറില്‍ ശാര്‍ദുല്‍ താക്കൂര്‍, മഖായ എന്റ്റീനിയുടെ മകന്‍ താണ്ടി എന്റ്റീനി എന്നിവരുള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. പിതാവിനെപ്പോലെയാണ് തനിക്ക് അദ്ദേഹമെന്ന് ശാര്‍ദുല്‍ പറഞ്ഞിരുന്നു. താണ്ടിക്ക് നല്‍കുന്ന സ്‌നേഹത്തിന് മഖായ നന്ദി പ്രകാശിപ്പിച്ചിരുന്നു. 
ബോറിവലിയിലെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ കോച്ചായിരുന്നു ലാഡ്. 1999 ലെ സ്‌കൂള്‍ സമ്മര്‍ ക്യാമ്പില്‍ പന്ത്രണ്ടുകാരനായ രോഹിതിനെ ലാഡ് ശ്രദ്ധിച്ചത്. പത്തോവര്‍ മത്സരത്തില്‍ തങ്ങള്‍ തോല്‍പിച്ച ടീമിലായിരുന്നു രോഹിത്. രോഹിതിന്റെ ബൗളിംഗ് കണ്ട് അവനെ സ്വാമി വിവേകാനന്ദ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ ലാഡ് ശ്രമിച്ചു. ഫീസ് താങ്ങാനാവില്ലെന്നു പറഞ്ഞ് രോഹിതിന്റെ അമ്മാവന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. ഒടുവില്‍ ഫീസ് ഇളവ് നല്‍കുകയായിരുന്നു. 
ഏതാനും വര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായാണ് രോഹിതിന്റെ ബാറ്റിംഗ് കഴിവ് കോച്ചിന്റെ ശ്രദ്ധയില്‍ പെടുന്നത്. ബാറ്ററെന്ന നിലയില്‍ രോഹിതിന് വലിയ കോച്ചിംഗൊന്നും വേണ്ടിവന്നിട്ടില്ലെന്ന് ലാഡ് പറയുന്നു. 
നെതര്‍ലാന്റ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ രോഹിത് ആദ്യ ഓവറില്‍ വിക്കറ്റെടുത്തിരുന്നു. ഐ.പി.എല്ലില്‍ ഹാട്രിക്കിനുടമയാണെങ്കിലും ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ അപൂര്‍വമായേ രോഹിത് ബൗള്‍ ചെയ്യാറുള്ളൂ.
 

Latest News